വെള്ളക്കുരുപ്പകൾ

 

 

 

 

 

 

 

സത്യാനന്തരകാലത്ത് പല്ലാരിവാസു എന്ന പേര് ശ്രോതാക്കളിൽ ഭയപ്പാടിന്റെ ഒരു വല്ലായ്മ സൃഷ്ടിക്കുമെന്നുറപ്പാണ്. ആജാനബാഹുവായ, കൊമ്പൻമീശയുംചോരക്കണ്ണുകളുമുള്ള എപ്പോഴും മുണ്ടുമടക്കി ആവശ്യത്തിൽക്കൂടുതൽകേറ്റികുത്തി നടക്കുന്നതുമായ ഒരു ആഭാസജന്മമാണതെന്നു തോന്നിപ്പോവും. എന്നാൽ അങ്ങനെയൊന്നുമല്ല അയ്യാളുടെ പ്രകൃതം.

പരോപകാരിയൊന്നുമല്ലെങ്കിലും ആൾക്കാരേക്കൊണ്ട് “ഛേ” എന്ന് പറയിപ്പിക്കാത്തതും നല്ല ഭാഷയും പടുതിയും കാത്തുസൂക്ഷിക്കുന്നതുമായ ഒരു മാന്യൻ. കറുത്ത് കിളരം കുറഞ്ഞ് സ്വല്പം തടിയൊക്കെയുള്ള, മുടിയൊക്കെ ചീകിയൊരുക്കി എപ്പോഴും വൃത്തിയുള്ള ഉടുപ്പും കാൽസ്രായും ഇട്ട് ആകർഷണീയമായി ചുവടുവച്ച് നടക്കുന്ന ഒരു വിദ്യാസമ്പന്നനാണ് പല്ലാരി വാസു.
കടുത്ത വായനാശീലത്തിന്റെ സ്വൈരക്കേട്‌ കാരണം പുസ്തകങ്ങളൊക്കെ സ്വന്തം പൈസകൊടുത്തുവാങ്ങുന്നവനും ശേഷം അവയുടെ ആദ്യ പേജുകളിൽത്തന്നെ തന്റെ പേര് മനോഹരമായി ചുവന്നമഷിയിൽ എഴുതി സൂക്ഷിക്കുന്നതുമായ ഒരു പുരോഗമനേച്ഛുവാണയാൾ.

അങ്ങനെ ആദ്യ പേജിൽത്തന്നെ സ്വന്തം പേരുകൂടി എഴുതിച്ചേർത്ത പുസ്തകങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ടയാൾക്ക് .

ഇട്ടിയക്കരയിലെ പല്ലാരി മാരിയപ്പന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവൻ. പല്ലാരി എന്നത് ഒരു ജാതിപ്പേരാണ്. കാലപ്പഴക്കത്തിൽ കുടിയേറ്റ കലർപ്പുകളാൽ നേർത്തു പോയ തമിഴ് കലാചാരത്തിന്റെ പൊട്ടും പൊടിയും പേറി നടക്കുന്ന അതിർത്തി ഗ്രാമനിവാസികളാണ് പരമാർത്ഥത്തിൽ പല്ലാരികൾ.

മൂത്തു പഴുത്ത കുലമഹിമയുള്ളവർ ജാതിപ്പേർ വാലായി കൊണ്ടു നടക്കുമ്പോൾ പല്ലാരികൾ അത് എന്തും കുത്തി മറിച്ചിടാനുള്ള ഗർവിന്റെ കൊമ്പായിക്കരുതി മുമ്പിൽത്തന്നെ ഉറപ്പിച്ചുപിടിപ്പിച്ചിരിക്കുന്നു.

അന്തസ്സ് എന്നുള്ളത് തികച്ചും ആപേക്ഷികമായ ഒരു തോന്നൽ മാത്രമാണെങ്കിലും രണ്ടു പല്ലാരികൾ തമ്മിൽ കൊമ്പു കോർക്കുമ്പോൾ ആദ്യം അലറുന്നതു തന്നെ ഞാൻ നല്ല ഒന്നാന്തരം പല്ലാരിയാണെന്നാണ്.

വർഗ്ഗലക്ഷണമൊത്ത ഒരു പല്ലാരിപ്പയലിനെ തിരിച്ചറിയാൻ ബദ്ധപ്പെടേണ്ട കാര്യമേയില്ല. അവന് തൊട്ടാൽ കയ്യിൽപ്പറ്റുന്ന കറുത്തനിറവും കുറ്റിത്താടിയും തേനീച്ചക്കൂടിന്റെ മുടിയുമുണ്ടായിരിക്കും. കഴുത്തിൽ അഴുക്കുപുരണ്ട പളുങ്കുമാലയും കടും ചിന്ദൂരത്തിന്റെ കുറി നെറ്റിയിലും കഴുത്തിലും കൈവണ്ണകളിലും കട്ടിക്കനത്തിൽ തോണ്ടിത്തേച്ചും വച്ചിരിക്കും. പിന്നെ മുഷിഞ്ഞ മണമുള്ള കാവിപേശയും വലതുകൈയ്യിൽ മുട്ടു മുതൽ മണി ബന്ധംവരെ സകലമാന ദൈവങ്ങളെയും ആവാഹിച്ചു കെട്ടിയിക്കുന്ന എണ്ണമറ്റ ബഹുവർണ ചരടുകളും കണ്ടാൽ ഉറപ്പിച്ചോളൂ അവൻ പല്ലാരിതന്നെയെന്ന്.

ഒരിക്കൽ അമ്പഴവേലിൽ ദേശത്തെ തോട്ടിൻ കരയിലുള്ള ഇട്ടിയക്കര വീടിന്റെ മുറ്റത്ത് നീളം കുറഞ്ഞ തടി ബെഞ്ചിൽ താഴേക്ക് തല തൂക്കിയിട്ടു വയൽക്കാറ്റേറ്റു കിടന്നപ്പോഴാണ് പല്ലാരികളുടെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ കാര്യകാരണങ്ങൾ വാസുവിന്റെ മണ്ടയിലേക്കു കുടുകുടാ ഒഴുകിയിറങ്ങിയത്. പഠിക്കാൻ പറഞ്ഞുവിട്ടാൽ പള്ളിക്കൂടവഴികളിലെ പറങ്കിമാവുകളിലേക്കെറിഞ്ഞും തോട്ടിലും കുളത്തിലും ചൂണ്ടയിട്ടും തേവിയും കൈതക്കോരയെ പിടിച്ചും സമയം കളയുന്ന മരപ്പാഴുകളാണിവർ. മൊട്ടേന്നുവിരിയും മുമ്പേ ചാരായം കുടിച്ച് മേലുബലം നശിപ്പിക്കുന്ന മട്ടകൾ. സമ്പാദ്യശീലമെന്ന സവിശേഷഗുണം പാരമ്പര്യ ചോരയിലെങ്ങുമില്ലാത്തവർ. വാസുവിന് സമുദായ ജീവികളുടെ ലക്ഷണംകെട്ട സ്വത്വത്തോട് അറപ്പു തോന്നി.

കാളകൾക്ക് ലാടമടിക്കുന്നതിനുമുമ്പ് കുളമ്പിൽ കിഴുത്തകളുണ്ടാക്കാനുപയോഗിക്കുന്ന മൊനയനുളി വളരെ കൂർത്തതും അതിന്റെ തല ഒരിഞ്ചോളം വെട്ടിത്തിളങ്ങുന്നതുമാണ് . ചേട്ടാനിയന്മാരായ രണ്ടു പല്ലാരികൾ ഒരു കൂരക്കീഴിലുറങ്ങുമ്പോൾത്തന്നെ തലയിണക്കീഴിൽ സ്വയരക്ഷക്കായി അത് ഒളിച്ചുവയ്ക്കുമത്രേ. അത്രയ്ക്കുണ്ട് അവരുടെ സഹോദരസ്നേഹം..!

