സിഗനല്‍ ലൈറ്റില്ലാത്ത തിരക്കേറിയ പറവൂര്‍ കെ. എം. കെ ജംക്ഷന്റെ വിളിപ്പാടാലെ ചീറിപ്പായുന്ന വാഹനങ്ങളുടെ തെരു തെരെയുള്ള കാതടിപ്പിക്കുന്ന ഹോണ്‍ ശബ്ദത്തില്‍ പൊതിഞ്ഞു കിടന്ന് ഉറങ്ങണമെങ്കില്‍ അത്രക്കു ക്ഷീണം കാണും.
ഇടക്കു ഉറക്കം തെല്ലൊന്നു റെസ്റ്റ് എടുത്തപ്പോള്‍ തലയൊന്നു പൊക്കി നോക്കി.
സീബ്രാ ലൈനിന്റെ വാലറ്റത്തും തലയറ്റത്തും കുറെ പേര്‍ റോഡൊന്നു മുറിച്ചു കടക്കാന്‍ അക്ഷമയോടെ, പേടിയോടെ മുഷിഞ്ഞ ഭാവം മുഖത്തേക്ക് പറ്റി ചേര്‍ത്തങ്ങിനെ നില്ക്കുന്നു.
കണ്ണിലൊന്നു പെട്ടാല്‍ എടുത്താല്‍ പൊങ്ങാത്ത കല്ലെടുത്ത് എറിയുന്നവര്‍.
പ്രാണരക്ഷാര്‍ത്ഥം ഒന്നു കുരച്ചു പോയാല്‍ പത്രങ്ങളായ പത്രങ്ങളിലെല്ലാം ചാനലുകളിലും ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും വരെ എന്തോ ഭീകര ജീവിയെന്നോണം വാര്‍ത്തകള്‍ പടച്ചിടുന്നവര്‍.
അങ്ങനെ തന്നെ നില്ക്കട്ടെ അല്ല പിന്നെ.
അറിയാതെ വീണ്ടും മയക്കത്തിലേക്കൊന്നു തെന്നി തെറിച്ചു വീണൂ.
ഇടക്കെപ്പോഴോ നീട്ടി വലിച്ചൊരു ഹോണ്‍ മുഴക്കി ഏതോ കണ്ടെയ്നര്‍ ലോറി ഭൂമിയില്‍ പ്രകമ്പനം തീര്‍ത്ത് കടന്നു പോയപ്പോള്‍ വീണ്ടും തലയൊന്നു പൊക്കാതിരിക്കാനായില്ല.
സീബ്രാലൈനിനു കണ്ണൂ തട്ടാതിരിക്കാന്‍ നേരത്തെ നിന്നവര്‍ക്കൊപ്പം വേറേയും ചിലര്‍ കൂടി പറ്റി ചേര്‍ന്നങ്ങനെ നില്‍ക്കുന്നുണ്ട്.
ആണ്‍പെണ്‍ പ്രായഭേദമെന്യേ.
ഇവര്‍ക്കൊന്നും വീടും കുടിയും ഇല്ലേ.
ഇങ്ങനെ പേടിച്ചരണ്ട് നില്‍ക്കാനാണോ ഭാവം
പേടിത്തൊണ്ടന്മാര്‍.
മെല്ലെ എഴുന്നേറ്റ് മൂരി നിവര്‍ത്തി.
‘ടപ്പേ’ ന്നൊരു ഒച്ച കേട്ടോ?
മൂരി നിവര്‍ത്തിയപ്പോള്‍ എല്ലുകള്‍ പൂര്‍വ്വസ്ഥിതിയിലായ സിഗ്നല്‍ ശബ്ദമാണ്.
ഒരു നിസംഗഭാവം മുഖത്തേക്കൊന്നു വിളിച്ചു വരുത്തി, സീബ്രാലൈന്‍ സെക്യൂരിറ്റിക്കാരെ ഒരു വട്ടം മിന്നായം പോലൊന്നു നോക്കി റോഡിലേക്കിറങ്ങി കൂസലേതും കൂടാതെ.
ഇതു ഞങ്ങളുടെ ഏരിയ എന്ന് പറയാതെ പറഞ്ഞ് ചീറി പാഞ്ഞു വന്ന വാഹനങ്ങളൊക്കെയങ്ങ് സ്പീഡ് കുറച്ചു .അങ്ങകലെ വച്ചു തന്നെ ന്യൂജനറേഷന്‍ ഇരു ചക്രക്കാര്‍ മനസില്ലാ മനസോടെ ബ്രേക്കിലേക്ക് കാലമര്‍ത്തി. അല്ലെങ്കില്‍ വിവരമറിയുമെന്ന് അവര്‍ക്കറിയാം.
നായയുടെ പിന്നാലെ തിക്കിതിരക്കി ഓരോരുത്തരും ഇരു കരയിലേക്കും പടപടാന്ന് ഓടി മാറി. കാള്‍ ലൂയീസ് പോലും അന്തം വിടും വേഗതയില്‍.
ഈ പൊതുജനസേവനം സ്മാര്‍ട്ട് ഫോണില്‍ വേണമെങ്കില്‍ ആരെങ്കിലും പകര്‍ത്തെയെടുത്തോട്ടെയെന്ന് മനപ്പായസം കുടിച്ചങ്ങനെ അല്പ്പസമയമവിടെ ചുറ്റിപ്പറ്റി നിന്നു.
മൊബൈല്‍ ഫോണിനെ പറ്റി കേട്ടുകേള്‍വി പോലുമില്ലാത്തവരാണോ ഇവരൊക്കെ,നന്ദി കെട്ടവര്‍.
വെറുതെയൊരു സ്റ്റാറാവാന്‍ കൊതിച്ചു പോയി.
നഷ്ടകഷ്ട ബോധത്തോടെ ശ്രീ സത്യസായി സമിതി റോഡിലൂടെ കയറിയങ്ങു നടക്കുമ്പോള്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് കയറി വന്ന പെട്ടി ഓട്ടോ വളച്ചൊടിച്ചൊതുക്കാനായി അല്പ്പമൊന്നു മര്യാദരാമനായി മാറി നിന്നങ്ങു കൊടുത്തു.