ഓർമ്മകൾ മരിക്കുന്ന താഴ്‌വര

 

 

ഓർമ്മകൾ മരിക്കുന്ന താഴ് വര തേടി ഞാനലഞ്ഞുകൊണ്ടേയിരുന്നു.
ഗൂഗിൾ സേർച്ചും കറങ്ങിത്തിരിഞ്ഞു
തിരിഞ്ഞൊടുവിൽ നിശ്ചലമായി .
എൻ്റെ ഓർമ്മകൾ ഉള്ളിലെവിടെയോ
വിങ്ങിക്കൊണ്ടേയിരുന്നു .
പ്രായമേറുമ്പോൾ ഓർമ്മകൾ മരിക്കാതിരിക്കുവതെങ്ങനെ?!

മുട്ടിലിഴയാൻ തുടങ്ങുമെന്നോർമ്മകളും
കൂനിക്കൂടിനടുവൊടിഞ്ഞ ഓർമ്മകളും
പാർക്കാനിടമില്ലാതലയുന്ന പഥികരെപ്പോലെ ,
അങ്ങുമിങ്ങുമോടി തളർന്നു കിടന്നു.

പ്രായമേറിയാലും നല്ലോർമ്മകൾക്ക് ചിതയൊരുക്കാനാവതില്ല .
വടികുത്തി ഏതോ വിദൂരതയിൽ നിന്നരികത്തെത്തി തഴുകിത്തലോടി കടന്നു പോമോർമ്മകൾ.

ചന്ദനമണവും തൂവൽ സ്പർശവും മഴവിൽ ദർശനവുമാം ഓർമ്മകൾ.
ചിതയൊരുക്കാനാവതില്ലയെൻ പ്രിയതരമാം ഓർമ്മകളേ ;
കാലമേറെ കഴിഞ്ഞുവെന്നാകിലും!

എന്നാൽ;
കൂർത്തദംഷ്ട്രകളും കൂറ്റൻ കൊമ്പുകളുമായ് കഴുത്തുഞെരുക്കാനോടിവരും ഓർമ്മകളെ;
തീർക്കട്ടെ നിനക്കായ് ശവമഞ്ചകങ്ങൾ.
കുഴിച്ചുമൂടട്ടെ നിന്നെ വീണ്ടുമൊരു കൂടിച്ചേരലില്ലാതെ.

ഓർമ്മകൾ മരിക്കുന്ന താഴ് വരയിൽ ഒടുങ്ങീടുമെല്ലാവിധ ഓർമ്മകളും.
നല്ലതെന്നില്ലാതെ, ചീത്തയെന്നില്ലാതെ
നിശ്ചിതമെല്ലാം ഒടുങ്ങീടുന്നു .

അലച്ചിലുകൾക്കൊടുവിലായാ –
താഴ് വരയെത്തവേ; നടന്നടുത്തീടുന്നു ഞാനുമാ കണ്ണെത്താ വഴിയിലേക്ക്
കൂടെയെന്നോർമ്മകളും ..

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here