വല്യപ്പാപ്പൻ പല്ലാരിപപ്പു മൂക്കറ്റം കള്ളു കുടിച്ചിട്ടു വന്ന് കെട്ട്യോളെ മിക്ക ദിവസവും ഭിത്തിയിൽ ചാരി നിറുത്തി ഇടിക്കുമായിരുന്നു. പെണ്ണുമ്പുള്ളയ്ക്കു കടുവാപ്പാച്ചനുമായി അവിഹിതമുണ്ടായിരുന്നുവെന്ന് അങ്ങേര് ഉറച്ചു വിശ്വസിച്ചിരുന്നു.

ഇടികിട്ടാത്തദിവസം അവർക്കുറങ്ങാൻ പറ്റിയിരുന്നില്ല എന്ന് അടക്കം പറയുന്നവരുമുണ്ട്.

അമ്മാവന്മാരായ ശങ്കുണ്ണിയും കൊപ്പാറയും തമ്മിലുമുണ്ടായിരുന്നു ശണ്ഠ. പണിയിൽ കേമനാരെന്നായിരുന്നു അവരുടെ തർക്ക വിഷയം. തർക്കിച്ചു തളർന്ന് പരസ്പരം കുത്തിനു പിടിച്ച്‌ കൂമ്പിടിച്ചു കലക്കിയിട്ട് ഒരേ കൊച്ചുതിണ്ണയിൽ പായിട്ടു കിടന്നുറങ്ങിയിരുന്നു അവർ. ഉയർന്ന പഠിപ്പുമൂലം ഉറച്ചുകിട്ടിയ വകതിരിവുണ്ടായതുകൊണ്ടാണ് ഇട്ടിയക്കര പല്ലാരിമാരിയപ്പന്റെ മക്കൾ തമ്മിലടിക്കാത്തതെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം ബഞ്ചിൽക്കിടന്നു കൊണ്ടുതന്നെ വാസു എപ്പോഴും മധുരിക്കുന്ന അയവിറക്കലിന്റെ താളത്തിൽ ഓർക്കാറുണ്ടായിരുന്നു.

പഠിപ്പും വിവരവും സഹോദരസ്നേഹവുമുണ്ടെന്നുള്ള നാട്ടുകാരുടെ പറച്ചിലിൽ ഗമ തോന്നിച്ചും അമ്പഴവേൽ വയലിൽനിന്നും തണുത്ത കാറ്റടിച്ചും അപ്പോൾ അയ്യാളുടെ രോമങ്ങൾ ശരീരമാകെ ഉണർന്നെണീറ്റു നിൽക്കും.

കാഞ്ഞിരം തോപ്പ് സർക്കാർ ഐ ടി ഐ യിൽനിന്ന് സ്‌തുത്യർഹമായ രീതിയിൽ പഠിച്ചിറങ്ങിയാണ് വാസു. ഫിറ്റർ എന്ന തൊഴിൽ നിപുണനായത്. നാട്ടിലെ അല്ലറ ചില്ലറ തെണ്ടിത്തിരിയലിനുശേഷം ആസാമിലെ തേയിലക്കമ്പനിയിലേക്ക് ജോലികിട്ടിപ്പോയത് പത്രപ്പരസ്യത്തിലൂടെ പാലക്കാട്ടുവച്ചു നടത്തിയഅഭിമുഖപ്പരീക്ഷ പാസ്സായിട്ടു തന്നെയാണ്.

ആ പ്രവാസം സഹപല്ലാരിക്കുടുംബങ്ങളിൽ കുറെനാളേക്ക് അസൂയയുടെ അസ്വസ്ഥത പടർത്തിയിരുന്നു.

അടവിപ്പാറയുടെ ഇറക്കത്തിലുള്ള ഇക്കിരാംകുന്നിൽ നിന്നും പല്ലാരിരായപ്പന്റെ മോൾ കസ്തൂരിയുടെ ആലോചന വന്നപ്പോൾതന്നെ അവരെ അടുത്തറിയുന്നകുടിയേറ്റ കമ്മ്യുണിസ്റ്റുകാരൻ ലോനാസ് വാസുവിനോട് പറഞ്ഞതാണ് നമുക്കിത് വേണ്ടായെന്ന്. അവര് നമുക്ക് പറ്റിയവരല്ലെന്നും അങ്ങേര് വാസുവിനോടാണയിട്ടാണ് പറഞ്ഞത്. പക്ഷെ ആദ്യ കാഴ്ചയിൽത്തന്നെ പ്രേമപ്പശയിൽ മനസ്സിലൊട്ടിപ്പോയ കസ്തൂരിയുടെ തിളങ്ങുന്ന കറുപ്പും കൂർത്തു കല്ലിച്ച മുലകളും വട്ടക്കണ്ണുകളും കറ്റാർവാഴയിട്ടുകാച്ചിയ വെളിച്ചെണ്ണയുടെ മണവും വാസുവിന് പറിച്ചുകളയാൻ നിർവ്വാഹമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പോരാത്തതിന് അവൾ പത്താംവകുപ്പു പഠിച്ചു ജയിച്ച് വണ്ണംകൂടിയ പുസ്തകങ്ങളൊക്കെ വായിക്കുന്ന അപൂർവം പല്ലാരിപെണ്കുട്ടികളിൽ ഒരുവളുമാണത്രെ..! മേക്കരയിലേക്ക് വണ്ടിയൊക്കെ കേറിപ്പോയി പ്രീഡിഗ്രിക്കും പഠിച്ചിട്ടുണ്ടത്രെ. സഹപാഠികളുടെ നിലവാരമില്ലായ്മയിൽ മനം മടുത്തിട്ടാണത്രെ തുടർ പഠനം ഉപേക്ഷിച്ചതെന്നും ഒരു ജനശ്രുതിയുണ്ട്.

മൊതലിരവിനുവേണ്ടി ഇട്ടിയക്കരവീട്ടിൽ വാസു പ്രത്യേകം പുതിയ കട്ടിലൊക്കെ പണിയിപ്പിച്ചിരുന്നു. പുതിയമെത്തയും പൂക്കളുള്ള രണ്ടുതലയിണകളും കിടന്നു കൊണ്ടു തന്നെ വേഗത നിയന്ത്രിക്കാൻ പറ്റുന്ന തരത്തിലുള്ള പുതിയ തവിട്ടുനിറത്തിലുള്ള പങ്കയും ഒപ്പിച്ചിരുന്നു.
അന്നേദിവസം രാത്രി മുറിയിലാകെ കറങ്ങിത്തിരിഞ്ഞ ഉഷ്ണക്കാറ്റിലേക്കു ഒരു കൊള്ളിയാൻപോലെ വേഗത്തിൽ വരുകയായിരുന്നു കസ്തൂരി.

