വാമനന്‍

കൊല്ലപ്പെടുമ്പോള്‍ അഭയയ്ക്കു ഇരുപത്തി രണ്ടു വയസ് . കൊല്ലപ്പെട്ടിട്ട് ഇരുപത്തിയാറ് വര്‍ഷവും .താന്‍ ജീവിച്ചിരുന്നതിലുമേറെക്കാലം തന്റെ കൊലക്കേസിട്ടു പൂച്ച തട്ടിക്കളിക്കുന്ന ഒരു നീതിനിര്‍വഹണ വ്യവസ്ഥ കണ്ടു കുഴിമാടത്തില്‍ കിടന്നവര്‍ കരയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടാവില്ലേ ?നാമൊക്കെ മുന്‍വിധിയോടെ കാത്തിരിക്കുന്നയാ ദുര്‍വിധി കേള്‍ക്കാനായി അവളുടെ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് കാഴ്ചയും കേള്‍വിയും ഉണ്ടാകുമോ ,കറുപ്പും വെളുപ്പും തിരിച്ചറിയനാകുമോ ?അതിന്റെ വിധിയില്‍ ഉല്‍സുകരായിരുന്ന എത്രയെത്രയോ പേര്‍ ഇതിനകം ഈലോക വിധികള്‍ക്കപ്പുറത്തുള്ളൊരു ലോകത്തേക്ക് പോയ്മറഞ്ഞിട്ടുണ്ടാവും ?വാദിയും പ്രതിയും ,വക്കീലും ഗുമസ്തനും വിധിപറയുന്നവനും വിധി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നവനുമൊക്കെ ചത്തുകെട്ടു പോയിട്ടും ആരുടെയൊക്കെയോ ചാവടിയന്തിരം കഴിയുന്നത് കൂടി കാത്തിരിക്കുന്നയൊരു നീതിനിര്‍വഹണം .

സായ്പ്പുമാര്‍ തുന്നിക്കൊടുത്ത പിഞ്ചിപ്പഴകിയ കോട്ടും ചമയങ്ങളുമിട്ടു, അവരൊരുക്കിയ രംഗമണ്ഡപങ്ങളിലും ചൊല്ലിപ്പഠിപ്പിച്ച വാക്കുകളിലുമൊന്നും വള്ളിപുള്ളി വ്യത്യാസം വരുത്താതെ ,സമൂഹാര്‍ജിതമായൊരു അധികാരത്തിന്റെ നിര്‍വഹണം മാത്രമാണ് തങ്ങളുടെ ദൗത്യം എന്നതും മറന്നു ,അഭയയെയും നിര്‍ഭയയെയും ,ആര്യയെയും അനാര്യയെയും ,അമ്മാളുവിനെയും അന്തര്‍ജനത്തിനെയും , ശാരിയെയും ശാലുവിനെയും ,സരിതയെയും സവിതയെയും ,സുന്ദരിയെയും സുശീലയെയും ,സന്ധ്യയെയും സൗമ്യയെയും ,നളിനിയെയും നളിനാക്ഷിയമ്മയെയും ,രമയെയും രമണിയെയും ,സുനന്ദയെയും പുഷ്കലയെയും ,റജിനയെയും റഹ്മത്തിനെയും ,സൂര്യയെയും സൂര്യനെല്ലിയേയും ,ഭാവനയെയും ഭവാനിയമ്മയെയും ,ഐശ്വര്യയെയും ഐസ് ക്രീമിനെയും ഐ എ എസിനെയും ഐ പി എസ് നേയും ,ശ്വേതയെയും ശ്രേയയെയും ,ജിഷയെയും നിഷയെയും ,നാണിയെയും നാരായണിയമ്മയെയും ,അയല്‍വാസിയേയും അടുത്തുകൂടി പോകുന്നവരെയും ,അമ്മപെങ്ങള്‍ വ്യത്യാസമില്ലാതെ –നേര്‍ക്കു നിന്നവരെ നേരത്തോടുനേരം നോക്കി തെക്കോട്ടെടുത്തും ,നോക്കിനില്‍ക്കുന്ന നമ്മെ കുതറുന്നവരുടെ കൈ കാല്‍ പിടിക്കുന്നവരും ,തല്‍സമയ വിവരണക്കാരും ,കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുമാക്കിയും — കൂട്ടബലാല്‍സംഗം ചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന പള്ളിയും പട്ടക്കാരും ,മത, സമുദായ രാഷ്‌ട്രീയ നേതാക്കളും വെച്ചു നീട്ടുന്ന കൈ’ പൊങ്ങില്ല’ യെന്ന കള്ളക്കടലാസു കൈയ്യൊപ്പിട്ടു വാങ്ങിയും ,നുണ പരിശോധകര്‍ക്കും നുണ പറഞ്ഞു പരിശീലിക്കാന്‍ അവസരം കൊടുത്തും ,അതും കഴിഞ്ഞു നുണപരിശോധനയെ ശുദ്ധ അസംബന്ധമാണെന്നു മുന്നിലെ നീതിപീഠത്തില്‍ കൊട്ടുവടി കൊണ്ടു ആഞ്ഞടിച്ചു പ്രഖ്യാപിച്ചും ,വിധിയായ വിധിയൊക്കെ മുന്‍വിധികളാക്കിയും ,അധികാരത്തോടും പണത്തോടും ഒത്താശ ചെയ്തും ഓഛാനിച്ചും ,ഒച്ചുവേഗത്തിലിഴയുന്ന നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥയുടെ ഒരു പ്രതിനിധി, ‘ വിധിക്കാന്‍ ഞങ്ങളിവിടുണ്ടെന്നു ‘ തെലുങ്കാന വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ , പൊയ്‌പോയൊരു രാജത്തത്തിന്റെ , മാടമ്പിത്തത്തിന്റെ പടിമേല്‍ കാലുയര്‍ത്തി വെച്ച ഭാഷയില്‍ നമ്മോടു പറയുമ്പോള്‍ ചിരിക്കണോ കരയണോ നാം?

