മഞ്ഞവെയില്‍പ്പരപ്പില്‍
പനിക്കോളില്‍
പകല്‍ച്ചിറ.
തെളിനീര്‍ക്കമ്പടം
പുതച്ച്,
കള്ളയുറക്കത്തിന്റെ
നാട്യത്തില്‍
കാലം
തളം കെട്ടി
വളയന്‍ചിറ.
പണ്ടു പണ്ടൊരു നാള്‍,
നെയ്യാമ്പലിതളില്‍
തട്ടിയുടഞ്ഞ്
രാവു ചിതറി.
അന്നേരം ,
നീലപ്പരപ്പില്‍
മീനുകള്‍
ചൂളമിട്ടു കൂത്താടി.
അന്നേരം,
അടിയൊഴുക്കില്‍
കൊള്ളിയാന്‍
ഊളിയിട്ടു.
അന്നേരം,
പടര്‍പ്പുകളില്‍
മിന്നല്‍ കൊരുത്ത്
മരം പൂത്തുലഞ്ഞു.
അന്നേരം,
പൊഴിഞ്ഞ
മഞ്ചാടിക്കുരുക്കള്‍
മിന്നിപ്പറന്നു.
അന്നേരം,
നെയ്യാമ്പല്‍തുന്നിയ
നീലക്കിടക്കവിരിപ്പിന്റെ
പടവിലിരുന്ന്
അവള്‍
കാലിളക്കി,
ചിറയൊഴുക്കി.
ജനാലയ്ക്കപ്പുറം
ചിറ
അന്നേരം
മാനം തൊട്ടു..
*******
ഇന്നേരം,
ഒറ്റയുരുളിയില്‍
വളയന്‍ചിറ
കവിഞ്ഞു.
രാവു ചിതറി,
മീന്‍ തുള്ളി ,
കൊള്ളിയാനാളി,
മരം പൂത്തു,
മഞ്ചാടി മിന്നി,
ചിറ മാനം തൊട്ടു.
അവളുടെ
കൈക്കുടന്നയില്‍
കാലമൊഴുകി
ചിറ പരന്നു…