ഇറയത്തും കൊച്ചുതിണ്ണയിലും വാറ്റുചാരായതിന്റെ ലഹരിയിൽ പാതിയുറക്കത്തിൽ രക്തബന്ധമുള്ളവരുടെയും ദൂരത്തുക്കു സ്വന്തമായവരുടെയും കലപിലകളുടെ ഒച്ച നേർത്തുനേർത്തു വന്നപ്പോൾ വാസു പാൽ കുടിച്ചു പകുതിയാക്കി ഗ്ളാസ് അവൾക്കുനേരെ നീട്ടിയതാണ്.
പിന്നെക്കണ്ടതൊന്നും ഒരിക്കൽക്കൂടി ഓർക്കാൻ അയാൾ ഭയപ്പെട്ടു. കയ്യിൽ ഗ്ളാസ്സുവാങ്ങിയ കസ്തൂരിയുടെ മേലാസകലം കിലുകിലെ വിറച്ചു. അത് ഉച്ചത്തിൽ മേശ മേൽവച്ച് ചോര വന്നുനിറഞ്ഞ കണ്ണുകളുമായി അവൾ വാസുവിനു നേരെ തല ചെരിച്ചു നോക്കി. അയാൾ ഭയചകിതനായി . സാമിയാട്ടത്തിന്റെ ഉന്മാദാവസ്ഥ വന്ന മാതിരി തലമുടി വായുവിൽ മെതിക്കാൻ വീശുന്ന കറ്റപോലെ അങ്ങോട്ടുമിങ്ങോട്ടുമവൾ ചുഴറ്റി. കൺപോളകൾ അനിയന്ത്രിതമായി ചിമ്മിക്കൊണ്ട് കട്ടിലിനോരത്തേക്ക് നീങ്ങിനിന്ന് അവനു നേരെ ചീറ്റി.

“എന്നാലിതൊന്നും മുടിയാത്… “അവൾ തലയിൽ പൊത്തിവച്ചിരുന്ന വാടിയ മല്ലിപ്പൂക്കൾ വലിച്ചു പറിച്ച് മുറിയിലാകെ വിതറി.

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക്‌ നിരൂപിക്കാനേ പറ്റിയില്ല. ശത്രുപാളയത്തിലകപ്പെട്ട ഒരു മുൻനിര കാലാളിനെപ്പോലെ വാസു കുറേനേരം അന്തവും കുന്തവും നഷപ്പെട്ടു ശക്തിയായിക്കറങ്ങുന്ന പങ്കയ്ക്കു കീഴിൽ മരവിച്ചു നിന്നുപോയി .

പിന്നീടെപ്പോഴോ പൊതിയാത്തേങ്ങ കിട്ടിയ കൊടിച്ചിപ്പട്ടിയുടെ മാനസികനിലയുമായി പൊരുത്തപ്പെട്ട് പ്ലാസ്റ്റിക്ക് കസേരയിൽ കൂനിക്കൂടിയിരുന്ന് മയങ്ങിപ്പോയി.

ഏഴരവെളുപ്പുള്ളപ്പോൾ മനസ്സും ശരീരവും തളർന്നുണ്ടായ ഗാഢനിദ്രയിൽനിന്നും കസ്തൂരി അവനെ കുലുക്കി വിളിച്ചു. ഉറക്കച്ചടവിൽ ബദ്ധപ്പെട്ടു തുറന്ന അയാളുടെ കണ്ണുകൾക്കുമുന്നിൽ അവളുടെ കയ്യിലിരുന്ന മഞ്ഞച്ചരടിൽകോർത്ത കെട്ടുതാലി തിരശ്ചീനമായി ആടിക്കൊണ്ടിരുന്നു. അവകാശങ്ങളുടെ ആഴവും പോരാട്ടങ്ങളുടെ കരുത്തും മനസ്സിലാക്കിയ ഒരു പരിവർത്തനവാദിയുടെ ഭാവഹാദികളോടെ കസ്തൂരി അയാളുടെ മുഖത്തോടു മുഖമടുപ്പിച്ചു മുരണ്ടു.

“ഇതിനാലെയുള്ള അതികാരത്തെ നാൻ ഒത്തുക്കമാട്ടേൻ …എന്നാലെ യാരുടെയും അടിമയായിരിക്ക മുടിയാത് ..”

പാണ്ഡ്യരാജാവും കണ്ണകിയും കത്തിയെരിയുന്ന മധുരയും കടുംവർണ്ണങ്ങളിൽ ഒരു ബാലെ പോലെ വാസുവിനു മുന്നിൽ സന്ദർഭത്തിനു നിരക്കാത്ത രീതിയിൽ തട്ടു തകർന്നാടി. വാതോൻമാദം ബാധിച്ചവളെപ്പോലെ ശരീരം പ്രത്യേകരീതിയിൽ വളച്ചുകുത്തിനിന്ന് കസ്തൂരി മുദ്രാവാക്യം വിളിക്കുന്നതു പോലെ അയാൾക്കുതോന്നി.

“പോരാടുവോം…പോരാടുവോം”

തിണ്ണമേൽ തലങ്ങും വിലങ്ങും കിടന്നുറങ്ങിയ ഉറവുകാരെ തട്ടിയും കവച്ചും നിലനഷ്ടപ്പെട്ട് അയാൾ പുറത്തേക്ക് തെറിച്ചു തെറിച്ചുപോയി ഇരുട്ടിൽ സ്വയം അലിഞ്ഞ് അതിന്റെ കറുത്ത സാന്ദ്രതകൂട്ടി.

മൂന്നാം നാൾ കസ്തൂരി ഇക്കിരാംകുന്നിലേക്ക് തിരിച്ചു പോയി. കൂടും കുടുക്കയും കൂടെക്കൊണ്ടുപോകാൻ അവളുടെ അമ്മ രായമ്മ രണ്ടു മൂന്ന് സിൽബന്ധിക്കാരെ ഒപ്പം കൂട്ടിയിരുന്നു.

വാസുവിന്റെ അടുത്ത സ്വന്തക്കാർ വട്ടംകൂടിയിരുന്ന് കസ്തൂരിയെ പള്ളു പറഞ്ഞു . ചിലർ അവളെക്കുറിച്ച് കെട്ടവാർത്തകൾ താന്താങ്ങളുടെ നെലേം വെലേം അനുസരിച്ച് പടച്ചുണ്ടാക്കി.

അകന്ന ബന്ധുക്കൾ വാസുവിന്റെ ലായിക്കില്ലായ്മയെ പഴി പറയുകയും വേറൊരു കൂട്ടർ അവളെ മെരുക്കാനുള്ള ഒടമ്പുബലമില്ലാത്തവനാണയാൾ എന്ന് അടക്കം പറഞ്ഞ് ആനന്ദിക്കുകയും ചെയ്തു. കരക്കാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ ഇട നൽകാതെ പല്ലാരിവാസുവും ഒരാഴ്ച്ച കഴിഞ്ഞു ഇക്കിരാം കുന്നിലേക്കു പോയി.

കാര്യങ്ങളുടെ കല്ലും നെല്ലും തിരിച്ച് അവളെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടു വരുവാൻ ഏതെല്ലവരേയ്ക്കും പോകാൻ വാസു തയ്യാറെടുത്തിരുന്നു. ദോഷം പറയരുതല്ലോ അവിടെ വാസുവിന് പരമാനന്ദസുഖമായിരുന്നു. ദിവസവും രണ്ടുനേരം തേച്ചുകുളിക്കാൻ കസ്തൂരിയുടെ കറ്റാർ വാഴയിട്ടു കാച്ചിയ വെളിച്ചെണ്ണയും മണസോപ്പും കാട്ടുചോലയുടെ കുളിരുള്ള വെള്ളവുമുണ്ടായിരുന്നു.