എന്തെങ്കിലുമൊക്കെ സവിശേഷതകളുടെ പേരില്‍ കുറെയാളുകളെ ഒരു വേലിക്കകത്താക്കി ,അവര്‍ക്കൊരു ഭരണഘടനയും നിയമാവലിയും വ്യവസ്ഥയുമുണ്ടാക്കി ,നടത്തിപ്പിനു ഭരണ, നീതീ നിര്‍വാഹകരും പോലീസും പട്ടാളവുമൊക്കെ ഉണ്ടാകുമ്പോഴാണോ ഒരു രാഷ്ട്രമെന്നു പറയാവുന്നത് ?ശരിക്കും ഒറ്റയൊറ്റ ജീവികളല്ലേ നമ്മള്‍ ?മരമായാലും മരം കേറിയായാലും മനുഷ്യനായാലും തന്നെത്താന്‍ നോക്കിനടത്തണമെന്ന രീതിയിലല്ലേ പ്രകൃതിയുടെ രൂപകല്പന ?ഒരു പൊതുശത്രുവിനെതിരെ നിലനില്‍പ്പിനും അതിജീവനത്തിനുമായിട്ടാകണം നാല്‍ക്കാലിയായാലും നരനായാലും കൂട്ടംകൂടി തുടങ്ങിയത് .സ്വാര്‍ഥപ്രേരിതമായൊരു ഒരു ഒത്തുചേരല്‍ . ഒരു തന്‍കാര്യം . ചെറുകൂട്ടങ്ങളില്‍ ശത്രുവിനെ നേര്‍ക്കുനേര്‍ എതിര്‍ത്തെങ്കില്‍ ,രാജ്യം പോലൊരു വലിയ കൂട്ടായ്മയില്‍ അതിനായി കൂലിക്കു ആളെ വെച്ചു . അങ്ങനെ രാഷ്ട്രസംവിധാനം ഹിംസാത്മകമായി .

