കല്ലിച്ച ഹൃദയത്തിൽ
പാപചിന്തകൾ
രത്നങ്ങൾ പോലെ സൂക്ഷിച്ചു
രത്നാകരൻ എന്നൊരു കാട്ടാളൻ
കാടിനെ മറയാക്കി
പക്ഷികളെ ഇരയാക്കി
കാട്ടരുവികളുടെ പ്രണയമൊഴികൾ കേൾക്കാതെ
പച്ചപ്പിൽ ചോര ചിതറിച്ചു .
ഇറ്റുന്ന മിഴികളിലെ ദുഃഖങ്ങൾ കാണാതെ
മോഹിച്ചവ സ്വന്തം കൈക്കലാക്കി
കാലങ്ങൾ കഴിച്ചു
മുനിമാർ ഒരുദിനം
അതുവഴി പോകവേ
അവരുടെ വേദാന്തത്തിനു മറുപടി പറഞ്ഞു
മക്കളെയും ഭാര്യയെയും പോറ്റാൻ
മറ്റൊരു മാർഗ്ഗമില്ലെന്ന്
മുനിമാരിൽ നിന്നൊരു മറുചോദ്യം കേട്ടയാൾ
പാപങ്ങൾ അവരെല്ലാം പങ്കുവച്ചീടുമോ ?
നെഞ്ചിലെ വില്ലായ് മാറിയൊരാ ചോദ്യത്തിൽ
ചിന്തിച്ചു മനം നൊന്ത് കാട്ടാളൻ താപസനായ്
രത്നങ്ങൾ പോലെ സൂക്ഷിച്ച പാപമോഹങ്ങൾ
കത്തുന്ന കനലുകളെന്ന് തിരിച്ചറിഞ്ഞുപേക്ഷിച്ചു
നിർമ്മല ചിത്തത്തിൽ നിന്നും
രമണീയ കാവ്യത്തിൻ ഇതളുകൾ വിടർന്നു
കഠിനമായിരു ന്നൊരാ ഹൃദയമിന്നും വിശ്വമാകെ ഒഴുകുന്നു