സമയാസമയം ചായിപ്പിലെ തടിമേശയിൽ സ്റ്റീൽപ്പത്രങ്ങളിൽ വിളമ്പിനിരത്തിവെച്ച കുത്തരിച്ചോറും തേങ്ങയിട്ടുവച്ച ഉണക്കമീൻ കറിയും അഗത്യചീരയുടെ രുചിയുള്ള പൊരിയലും മൃഷ്ട്ടാന്നമായി. അകത്തെ രണ്ടു മുറികളിൽ ഒന്നും അനുവദിച്ചു കിട്ടി.

ഇടുങ്ങിയ തളത്തിനപ്പുറത്തെ മുറിയിൽ കസ്തൂരി ഒറ്റയ്ക്കും ചിലപ്പോൾ രായമ്മേ കെട്ടിപ്പിടിച്ചും കിടന്നുറങ്ങി.

രായപ്പൻ സന്ധ്യയ്ക്കു തുടങ്ങുന്ന വെള്ളമടി ഒരൊമ്പതുമണിക്കപ്പുറം നീളാറില്ല. ശേഷക്കാരൻ യെശക്കി മുത്തു കൂട്ടിനുണ്ടെങ്കിൽ അത് ചിലപ്പോൾ പത്തുമണിവരെ നീളും. ഉറയ്ക്കാത്ത നീളൻ കാലുകളുമായി യെശക്കി ഇക്കിരാംകുന്നിറങ്ങി മറയുന്നതുവരെ രായമ്മ അയ്യാളെത്തന്നെ നെടുവീർപ്പിട്ട് നോക്കി നിൽക്കും. രാത്രിയുടെ അന്ത്യയാമങ്ങളിൽപ്പോലും തളത്തിലിരുന്ന് മണ്ണെണ്ണവിളക്കിന്റെ അരണ്ടവെട്ടത്തിൽ അവർ മുള്ളുചെത്തി ഉണക്കികീറിയ കൈതത്തഴകൊണ്ടു മെത്തപ്പായ മെടയുന്നതു പതിവാക്കി. പിന്നെ വിളക്കുകെടുത്താതെ നെയ്തെടുത്ത പായയിൽ തന്നെ ചാഞ്ഞുവീണു പോക്കണം കെട്ടുറങ്ങി. ഉറക്കത്തിലെല്ലാം രായമ്മ വർഷാവർഷം നിറഞ്ഞു വീർക്കുന്ന കസ്തൂരിയുടെ വയർ സ്വപ്നം കണ്ടു. മുറ്റം നിറയെ വെളുത്ത കുട്ടികളുണ്ടാകാൻ ഉള്ളിൽ ഉരുവാകുന്ന കരുവിനുള്ളിൽ വെള്ളക്കുരുപ്പകൾ തന്നെ പിടിക്കണമെന്ന് അവർ വാശിയോടെ ആഗ്രഹിച്ചു.

ഉലകം വെളുത്തവനുള്ളതാണ്. വയലിലെ വെയിലും മാട്ടുചാണകത്തിന്റെ ചൂരുമേൽക്കുന്നവൻ കറുത്തവനാണ്. ഇലയിട്ടുണ്ണാനും കസവ്‌വേഷ്ടിയുടുക്കുവാനും വെറ്റലപ്പാക്കുമുറുക്കി പിത്തളപ്പടിക്കത്തിലേക്ക് നീട്ടിത്തുപ്പാനും വെളുത്തവൻ തന്നെ യോഗ്യൻ. കറുത്തവൻ മണ്ണിനും മരത്തിനും വളമായി കൂട്ടംകൂട്ടമായി ചത്തുതുലയട്ടെ..! നിനവിലേക്കു കറുത്ത ചിന്തകൾ വരുമ്പോഴേ രായമ്മയുടെ പല്ലുകൾ ഞെരിഞ്ഞ് മുഖവും ശരീരവും ആത്തരപ്പെട്ട് വിറച്ചുതുടങ്ങും.

വൃത്തിയുള്ള ചട്ടയിട്ട് കാൽസ്രായും വലിച്ചുകേറ്റി വരുന്ന വെളിനാട്ടുവേലയുള്ള ഒരു കറുത്ത പല്ലാരിച്ചെക്കന്‍ അതാണ് വാസു. വയലിലും അന്തിച്ചന്തയിലും കറമ്പി പല്ലാരിച്ചികളുടെ വായ മൂടിക്കാൻ അതു മതി . മുച്ചീട്ടുകളിക്കളത്തിലും കള്ളുഷാപ്പിലും രായപ്പന്റെ മാനത്തിനും മര്യാദയ്ക്കും ഉലച്ചിൽ തട്ടാതിരിക്കാനുള്ള ആംഗലം എഴുതാനും പഠിക്കാനുമറിഞ്ഞ ഒരു മാപ്പിളൈ ..അതും കൂടിയാണ് പല്ലാരി വാസു. അതിനപ്പുറം ഒന്നുമില്ല ..ഒന്നും.!

ഇക്കിരാംകുന്നിലെ നാണംകെട്ട പൊറുതിക്കിടയിൽ രായമ്മയുടെ ഉറക്കത്തിന്റെ പരിമാണം വാതിലിനപ്പുറം നിന്നു വാസു കൈവിരലുകൾ മടക്കിയും നിവർത്തിയും പതിവായി തൂക്കിനോക്കി. കൊരട്ടശബ്ദത്തിന്റെ ഉയർച്ചതാഴ്ചകൾ കിറുകൃത്യമായി അപഗ്രഥിച്ചു അവരുടെ ഉറക്കത്തിന്റെ ഉഗ്രത മനഃപാഠമാക്കി.

അടച്ചിട്ട മുറിയിൽ കാലുകൾ പൊക്കിയെടുത്ത് ശബ്ദമുണ്ടാക്കാതെ നടക്കാൻ അയാൾ ആറേഴുനാളുകളെടുത്തു പരിശീലിച്ചു.

ഉറക്കെയുള്ള താളാത്മകമായ ഒരു കൊരട്ടയുടെ നാളിൽ രായമ്മ ബോധവും പൊക്കണവും കെട്ടുറങ്ങുകയായിരുന്നു എന്ന് തുടരെത്തുടരെ സ്വയം പറഞ്ഞുകൊണ്ടാണ് അയ്യാൾ പതിയെ മണ്ണെണ്ണെ വിളക്കിന്റെ ചാഞ്ചാട്ടവെളിച്ചത്തിനെ കവച്ചുവച്ചു കസ്തൂരിയുടെ മുറിയെലാക്കാക്കിഒരു മാർജാരനെപ്പോലെ ചുവടുവച്ചത്. അമ്പേ പാളിയ ഉദ്യമത്തിനൊടുവിൽ രായമ്മ ചവിട്ടുകിട്ടിയ പത്തിപ്പാമ്പിനെപ്പോലെ പിടഞ്ഞെണീറ്റ് അവനു നേരെ ചീറി.

“നിനക്കെന്തിന്റെ കേടാണെടാ മരപ്പട്ടീ..?”അറിവുകെട്ട തേവിടിയാ പയലെ..”

പകുതിവെന്ത തമിഴും മലയാളവും കൂട്ടിക്കുഴച്ചുണ്ടാക്കിയ എച്ചിൽ ഉരുളകൾ രായമ്മ അയ്യാൾക്കു നേരെ നിർത്താതെ എറിഞ്ഞു.

രായപ്പനെ ഉണർത്താതെ വാസു ഒറ്റച്ചാട്ടത്തിനു മുറിയിൽ പാഞ്ഞു കയറി വാതിലടച്ചു കുറ്റിയിട്ടു. പിന്നെ കന്നാലിപ്പിള്ളേരുടെ കയ്യിൽനിന്നും ഏറുകൊണ്ടോടിയ ഒരു തെരുവുപട്ടിയെപ്പോലെ വലിയ വായിൽ കിതച്ചു.