രാഷ്ട്രസങ്കല്പത്തോടു ചേര്‍ന്നു ജനാധിപത്യവും വന്നു . എല്ലാവരുടെയും കാര്യങ്ങള്‍ നോക്കാന്‍ ഒരാളെ തിരഞ്ഞുപിടിച്ചു ചുമതലപ്പെടുത്തുന്ന ഒരു രീതി . ഒരു കാര്യക്കാരന്‍ . ഒരു കണക്കപ്പിള്ള ഒരു പണപ്പെട്ടി സൂക്ഷിപ്പുകാരന്‍ . ജനാധിപത്യം മോശമാകുന്നു എന്നു നാം സങ്കടപ്പെടുന്നു . മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല . ഹിംസാത്മകമായൊരു രാഷ്ട്ര സംവിധാനത്തെ ചലിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ജനാധിപത്യത്തിനു അതില്‍ നിന്നും വേറിട്ടൊരു അസ്തിത്വമുണ്ടോ ? ആര്യനെന്നും ദ്രാവിഡനെന്നും , ഹിന്ദിയെന്നും അഹിന്ദിയെന്നും , ഹിന്ദുവെന്നും അഹിന്ദുവെന്നും , വടക്കെന്നും തെക്കെന്നും , മുന്‍പു ജനിച്ചതെന്നും ശേഷം ജനിച്ചതെന്നും , മുല്ലപ്പെരിയാറെന്നും കാവേരിയെന്നും , തമിഴനെന്നും മലയാളിയെന്നുമൊക്കെ പറഞ്ഞു കാര്യസാധ്യങ്ങള്‍ക്കായി തരവും തക്കവും നോക്കി നില്‍ക്കുന്നവര്‍ . അവര്‍ ഒരു പൊതുതാത്പര്യത്തിന്റെ പേരില്‍ ഒത്തുകൂടുന്നു . ഒരുവന്റെ നിലനില്പാണ് അവന്റെ ശരി . അങ്ങനെ ഒന്നിലേറെ വ്യക്തിനിഷ്ഠമായ ശരികളുടെ ഒന്നിക്കലാണ് ജനാധിപത്യം . രണ്ടു കലങ്ങിയ പുഴകള്‍ ഒന്നിക്കുന്ന ഇമ്മിണി വലിയൊരു കലങ്ങിയ പുഴ . ആളെണ്ണം അളവുകോലാക്കുന്ന രീതി . അതു കൊണ്ടു തന്നെയാവാം അതു കണ്ടെത്തുന്ന ശരികള്‍ എല്ലാവരുടെയും ശരികള്‍ ആയി അംഗീകരിക്കാന്‍ പലപ്പോഴും നാം വിമുഖത കാണിക്കുന്നത് .

അധികാരവും പണവും കൈകാര്യം ചെയ്യുന്നതെന്തും ഹിംസാത്മകമാണു . ഒരുവന്‍ മുന്നോട്ടാണോ പുറകോട്ടണോ വലത്തോട്ടാണോ ഇടത്തോട്ടാണോ ചലിക്കേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം മറ്റൊരുവനില്‍ നിക്ഷിപ്തമാകുന്നതിനല്ലേ അധികാരം എന്നു പറയുന്നത് ?അപ്പോള്‍ അതൊരു പരിമിതപ്പെടുത്തലും കവര്‍ച്ചയും ഹിംസയുമാണ് . പണവും അങ്ങനെ തന്നെ . നൂറു പേരും നൂറു പണവുമുള്ള ഒരു സമൂഹത്തില്‍ ഒരാള്‍ പത്തു പണം എടുത്താല്‍ ബാക്കി തൊണ്ണൂറു പണം കൊണ്ടു തൊണ്ണൂറ്റിയൊന്‍പതു പേരും കഴിയണം . ലളിതമായ ധനതത്വം . അതുമൊരു കവര്‍ച്ചയും പരിമിതപ്പെടുത്തലും ഹിംസയുമാണ് . ജനാധിപത്യത്തില്‍ ഒരു ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടാകുന്നുണ്ട് . ഭൂരിപക്ഷത്തിന്റെ ശരി ന്യൂനപക്ഷത്തെ അടിച്ചേല്പിക്കലാണ് പിന്നെ നടക്കുന്നത് . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തിയും കവര്‍ന്നെടുത്തുമാണ് ഇതു ചെയ്യുന്നത് . അതും ഹിംസ തന്നെയാണ് .

