ഇന്നത്തെ പേപ്പറില്‍ കൂടിയും കിട്ടി രണ്ട് നോട്ടീസുകള്‍. അവധിക്കാല ക്ലാസുകള്‍ ഓരോരോ കോഴ്സുകള്‍ …! അബാക്കസ് പരിശീലനക്കളരി നിങ്ങളുടെ മക്കളുടെ ബുദ്ധി അപാരമായി വികസിക്കുന്നു. അവര്‍ അഖില ലോക മതസരങ്ങളില്‍ ചാമ്പ്യനാകുന്നു. കമ്പ്യൂട്ടര്‍ വിദഗ്ദനാകുന്നു, വിദേശത്ത് നൂറു നൂറു അവസരങ്ങള്‍. ഏഴുവയസുകഴിഞ്ഞ കുട്ടിക്ക്…? ഞാന്‍ പൊറോട്ട കീറുന്നതു പോലെ ആ കടലാസ് കീറിയെറിഞ്ഞു നന്നായൊന്നു പല്ലുകടിച്ചു. പ്രാതല്‍ കഴിഞ്ഞ് ഉമ്മറത്തു വന്നിരുന്നതേയുള്ളു. രണ്ട് കൗമാര പ്രായക്കാര്‍ കടന്നു വരുന്നു. തോളിലും കൈകളിലും ബാഗുകള്‍.
” നമസ്ക്കാരമുണ്ട് സര്‍”
” എന്താണാവോ?” നമസ്ക്കാരം കഴിഞ്ഞ് ഞാന്‍ ചോദിച്ചു. തോളിലെ വമ്പന്‍ ബാഗില്‍ നിന്ന് അവര്‍ തടിച്ച പുസ്തകങ്ങളും കാറ്റലോഗും എടുത്തു. വാചക കസര്‍ത്തിന്റെ വെളളലമൊഴുക്ക്, ഞാന്‍ മുങ്ങി ചാകാറായി.
” മക്കള്‍ക്ക് വാങ്ങി കൊടുക്കു സര്‍, ഒരെണ്ണം വാങ്ങിയാല്‍ വേറെ രണ്ട് ബുക്ക് ഫ്രീയുണ്ട്. നമ്മുടെ മക്കള്‍ ഹൈസ്റ്റാന്‍ഡേര്‍ഡിലെത്തെണ്ടെ സാര്‍”
” വേണ്ടനിയാ”
കുറെ പറഞ്ഞപ്പോള്‍ താങ്ക്യു തന്ന് പോയി. കവലയിലൂടെ ഏതോ പരസ്യം വിളീച്ചു പറഞ്ഞ് ഒരു വണ്ടി കടന്നു പോകുന്നു. കാതോര്‍ത്തു അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. വെക്കേഷന്‍ ക്ലാസുകള്‍ ഉടനെ തുടങ്ങുന്നു. അടുത്ത വര്‍ഷത്തേക്കുള്ള സീറ്റും ഇപ്പോള്‍ നിങ്ങള്‍ക്കു ബുക്കു ചെയ്യാം. സുവര്ണാവസരം. ഉച്ചക്ക് നോട്ടീസ് വീട്ടില്‍ കൊണ്ടു വന്നു കിട്ടി. വെക്കേഷന്‍ ക്ലാസുകള്‍, കരാട്ടെ, കുങ്ഫൂ, വ്യക്തിത്വ വികസനം, സ്പോക്കണ്‍ ഇംഗ്ലീഷ്. സമപ്രായക്കാരായ മകനും മകളും മുന്നില്‍ വന്നു വാശി പിടിച്ചു ” അച്ഛാ എനിക്കു അതിനു ചേരണം ഇതിനു ചേരണം ഫീസ് വേണം” ഞാനവരെ അരികത്തു വിളിച്ചു.
മക്കളെ പത്തു മാസക്കാലം നിങ്ങള്‍ പഠിച്ചില്ലേ? ഒരദ്ധ്യയന വര്‍ഷം നിങ്ങള്‍ എത്ര ഭാരമാണ് ചുമക്കുന്നത്? എത്ര വിഷയങ്ങളാണ് തലച്ചോറിലേക്കു കടത്തി വിടുന്നത്? ആവശ്യമുള്ളതെല്ലാം യഥാ സമയം പോലെ പഠിപ്പിക്കാം. പക്ഷെ, ഇനി കുട്ടിക്കാലം കുട്ടിയായ് തന്നെ അനുഭവിച്ചു തീര്‍ക്കേണ്ടേ? ഇനി രണ്ടു മാസം വിശ്രമിക്കു നന്നായി കളിക്കു, മോള്‍ക്ക് അമ്മയെ അടുക്കളയില്‍ സഹായിച്ചു പഠിക്കാം. മോന് അച്ഛന്‍ അവധി ദിവസങ്ങളില്‍ ചെയ്യാറുള്ള കൃഷിപ്പണിയില്‍ സഹായിച്ചും പഠിക്കാം. നമ്മുടെ ഹോം ലൈബ്രറിയില്‍ ധാരാളം പുസ്തകങ്ങളില്ലേ? അതെല്ലാം വായിക്കു. നമ്മുടെ ഗ്രാമത്തിന്റെ ഊടുവഴികളിലൂടെ വെറുതെ നടക്കു. പ്രകൃതിയെ കാണു മനുഷ്യരെ കാണു അതും ഒരു പഠിപ്പാണ്. ജീവിതം എന്തെന്നറിയാനുള്ള പഠിപ്പ്. എന്റെ മക്കള്‍ വെക്കേഷന്‍ കാലത്ത് അത്രയൊക്കെ ചെയ്താല്‍ മതി. മക്കള്‍ തലയാട്ടി സമ്മതിച്ചു. ഭാര്യ പുഞ്ചിരിച്ചു. ഞാന്‍ തിരിച്ചും.