രായമ്മ പിന്നീടൊരു ദിവസവും ഉറങ്ങിയില്ല. കസ്തൂരിയുടെ മുറിയുടെ വാതില്പടിയിലിരുന്നു തന്നെ ഉറക്കമൊഴിച്ച് അവർ മെത്തപ്പായകൾ മെടഞ്ഞുകൂട്ടി. ചിങ്ങമാസത്തിലെ ചതുർത്ഥി കണ്ടതുപോലെ അയാൾ അടുത്തുവന്നപ്പോഴൊക്കെ കസ്തൂരി മുഖംവെട്ടിച്ചു.

കറുത്തുകുറിയ അയാളുടെ നിഴലാട്ടങ്ങൾ ഒരു കയ്യകലത്തിൽ എത്തുന്നതിനു മുമ്പേ പൊക്കമുള്ള ഇടങ്ങളിലേക്ക് അവൾ കയറിനിന്നു. മുറ്റത്താകുമ്പോൾ കസ്തൂരി ഇറയത്തും അയാൾ ഇറയത്തു നിൽക്കുമ്പോൾ അവൾ ഉമ്മറപ്പടിയിലും വാശിയോടെ കേറി നിന്നു.

തിരശ്ചീനതയിൽ എപ്പോഴും അയാളുടെ തലയ്ക്കുമുകളിൽ തന്റെ തോളുയർന്നുനില്‍ക്കണമെന്നുള്ള ശാഠ്യം അവൾക്കുള്ളതായി വാസുവിന്റെ അന്തഃകരണം പിറുപിറുത്തു.

പുതുമാപ്പളൈ ഒരു മാസക്കാലം കൂടി രാത്രിയും പകലുമറിയാതെ കന്നിപ്പൊണ്ണിനെ ഒരു നിഴല്‍ പോലെ വല്ലപ്പൊഴും കണ്ട്‌ അവിടെതന്നെ അടിഞ്ഞുകൂടി നിന്നു. നാലാഴ്ച കഴിഞ്ഞ് ഒരു സന്ധ്യയിൽ പെട്ടിയും പ്രമാണമെടുത്തുകൊണ്ട് അടവിപ്പാറയും ഇക്കിരാംകുന്നുമിറങ്ങി പോകും നേരം കുറെ പ്രാവശ്യം തിരിഞ്ഞുനോക്കി. വാതില്പടിയിലോ മുറ്റത്തോ നിന്ന് കസ്തൂരി ഒന്ന് പാളി നോക്കിയിരുന്നെങ്കിൽ എന്നയാൾ പൈങ്കിളി നോവലിലെ നായകനെപ്പോലെ വൃഥാ ആശിച്ചുപോയി.

പൊട്ടിയ വെള്ളാരംപാറകൾ നിറഞ്ഞ നാട്ടു വഴിയിലൂടെ വയലിറമ്പിൽ നിന്നും ഇക്കിരാംകുന്നിലേക്കുള്ള പോക്കും വരവും ദുർഘടമാണ്. നോട്ടമൊന്നു തെറ്റിയാൽ, ചുവടൊന്നു പിഴച്ചാൽ കൂർത്ത കത്തികല്ലുകളിൽ വീണു തല പൊട്ടുകയോ കള്ളിമുൾപ്പടർപ്പിലേക്കു കൂപ്പു കുത്തുകയോ ചെയ്യും.

നെഞ്ചിനകത്ത് ഭാരമുള്ളൊരു കരിമ്പാറ കെട്ടി വച്ചതു പോലെ അയാൾ വയലും വാഴത്തോട്ടവും ഇടവഴിയും കടന്നു റെയിലാപ്പീസുനോക്കി തളർന്നു നടന്നു പോയി.

വാസു പിന്നീടൊരിക്കൽ തിരിച്ചു വന്നത് ലോനാസിന്റെ കമ്പി കിട്ടിയിട്ടാണ്.രായപ്പൻ മരിച്ചു എന്നുള്ള അശുഭ വാർത്തയായിരുന്നു അതിൽ . തിരിച്ചു വരവിലുടനീളം വാസു തീവണ്ടിയിലിരുന്നു രായപ്പനെ ഓർത്തു. അങ്ങേർക്കു അയാളോട് സ്നേഹമായിരുന്നു എന്നൊന്നും പറഞ്ഞു കൂടാ. മറിച്ച് അയാളോട് മുഖം മുറിഞ്ഞു സംസാരിക്കുകയോ നീരസം കാണിക്കുകയോ ചെയ്തിരുന്നില്ലയെന്നും ചിലപ്പോഴൊക്കെ നോട്ടത്തിൽ സഹതാപത്തിന്റെ നിറവ്യത്യാസങ്ങൾ കണ്ടിരുന്നതായും ഓർത്തെടുത്തു.

ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ തിളങ്ങുന്ന കറുപ്പു നിറം പല്ലാരികൾക്കായി ദൈവം എഴുതി വച്ചിരുന്നു. അനാദിയായുള്ള ദൈവ നിഷേധങ്ങളിലെന്ന പോലെ രായപ്പൻ വെളുത്തവനായാണ് പിറന്നത്. അയാളുടെ ഒറ്റപ്പെങ്ങൾ രത്തിനമ്മയും വെളുത്തിരുന്നു. അതുകൊണ്ടുതന്നെയാകണം അവരുടെ ഏകമകൻ യെശക്കി മുത്തുവും രായപ്പന്റെ ശേഷക്കാരനായി വെളുത്ത പിറവിയെടുത്തത്. കോയിൽ തിരുവിഴായിൽ റാക്കു കുടിച്ചു തലക്കെട്ടുമായി ആൾക്കൂട്ടങ്ങൾക്കു നടുവിൽ മാടമ്പി ചമഞ്ഞു നടന്ന യെശക്കിയെ നോക്കി രായമ്മ അഭിമാനം കൊണ്ടു. കരിങ്കൂട്ടങ്ങൾക്ക് നടുവിൽ മസ്തകമുയർത്തിന ടക്കുന്ന ഐരാവതമാണയാൾ എന്നവർക്ക് തോന്നിച്ചു. കള്ളുകുടിയും ആർമാദിപ്പും ആമ്പളകൾക്ക് ചേർന്നതാണ്. വെളുത്തു ചൊകന്ന ചെത്തു പനയോളം പൊക്കമുള്ള ഗെട്ടിക്കാരൻ ഉശിരൻ ആമ്പളകൾക്ക് .

രായപ്പനെ കെട്ടിയപ്പോൾ രായമ്മ ദൈവലോകം കിട്ടിയ വാശിയിലായിരുന്നു. അവർ തമ്മിലുള്ള ബന്ധം കടവുൾ നേരത്തെ നിശ്‌ചയിതാണെന്നും അത് അങ്ങേർ അടവിപ്പാറയുടെ കല്ലുകളിൽ ആരും കാണാത്ത മാതിരി എഴുതിവച്ചിരുന്നുവെന്നും പേരിലുള്ള സാമ്യം വെറും യാദൃശ്ചികം മാത്രമല്ലെന്നും ആ സ്ത്രീ ഉറച്ചു വിശ്വസിച്ചു. വാഴ്ക്കയുടെ ആദ്യനാളുകളിൽ അയ്യാൾക്കു മുന്നിൽ ഇരിക്കാതിരിക്കാനും പേരു ചൊല്ലി വിളിക്കാതിരിക്കാനും കിടക്കപ്പായയിൽനിന്നും എഴുന്നേൽക്കുമ്പോൾ കാലിൽ തൊട്ടു വന്ദിക്കാനും രായമ്മ ജാഗ്രത പാലിച്ചു.