ക്രമമുണ്ടാക്കുന്നതിനും സമാധാനനുണ്ടാക്കുന്നതിനുമാണ് നാം
രാഷ്ട്രത്തെയും ജനാധിപത്യത്തെയുമൊക്കെ കൂട്ടു പിടിക്കുന്നത് . ക്രമവും സമാധാനവും അഹിംസയാണ് . അങ്ങനെ ഹിംസകൊണ്ടു അഹിംസ കണ്ടെത്താനുള്ള ശ്രമത്തിലാണ് നമ്മള്‍ ! ചൊറിയണം കൊണ്ടുള്ള പുറം ചൊറിച്ചില്‍. അങ്ങനെ ജനാധിപത്യത്തില്‍ നാം തിരയുന്നത് സര്‍വ്വ ലക്ഷണങ്ങളുമൊത്ത ഒരു ഹിംസകനെയാണ് !

സമൂഹജീവിതത്തിന്റെ തുടക്കം മുതല്‍ നമുക്കൊരു നേതാവുണ്ട് . ഒരു മൂപ്പന്‍ . ഒരു മുഖ്യകര്‍മ്മി . ഒരു അപ്പന്‍ സ്ഥാനി . വീടാകട്ടെ, വിദ്യാലയമാകട്ടെ ,പള്ളിയാകട്ടെ പഞ്ചായത്താകട്ടെ ഒക്കെയുമുണ്ടൊരു അപ്പന്‍സ്ഥാനീയന്‍ .ചോദ്യമില്ലാതെ തുടരുന്നൊരു ഗോത്രപാരമ്പര്യം. ക്രമവും അച്ചടക്കവും കൊണ്ടുവരിക എന്നതു തന്നെയാണു അതിന്റെ ഉദ്ദേശം .അപ്പനു അടുപ്പിലും തൂറാമെന്നും അപ്പനു മാത്രം അരിയാഹാരം എന്നും കേള്‍ക്കുമ്പോള്‍ അധികാരത്തിന്റെ ദുഷിപ്പു മണക്കുന്നുണ്ട് നമുക്ക് . ക്രമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചു ഏര്‍പ്പാടാക്കുന്ന അധികാരം എപ്പോഴും അക്രമവും അഴിവും ആകുന്നുണ്ടെന്നുള്ള പഴമയുടെ സാക്ഷിപത്രം . ജനാധിപത്യത്തില്‍ ഇന്നു നാം കേള്‍ക്കുന്ന അട്ടഹാസങ്ങളും ആക്രോശങ്ങളും ഉന്തും തള്ളും പോര്‍വിളികളുമൊക്കെ അത്തരം അപ്പനാകാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കണ്ഠങ്ങളില്‍ നിന്നാണ്‌ . വരം ചോദിക്കുന്ന വാമനനെ പ്പോലെയാണവര്‍ . ഇരുകാലടികള്‍ കൊണ്ടു ഈരേഴു പതിനാലു ലോകവും അളക്കും . പിന്നെ നമ്മുടെ ശിരസ്സിനു മുകളിലേക്ക് കാലുയര്‍ത്തും .

നമ്മുടെ ജനാധിപത്യം ലോകത്തിലെ എട്ടാമത്തെ മഹത്തായ കാഴ്ചയാണെന്നാണ് അവര്‍ പാടി നടക്കുന്നത് . പൊരുളറിയാതെ നമ്മളും അതു ഏറ്റു പാടുന്നു . നല്ല ജീവിത ചുറ്റുപാടുകള്‍ ,നല്ല ആരോഗ്യം , സന്തോഷം –ഇതൊക്കെയല്ലേ ധനാത്മകമായൊരു ജനാധിപത്യത്തില്‍ നിന്നു നാം പ്രതീക്ഷിക്കേണ്ടത് ?

