കല്യാണ ഓഡിറ്റോറിയം. വെട്ടിത്തിളങ്ങുന്ന കല്യാണ മണ്ഡപം. പൂജാരിയും മറ്റും തിരക്കിലാണ്. ക്യാമറ-വീഡിയോക്കാര്‍ നൃത്തം വയ്ക്കുന്നു.
ആരോ ഓടിവന്ന് അമ്മാവന്‍റെ ചെവി കടിക്കുന്നു. പെട്ടെന്നയാള്‍ ഡ്രസ്സിംഗ് റൂമിലേയ്ക്ക് ഓടുന്നു!
അവിടെ പെണ്ണിന്‍റെ അച്ഛനും അമ്മയും പിന്നെ മറ്റുള്ളവരും കരച്ചിലിന്‍റെ വക്കിലാണ്!?
അമ്മാവന്‍ ബ്യൂട്ടീഷ്യനോട്: “നിങ്ങളിവിടെ ഉണ്ടായിരുന്നില്ലേ..?”
“ഉണ്ടായിരുന്നു. ഒരുക്കം കഴിഞ്ഞ് ആഭരണങ്ങള്‍ ചാര്‍ത്തിക്കൊണ്ടിരിക്കയായിരുന്നു. ഏതാണ്ട് നൂറു പവന്‍ അണിഞ്ഞു കഴിഞ്ഞു. ദാ ഈ വലിയൊരു കൂന കൂടി അണിയിക്കാനിരുന്നതാ. പെട്ടെന്നെനിക്കൊരു ഫോണ്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്തുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ പെണ്ണിനെ കാണാനില്ല!?”
“ബാത്ത് റൂമില്‍ നോക്കിയോ..?”
“നോക്കി. പരിസരം മുഴുവന്‍ അരിച്ചുപെറുക്കി. എങ്ങും കാണുന്നില്ല..”
“അളിയാ.. പെണ്ണിന് ആരെങ്കിലുമായി വല്ല പ്രേമബന്ധവും ഉണ്ടായിരുന്നോ..?”
“ഏയ്..ഇല്ല..”
“പിന്നെവിടെ പോയി..?”
പെട്ടെന്നാണ് ആഭരണക്കൂനയില്‍ നിന്നും ഒരു ഞരക്കം പുറത്ത്ചാടിയത്..!!? തുടര്‍ന്ന് ഒരു “സ്വര്‍ണ്ണക്കൈ” പുറത്തു വന്നു! പിന്നാലെ മറ്റേ സ്വര്‍ണ്ണക്കൈയും!! തുടര്‍ന്ന് “സ്വര്‍ണ്ണ തല” ഉയര്‍ന്നു വന്നു!!
“അല്ലാ. ഇത് നമ്മുടെ മോളാണല്ലോ..? മോളേ…?”
ആരോ വെള്ളം തളിച്ചു. മോള്‍ കണ്ണ് തുറന്നു.
ഭാഗ്യത്തിന് മുഹൂര്‍ത്തം കഴിഞ്ഞിരുന്നില്ല.
ആ വിവാഹം സമംഗളം നടന്നു.
കൊട്ടും കുരവയും മുഴങ്ങി.