നീണ്ടു മെലിഞ്ഞ അയാളുടെ ശരീരത്തെയോ ലാടം പണിയിലെ കേമത്വത്തെയോ കണ്ടതായി നടിച്ചില്ല. അവർ അയാളുടെ വെളുത്ത നിറത്തെ സ്നേഹിച്ചു. സഹശയനത്തിൽ വയറ്റിൽ വെള്ളക്കുരുപ്പ പിടിക്കാൻ അവർ നിരന്തരം അടവിപ്പാറയിൽ അട്ടിപ്പേറായി കുടികൊള്ളുന്ന മറുതയമ്മച്ചിയെ മനം നൊന്ത് പ്രാർത്ഥിച്ചു. വെള്ളിയാഴ്ചവ്രതവും ഏകാദശിയും ഒരിക്കലൂണും മുറ തെറ്റാതെ അനുഷ്ഠിച്ചു മനസ്സിനെയും ശരീരത്തെയും നിരന്തരം കഴുകി വൃത്തിയാക്കി.

വൃത്തിയുള്ള ശരീരത്തിൽ മാത്രമേ മാരിയാത്തയുടെ കനിവുകൊണ്ട് വെള്ളക്കുരുപ്പകൾ പൊട്ടിമുളയ്ക്കുകയുള്ളൂ എന്നവർ വിശ്വാസപ്പലകകളിൽ എഴുതി മനസ്സിൽ അട്ടിയിട്ടു .

വെറുംവയറ്റിൽ തുളസിയിലയും ഭസ്മവും പച്ചവെള്ളവും സേവിച്ച് അസ്ഥികളെ ഉരുക്കുന്നആണ്ടുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ രായമ്മയ്ക്ക് ഉള്ളിൽ കുരുപ്പ പിടിച്ചു. പത്തുമാസം പാകമായി പുറത്തു വന്നപ്പോൾ പുഷ്ടിയുള്ള കരുമാടിക്കുട്ടിയായി കസ്തൂരി മുഷ്ടികൾ ചുരുട്ടിയെറിഞ്ഞു അവരെ നോക്കി ഗോഷ്ടി കാണിച്ചു. അവർ പിന്നെയും രായപ്പന്റെ നിറത്തെ സ്നേഹിക്കുകയും അയാളുടെ ചാരായം മണക്കുന്ന വെളുത്ത ശരീരത്തെ വെറുപ്പു കൂടാതെ ആവാഹിച്ച് ജീവാംശങ്ങളെ ഉള്ളിൽ സ്വീകരിക്കുകയും ചെയ്തു. മറുതയമ്മച്ചിയുടെ വിധിവിഹിതങ്ങൾ മറ്റൊന്നായതുകൊണ്ടായിരിക്കും പിന്നീടൊരിക്കലും രായമ്മയ്ക്കു വെളുത്തതോ കറുത്തതോ പോകട്ടെ ,കുരുപ്പയേ പിടിച്ചില്ല.

വീട്ടുമുറ്റത്തേക്കു കയറിയപ്പോൾതന്നെ കൈകൾ തലയ്ക്കു പിന്നിലേക്ക് പിണച്ചുവച്ച് രായമ്മയുടെ അലമുറകൾ വാസുവിന്റെ കർണപടങ്ങൾ പൊട്ടിച്ചു.

“എന്റെ തെയിവമേ ഇതൊരാമ്പ്രന്നോനാണോ ഈ കിടക്കുന്നത്…?”

“ഇതാരാന്നോ..ഈ കെടക്കുന്നതു യാരാന്നോ..?”

അവർ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ സംഗീതാത്മകമായ പാഴാങ്കമായി സ്വയം പറയുകയും ചെയ്തുകൊണ്ടിരുന്നു. മുഖം കാൽമുട്ടുകളിലൊളിപ്പിച്ചിരുന്ന കസ്തൂരി ഇടയ്ക്കു തലപൊക്കി ചുവന്നുകലങ്ങി പോളകൾ തടിച്ചുവീർത്ത കണ്ണുകൾകൊണ്ട് യെശക്കി മുത്തുവിനെ പാളി നോക്കുന്നുണ്ടായിരുന്നു. വാസുവിന്റെ സാമീപ്യം അവൾക്കു സാരമുള്ളതായി തോന്നിയതേയില്ല. ഉപചാരത്തിനുവേണ്ടി ചാക്കാലയ്ക്കുവന്ന ഒത്തിരിപ്പേരിൽ ഒരാളായ് അയ്യാളെവിടെ കുറ്റിയടിച്ചു നിന്നു.

തഴപ്പായയിൽ വെള്ളപുതച്ച് മുഖം മാത്രം പുറത്തുകാണിച്ച് രായപ്പൻ നീണ്ടുനിവർന്നുകിടന്നു. നേരത്തോടുനേരമാകുന്നതിന്റെ സൂചനയിൽ പായയുടെ ചുറ്റും ശവം തീനിയുറുമ്പുകൾ വരിവച്ചിഴയാൻ തുടങ്ങിയിരുന്നു. മുണ്ടുമടക്കി വേണ്ടതിലധികം കേറ്റികുത്തി തിണ്ണയിൽ കേറിയും ഇറങ്ങിയും ചുറ്റും നിന്നവരോട് കുശുകുശുത്തും യെശക്കി മരണവീടിന്റെ യഥാർത്ഥ കാര്യക്കാരനായി . അയാളുടെ പ്രകടനപരതയുടെ പരിണതിയിൽ വാസു തികച്ചും അപ്രസക്തനായിപ്പോയി.

കറുത്ത പല്ലാരിക്കൂട്ടങ്ങൾക്കുനടുവിൽ അരയിൽ ചുട്ടിത്തോർത്തുമാത്രമുടുത്ത് നീണ്ടുവെളുത്തശരീരം പൂർണമായും നനച്ചുകൊണ്ട് യെശക്കി രായപ്പനുള്ള കൊത്തുകുടമുടച്ചു.

സഞ്ചയനവും പൊലകുളിയും കഴിഞ്ഞ് പല്ലാരിക്കൂട്ടങ്ങൾ നാലുപാടും പിരിഞ്ഞു. പതിനാറടിയന്തിരം കഴിഞ്ഞ് ആളൊഴിഞ്ഞശേഷം രാത്രിയിൽ കതകില്ലാത്ത ജനലിലൂടെ ഒലിച്ചിറങ്ങിയ നിലാവിന്റെ മറവുപറ്റി പ്രണയവിവശതയിൽ പെരുമ്പറകൊട്ടുന്ന ഹൃദയവുമായി വാസു കസ്തൂരിയുടെ വാതിലിൽ ഒരിക്കൽക്കൂടി മുട്ടി. കുറ്റിച്ചൂലിനുള്ള അടിയായിരുന്നു മറുപടി.