നാം സ്വാതന്ത്ര്യം ആഘോഷിക്കാന്‍ തുടങ്ങിയിട്ടു എഴുപതിലേറെ വര്‍ഷങ്ങളായി എന്നറിയാതെ ഇന്നും റെയില്‍, പാതയോരങ്ങളിലും ആരാന്റെ പറമ്പിലുനൊക്കെ നിരന്നിരുന്നു തൂറുന്നവരെ കൊണ്ടും ,വീടും കൂടും ഇല്ലാത്തതു കൊണ്ടു പൊതുയിടങ്ങളിലും കടത്തിണ്ണകളിലും രാവെളുപ്പിക്കുന്നവരെ കൊണ്ടും ,തൊഴിലില്ലായ്മ വേതനം വാങ്ങാന്‍ ഇരുളും വരെ ക്യുവില്‍ നില്‍ക്കുന്നവരെക്കൊണ്ടും ,ചുറ്റോടു ചുറ്റിനും അത്യന്താധുനിക സൗകര്യങ്ങളോടെ , പ്രൗഢങ്ങളായ സ്വകാര്യ ആശുപത്രികള്‍ വന്നതറിയതെ , കണ്ണറപ്പിക്കുന്ന മലിനക്കാഴ്ചകളുമായി , തുടങ്ങിയ കാലത്തു നിന്നും ഒരിഞ്ചു പോലും മുന്നോട്ടു പോകാതെ നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ കൊണ്ടും , മലിനനഗരങ്ങളെ കൊണ്ടും, കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍പുതു പകര്‍ച്ചരോഗങ്ങളുമായി എത്തുന്ന കൊതുകുകളെ കൊണ്ടും , മലിനമായ പുഴകളെയും ജലാശയങ്ങളെയും കൊണ്ടു നിറഞ്ഞൊരു രാജ്യം ; സ്വാതന്ത്ര്യം എന്നു കൂട്ടി വായിക്കാനും എഴുതാനും അറിയാത്തതു കൊണ്ടു നല്ല ചുറ്റുപാടുകളും ,വൃത്തിയും വെടിപ്പും ,നല്ല ആരോഗ്യവും , തെളിഞ്ഞപുഴകളും ജലാശയങ്ങളും , പച്ചപ്പും സന്തോഷവുമൊക്കെയാണ് അതിന്റെ അര്‍ത്ഥമെന്നു ഇക്കഴിഞ്ഞ എഴുപതു വര്‍ഷമായും മനസ്സിലാക്കാത്ത മഹാഭൂരിപക്ഷത്തിന്റെ രാജ്യം .

ഇതര മേഖലകളിലെ മാറ്റങ്ങള്‍ പോലെ എളുപ്പമല്ല സമൂഹവ്യവസ്ഥയിലെ മാറ്റം . ഒരു വലിയ ജനതയെ ഒന്നാകെ മറ്റൊരു അച്ചിലിട്ടു വാര്‍ത്തെടുക്കുന്നൊരു പരീക്ഷണരീതി . കരിങ്കല്ലിന് കാറ്റു പിടിച്ചതു പോലെ അനക്കമറ്റു നില്‍ക്കുന്ന മറ്റു പല സമൂഹക്രമങ്ങളെയും വ്യവസ്ഥകളെയും അപേക്ഷിച്ചു അല്പം അയവുള്ളതു കൊണ്ടാവും ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും തങ്ങളുടെ വ്യവസ്ഥയെ ചലിപ്പിക്കാന്‍ ജനാധിപത്യത്തെ കൂട്ടുപിടിക്കുന്നത് .

രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയുന്നൊക്കെ വേലിക്കെട്ടിനുള്ളിലേക്കു നാം കയറിനില്‍ക്കുന്നത് സന്തോഷവും സമാധാനവുമുള്ളൊരു ജീവിതത്തിനു വേണ്ടിയാണ് . അഭയക്കും നിര്‍ഭയക്കുമൊക്കെ സ്വാതന്ത്ര്യത്തോടെ ഇറങ്ങിനടക്കാന്‍ വേണ്ടി കൂടിയാണ് .

ലോകം കടല്‍ത്തീര പോലെ മാറുകയാണ് . ശാസ്ത്രം മാറുന്നു . സാങ്കേതികവിദ്യ മാറുന്നു . നടപ്പുമുടുപ്പും മാറുന്നു . ഭക്ഷണശീലങ്ങള്‍ മാറുന്നു. സമയത്തിനും സൗകര്യങ്ങള്‍ക്കും വലിയ ശ്രദ്ധ കൊടുക്കുന്നു . എല്ലാം വേഗത്തിലാകുന്നു . വേഗതയില്ലാത്തതിനെയൊക്കെ തിരസ്കരിക്കുന്നു . മാറുന്ന ചുറ്റുപാടുകള്‍ക്കൊപ്പം മാറാനാവാത്ത ഒരു ദിനോസറും അതിജീവിക്കുന്നില്ല .