“മാനംകെട്ടവനെ….എടങ്ങിപ്പോടാ പട്ടീ… നീ മോന്ത്രം എൻപുള്ളയിൻ വാഴ്ക്കയേ കെട്ടുപോയാച്ച്….എന്റെ അടിച്ചതിനുള്ളിൽ എനി നിന്നെ കാണരുത്…”

രായമ്മ അയാളെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അശ്ലീലംകൊണ്ടു പുളിപ്പിച്ചെടുത്ത നീചവാക്കുകളുടെ പൊള്ളലും അടിയുടെ നീറ്റലുമേറ്റുവാങ്ങി വാസു തുണ്ടും തുണിയുമെടുക്കാതെ പാറക്കല്ലുകളിൽ തട്ടിവീണും പിടഞ്ഞെണീറ്റും താഴ്വാരത്തിലൂടെ ഓടി. കടിക്കാൻ നിശ്ചയിച്ചുറച്ച ഒരു ഭ്രാന്തൻ നായയെപ്പോലെ രായമ്മയുടെ “ഇറങ്ങിപ്പോടാ പട്ടീ ” എന്ന അലർച്ച കുറേദൂരം തന്നെ പിന്തുടരുന്നതായി അയ്യാൾക്കുതോന്നി.

ഗുവാഹാട്ടിക്കുള്ള തീവണ്ടിയുടെ അൺറിസേർവ്ഡ് കമ്പാർട്മെന്റിലെ മൂത്രമണത്തിൽ തളർന്നുറങ്ങിയ വാസു തനിക്കു കൊച്ചുണ്ടായതായി കനവു കണ്ടു. കണ്ണാടിയിൽക്കാണുന്ന പ്രതിരൂപംപോലെ തന്റെ ഉടൻപിറപ്പായ കറുത്ത ചുന്ദരിയെ കാൽമുട്ടിൽവച്ച് അയാൾ താരാട്ടുപാടി.

” പട്ടെടുത്ത് തൊട്ടിൽകെട്ടി

പവനരച്ച് പൊട്ടു വച്ച്

തൊട്ടിലിലെ അട്ടണക്കാൽപോട്ട്

തൂങ്കിരത് യാർ മകളോ?”

പാട്ടിനൊടുവിൽ മടിയിൽക്കിടന്ന കറുത്തകൊച്ചിന്റെ നിറം മാറി. പോകപ്പോകെ അത് വെളുത്തു വന്നു. കണ്ണുകളിൽ രായമ്മയുടെ കെട്ടകോപം നിന്നുകത്തി. കുട്ടികൈകൾ പാഞ്ഞുവന്ന് വാസുവിന്റെ മുഖമാകെ മാന്തിക്കീറി. പിന്നീടതൊരു തവളക്കുഞ്ഞിനെപ്പോലെ അയാളുടെ മടിയിൽനിന്നും പുസ്തകങ്ങൾ അടുക്കിവെച്ച മേശപ്പുറത്തേക്കു ചാടിക്കയറി. അനന്തരം ചികഞ്ഞുതെറിപ്പിച്ച പുസ്തകത്താളുകളിൽനിന്നും ചുവന്നമഷിയിലെഴുതിയ അയ്യാളുടെ പേര് ഭ്രാന്തമായി കീറിയെടുത്ത് വാസുവിന്റെ കരിമുഖത്തിനുനേരെ എറിഞ്ഞു.

ഭീതിയോടെ പിന്നോട്ടുവലിച്ച തല ഇരിപ്പിടത്തിന്റെലോഹക്കമ്പിയിൽ ഇടിച്ചു അയാൾക്ക് വേദനിച്ചു. തീവണ്ടി ഗുണ്ടക്കല്ലിൽ എവിടെയോ നിറുത്തിയിട്ടിരിക്കുകയാണ്. ഉഷ്ണപ്പാടങ്ങളിൽ നിന്നും ആന്ധ്രായുടെ തനതു കാറ്റുവീശി അകത്തെ മൂത്രമണത്തെ നേർപ്പിച്ചു.

വണ്ടിയിനിയും നീങ്ങിത്തുടങ്ങിയിട്ടില്ല. തനിക്കിനിയും ഒത്തിരിദൂരം പോകേണ്ടതുണ്ട്. സമയത്തിന്റെ അധികലഭ്യതയിൽ പിറകോട്ടു ചാഞ്ഞിരുന്ന വാസു തന്റെ ജീവിത സമസ്യകളുടെ നിർധാരണം തുടങ്ങി. എനിക്കെന്താണ് പറ്റിയത്? എവിടെയാണ് എന്റെ ധാരണകൾക്ക് പിഴവുകൾ പറ്റിയത്? ഏഴരാണ്ട ശനിയുടെ അപഹാരക്കയ്യുകൾ എന്നെ ചുറ്റിവരിയാൻ തുടങ്ങുകയാണോ? എനിക്കെന്തിന്റെ കുറവാണ്? ജോലിയുടെയോ കുലത്തിന്റേയോ സ്വഭാവ മഹിമയുടെയോ?ഇല്ല എനിക്കൊരുകുറവുമില്ല.

ട്രെയിനിറങ്ങി തേജ്‌പുരിൽനിന്നും ബിശ്വനാഥ് ചാരിയാലിയിലേക്കുള്ള യാത്ര സ്വച്ചന്ദമാണ്. ഉറച്ച മണ്ണിൽ തേയിലച്ചെടി വളർന്നുനിൽക്കുന്ന പച്ചക്കുന്നുകളെച്ചുറ്റിയുള്ള വിശാലമായ പാത ഓളമില്ലാത്ത ചാരനിറമുള്ള നദിപോലെയാണ്. നനുത്തമഞ്ഞിന്റെ തണുപ്പുപുതച്ചുകൊണ്ടുള്ള പ്രശാന്തമായ മയക്കം സമ്മാനിക്കുന്ന ബസ്സിലെ അരികുസീറ്റിലിരുന്നുള്ള യാത്ര. ഇടയ്ക്കിടയ്ക്ക് നിർത്തി വൃത്തിയുള്ള പെട്ടിക്കടകളിൽ നിന്ന് ചുവന്നുള്ളി കുനുകുനെ അരിഞ്ഞിട്ട് പഞ്ചസാരകലക്കിയ പച്ചവെള്ളംകുടിച്ച് ദേഹവും മനസ്സും വീണ്ടും തണുപ്പിക്കാം. ബിശ്വനാഥ് ചരിയാലിയിൽ വൃത്തിയുള്ള ചെറിയ ലായത്തിനുള്ളിൽ താൻ എന്നും കസ്തൂരിയെ കെട്ടിപ്പിടിച്ചാണ് കിടക്കാറ്. കാമപ്പനിയുടെ വിറയലിൽ പൊള്ളുന്ന ശരീരത്തിന് താഴെ അടവച്ചിരിക്കുന്ന പ്രണയമുട്ടകൾപൊട്ടി രേതസ്സായി ഒഴുകും. അക്കേഷ്യപൂവുകളുടെ മണം വിരിപ്പിലാകെ പടരുന്നു. പിന്നാലെയെത്തുന്ന തളർച്ചയുടെ തണുപ്പ് ഉറക്കത്തിന്റെ കരിമ്പടംകൊണ്ട് മൂടുന്നു.

കറുത്ത നിറത്തിനെന്താണ് കുഴപ്പം? വെളുപ്പിനെന്താണ് മെച്ചം?രായപ്പൻ വെളുത്തിട്ടാണോ? യെശക്കിയ്ക്ക് വെളുപ്പിനപ്പുറം എന്ത് യോഗ്യതയാണുള്ളത്? അല്ലെങ്കിൽത്തന്നെ അവരുടെ നിറം വെളുപ്പോ ചുകപ്പോ അല്ല. അതൊരുതരം മഞ്ഞനിറമാണ്. നീലിച്ച വികൃതഞരമ്പുകൾ പുറത്തുകാണിക്കുന്ന വൃത്തികെട്ട മഞ്ഞനിറം…മഞ്ഞനിറമുള്ള ആണുങ്ങളെ എന്തിനു കൊള്ളാം? അവർ പൊതുവെ ദുർബലന്മാരെപ്പോലെയാണ് തോന്നിക്കാറ് . കറുത്തവൻ കാഴ്ചയിൽ എപ്പോഴും കരുത്തന്മാർതന്നെ.