ഭരണഘടനയും നിയമവുമൊക്കെ മനുഷ്യര്‍ ഉണ്ടാക്കിയതാണ് . ജനക്ഷേമത്തിനു വേണ്ടിയാണ് . അതില്‍ തെറ്റുകള്‍ വരാം . കാലോചിതമായ വലിയ മാറ്റങ്ങള്‍ വേണ്ടിവരാം . എഴുപതുവര്ഷമായി ഒരു ജനതയെ നിന്നിടത്തു നിന്നു അനക്കാന്‍ പോലും സാധിച്ചില്ലെങ്കില്‍ , ഇരുപത്തിയാറ് വര്‍ഷമായി ഒരു പ്രമാദമായ കേസ് തീര്‍പ്പക്കാനായില്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനക്ഷമത പുനഃപരിശോധിക്കരുതോ ; വേണമെങ്കില്‍ അഴിച്ചു പണിയരുതോ?

അപ്പന്‍ ഒന്നഴിഞ്ഞാല്‍ മക്കള്‍ രണ്ടഴിയുമെന്നാണ് . രാഷ്ട്രത്തെയും ജനാധിപത്യത്തെയും അപ്പന്മാരെയുമൊക്കെ അടുത്തു നോക്കുമ്പോള്‍ നമുക്കൊന്നു കാണാം : നാം ക്രമം കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയവര്‍ തന്നെയാണ് ഏറ്റവും വലിയ അക്രമികളെന്നും , നാം നീതി നടപ്പാക്കാന്‍ ഏര്‍പ്പാടാക്കിയവര്‍ തന്നെയാണ് ഏറ്റവും വലിയ അനീതിക്കാരെന്നും, അവരെകൊണ്ടാണ് ഇക്കണ്ട അഴിവും അക്രമവും ഒക്കെയുണ്ടായിട്ടുള്ളതെന്നും .

നമുക്കും വേണ്ടേ അന്തസ്സുള്ളൊരു ജീവിതം . അപ്പന്മാര്‍ അടുപ്പില്‍ തൂറുന്നതും കണ്ടു നിശ്ശബ്ധരായി , നിസ്സംഗരായി തുടര്‍ന്നാല്‍ മതിയോ നാം ?

വിമര്‍ശനം വിട്ടു കാര്യത്തിലേക്ക് വരാം . എഴുപതു വര്‍ഷമായി ‘ജന’ത്തിനു തെല്ലു പോലും ‘ആധിപത്യ’ മില്ലാതെ തുടരുന്ന ജീര്‍ണവും പ്രഹസനവുമായ ഒരു ജനാധിപത്യ സംവിധാനത്തെയും അതിന്റെ അപ്പന്മാരെയും നിയന്ത്രിച്ചാല്‍ തന്നെ നമ്മുടെ തൊണ്ണൂറ്റിയൊമ്പത് ശതമാനം കാര്യങ്ങളും നേരെയാകും. അതിനു നമുക്കു എന്തൊക്കെ ചെയ്യാനാവും എന്നു ആലോചിക്കരൂതോ?

* ചലനാത്മകവും പ്രവര്‍ത്തനക്ഷമവും കാലോചിതവുമല്ലാത്ത ഘടനകളും നിയമങ്ങളും മാറ്റുന്നതിനെക്കുറിച്ചു ആലോചിക്കരുതോ ?

* അപ്പന്മാര്‍ അഴിമതി കാണിക്കുന്നുണ്ടോ , കൈയിട്ടു വാരുന്നുണ്ടോ , കക്കുന്നുണ്ടോ , ബഡ്ജറ്റ് ചോര്‍ത്തുന്നുണ്ടോ , സോളാര്‍ ഇടപാടുകള്‍ നടത്തുന്നുണ്ടോ , സ്വജന പക്ഷപാതവും അനാവശ്യ നിയമനങ്ങളും , അനാവശ്യ വിദേശയാത്രകളും , (അമ്പോ ,എന്തൊരു പാഴ്ചിലവ് .) അനാവശ്യ ചിലവുകളും ഉണ്ടാക്കുന്നുണ്ടോയെന്നും ദിവസ, ആഴ്ച , മാസക്കണക്കു റിപ്പോര്‍ട്ടുകള്‍ വഴി വിദഗ്ദ്ധ സമിതികള്‍ക്കും പൊതുജനത്തിനും എത്തിക്കണമെന്നു പറയരുതോ ? .(ഇന്റര്‍നെറ്റ് കാലത്ത് അതിനൊക്കെ വല്ല വിഷമവുമുണ്ടോ ?)

* അത്തരം ഏര്‍പ്പാടുകളൊക്കെ രാജ്യദ്രോഹമായി കണ്ടു ,(ഒരു നാടിനോടു മുഴുവന്‍ കാണിക്കുന്ന കൊള്ളരുതായ്മ അങ്ങനെയല്ലേ കരുതേണ്ടത്?)കഠിന ശിക്ഷകള്‍ ഏർപ്പാടാക്കരുതോ ? പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ നോക്കി ക്ഷമത പരിശോധിച്ചു മാത്രം തുടര്‍ന്നു മേല്‍ കസേരയില്‍ ഇരുത്തുന്നത് ആലോചിച്ചാല്‍ മതിയെന്നു വെച്ചു കൂടെ ?

* ഒരാളെയും മൂന്നു വര്‍ഷത്തിലേറെ ഒരു കസേരയിലും ഇരുത്താന്‍ പാടില്ല എന്നു ശഠിച്ചു കൂടെ ?(കഴിവും പ്രാപ്തിയുമുള്ള കോടാനുകോടി മനുഷ്യര്‍ ഉള്ളൊരു രാജ്യത്തു ഒരു വ്യക്തിയെ മാത്രം ആശ്രയിക്കുന്നതിന്റെ ആവശ്യമെന്താണ് ?അയാളെക്കാള്‍ മിടുക്കന്മാന്‍ വേറെ നില്‍പ്പുണ്ട് എന്നോര്‍ക്കുക .)

* പ്രമാദമായൊരു കേസു ഇരുപത്തിയാറു വര്‍ഷം നീട്ടിക്കൊണ്ടു പോയതിന്റെ കാരണം നമുക്ക് അറിയേണ്ടതില്ലേ ?ഉത്തരവാദികളെ കാലതാമസം കൂടാതെ ശിക്ഷിക്കേണ്ടതില്ലേ ?(ജഡ്ജിയുള്‍പ്പെടെ . )

* നീതിനിര്‍വഹണസംവിധാനം ശുദ്ധികലശം ചെയ്യേണ്ടേ ? ഇതാണോ നമുക്കു കിട്ടേണ്ട നീതിയും ന്യായവും ? രക്തയട്ടകളെപ്പോലെ കുറേപ്പേര്‍ നമ്മെ ഊറ്റിക്കുടിച്ചു ജീവിക്കാന്‍ ഇനിയും അനുവദിക്കണോ ? ഭരണ, നീതിനിര്‍വഹണ സംവിധാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പലപ്പോഴും നാം ശങ്കിച്ചു പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ തടയാന്‍ ജാഗ്രത കാണിക്കേണ്ടതില്ലേ ?

* ഒരാള്‍ക്കും മൂന്നോ, പരമാവധി അഞ്ചോ വര്ഷത്തിനപ്പുറം തുടര്‍കസേര കിട്ടുന്നില്ല എന്നു ഉറപ്പു വരുത്തണ്ടേ ?

* അനാവശ്യ സുരക്ഷാസംവിധാനങ്ങള്‍ പിന്‍വലിക്കണ്ടെ ? (അവരും നമ്മെ പോലെ തന്നെയേ ഉള്ളു . തന്നെയുമല്ല അവര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഇത്ര കണ്ടു പേടിക്കുന്നതതെന്തിനു?)

* ഇങ്ങനെ കുറെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ നെല്ലും പതിരും വേര്‍തിരിയും . സ്ഥാനവും പണവും മോഹിക്കുന്നവര്‍ക്കുള്ളതല്ല അത്തരമിടങ്ങള്‍ എന്നു മനസ്സിലാക്കുമ്പോള്‍ ഇന്ന് കാണുന്ന തിക്കിത്തിക്കുകള്‍ മാറിപ്പോകും .

സ്വാതന്ത്ര്യം ജന്മവകാശമാണെന്നു പറഞ്ഞു നമ്മളൊരിക്കല്‍ . അതിന്റെ അര്‍ത്ഥം അന്തസ്സുള്ളൊരു ജീവിതമാണെന്നു തിരിച്ചറിയുന്നൊരു കാലമുണ്ടാകുമോ ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English