ചരിയാലിയിലെ ഇറുകിയ കണ്ണുകളും മഞ്ഞപ്പല്ലുകളുമുള്ള പെണ്ണുങ്ങൾക്ക് എന്നെ ഇഷ്ടമാണല്ലോ? മുറിഞ്ഞ ബംഗാളിഭാഷയിൽ തമാശപറഞ്ഞ് ഞാനവരെ ചിരിപ്പിക്കാറുമുണ്ട്.

“ആമി തുമായോ ഭാലോബാസി” അതിലൊരു കണ്ണിറുകിയ സുന്ദരി ഒരിക്കലിങ്ങനെ എന്നോട് പ്രണയാഭ്യർഥനയും നടത്തിയിരുന്നു.

മൂന്നുമാസങ്ങൾക്കുശേഷം വാസു നാട്ടിലേക്ക് തിരിച്ചത് ചില ഉറച്ച തീരുമാനങ്ങളുമായിരുന്നു. താൻ പൂവും പുടവയും കൊടുത്ത് പൊട്ടുവച്ച് തീയേനോക്കി താലികെട്ടിയ പെണ്ണാണ് കസ്തൂരി. അവളെ എന്നിൽനിന്നകറ്റാൻ ആർക്കാണ് കഴിയുക. പല്ലാരിക്കൂട്ടങ്ങളിലെ മുതുവന്മാർ ഇനിയെങ്കിലും ഇതിനു തീർപ്പുണ്ടാക്കണം. അല്ലെങ്കിൽ ലോനാസുചേട്ടനെ വിളിച്ചുകൊണ്ടുപോയി പോലീസിൽ പറഞ്ഞു പരിഹാരമുണ്ടാക്കണം. അതുമല്ലെങ്കിൽ മജിസ്രേട്ടുകോടതിയിൽ കേസുപോണം. ഇക്കിരാം കുന്നിന്റെ നെറുകയിൽനിന്ന് അവളെ കയ്യിൽ പിടിച്ച് ഊക്കോടെ ഇറക്കിക്കൊണ്ടുവരണം. രായമ്മയുടെ കുറ്റിച്ചൂൽ എനിക്കു പുല്ലാണ്.

ഇത്തവണ വാസു തീവണ്ടിയിൽ ഒന്നാംക്‌ളാസ്സ് ടിക്കെറ്റെടുത്താണ് വന്നത്. പാണിക്കരയിൽ റെയിലിറങ്ങുന്നതിനുമുമ്പ് അയാൾ ചെയ്യേണ്ട കാര്യങ്ങൾ ഒന്നുകൂടി ക്രമത്തിൽ ആലോചിച്ചുറച്ചു.

ആധുനിക കലാകാരൻ ആകാശത്തേക്ക് പണിതുവച്ച ഒരു ശിൽപംപോലെ ദൂരെ അടവിപ്പാറയുടെ മുകൾഭാഗം ഉച്ചവെയിലിൽ വെള്ളിവെട്ടത്തിൽ തിളങ്ങി.

വഴിയിലെ കൂർത്തകല്ലുകളെയും കള്ളിമുൾച്ചെടികളെയും സാരമാക്കാതെ വാസു ആയാസരഹിതമായി കയറ്റം കയറി. ഉറച്ചകാൽവയ്പുകളോടെ ഇക്കിരാംകുന്നിന്റെ മുറ്റത്തേക്ക് കാലുവച്ചഅയാളെ നോക്കി യെശക്കി നീട്ടി കാറിത്തുപ്പി.
പിന്നെ ആടിയാടി താഴേക്കിറങ്ങിപ്പോയി. ശൂന്യമായ മുറ്റവും തിണ്ണയും ചാടിക്കടന്ന് വാസു കസ്തൂരിയുടെ മുറിവാതിക്കൽവന്ന് മുഖമെറിഞ്ഞുനോക്കി.

വിവസ്ത്രയായിരുന്ന അവളുടെ മുലകൾ മേച്ചിലോടുകൾക്കിടയിൽ വച്ചിരുന്ന ചില്ലിലൂടെ അരിച്ചിറങ്ങിവന്ന വെട്ടത്തിൽ കരിപ്പോട്ടിവർണ്ണത്തിൽ തിളങ്ങി.പാതിതുറന്ന കണ്ണുകളിൽ ആലസ്യം പൂത്തിരികത്തിനിന്നിരുന്നു.ആനകയറിയ കരിമ്പിൻകാടുപോലെ അവളുടെ വസ്ത്രങ്ങൾ മുറിയിൽ നാലുപാടും ചിതറിക്കിടന്നു. ഒരായിരം അക്കേഷ്യകൾ ഒരുമിച്ചുപൂത്ത മണം മുറിയിലെ ചാരായമണത്തിന്റെയും തെറുപ്പുബീഡിയുടെ പുകയേയും വകഞ്ഞുമാറ്റി അയ്യാളുടെ മൂക്കിലേക്കടിച്ചുകയറി. അപ്പുറത്തെ മുറിയിൽ രായമ്മ തലയ്ക്കുമീതെ ഉടുമുണ്ടുപുതച്ച് ആയിരം വെള്ളക്കുരുപ്പകൾ കിനാവിൽക്കണ്ട് ഉച്ചയുറക്കത്തിനിടയിൽ ഊറിയൂറിച്ചിരിച്ചു.

കുരുപ്പകൾ വിരിഞ്ഞ വെളുത്തകുഞ്ഞുങ്ങൾ മുറിയിലും മുറ്റത്തും വെള്ളാരംപാറകളിലും വിളയാടിത്തിമിർക്കുന്ന കാഴ്ച കണ്ട അവർ പിന്നീട് ഉച്ചത്തിലും ചിരിച്ചു. താഴെ വയലിൽനിന്നും നിന്നും വീശിയ തിണ്ണകടന്നെത്തിയ ശക്തമായ കാറ്റിൽ ഭാരമില്ലാത്ത ശരീരം പറന്നു പോകാതിരിക്കാൻ ഘനീഭവിച്ചമനസ്സിനെ മാറാപ്പിലേക്കെടുത്തിട്ട് പല്ലാരി വാസു തിണ്ണയിറങ്ങി.

കല്ലുകളിലും മുള്ളുകളിലും നിർദ്ദയം തട്ടി ചെരിപ്പിടാൻ മറന്നുപോയ അയാളുടെകാലുകളിൽ മുറിവുകളുണ്ടായി. മഞ്ചാടിക്കുരുക്കൾപോലെമണ്ണിൽവീണുപോയ ചോരത്തുള്ളികളെല്ലാം ദുഷിച്ചതാണെന്ന് നേരിയ ശബ്ദത്തിൽ ആത്മഗതം പറഞ്ഞ് അയാൾ വേഗത്തിൽ താഴോട്ടുപോയി.

അടിവാരത്തിലെവിടെയോ ഒരു പട്ടി അശുഭമായ സന്ദേശം സഹജീവികൾക്കുകൊടുക്കാനെന്നപോലെ നിറുത്താതെ കുരച്ചു. അതിന്റെ ഒച്ച അടവിപ്പാറയിൽത്തട്ടി ഇടതടവില്ലാതെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here