വാക്കേ വാക്കേ കൂടെവിടെ

 

 

 

 

 

വാക്കിനെ ചാക്കിൽ കെട്ടി
കാട്ടിലാക്കി മടങ്ങവേ വീട്ടിൽ
ഉമ്മറപ്പടിയിലിരുന്നു വാവിട്ടു
കരയുന്നു വാക്ക് മ്യാവോ

വാക്കൊരു പാഴ്വാക്കാണോ
വെറും വക്കാണത്തിന്നാണോ
നാക്കിൻകൊടിയിലെ തീപ്പൊരിയല്ലേ
ചീറ്റുമ്പോൾ സൂക്ഷിക്ക വേണ്ടേ

നനയാതെ അക്കരെയിക്കരെ പോകാനെന്ത്
സുഖമെന്നോ! വാക്കൊരു പാലം
വലിക്കല്ലേ തച്ചു തകർക്കല്ലേ
വിട്ടുകൊടുക്കല്ലേ ചിതലിനും,
അതിരമ്യമാമീരാമസേതുവെ

വാക്കൊരു തീക്കൊള്ളി
രാജസൗധങ്ങളെയും കഴുമരത്തെയും
ചുട്ടു വെണ്ണീറാക്കുമ്പോളതു മാറ്റത്തിൻ
മട്ടുപ്പാവിലൊരു നവഭാസുരസൂര്യോദയം

ത്യജിക്കാം പ്രാണനെപ്പോലും
ത്യജിക്കില്ല വാഗ്ദത്തവാക്കിനെ
വാക്കിന് കൊള്ളേണ്ട കണ്ണ്
നോക്കുകുത്തിയെപ്പോൽ നാക്കൊന്നു നീട്ടാം
കൊട്ടുവടിയും ഇരുമ്പാണിയും പോരാ
വാക്കിനെ തറയ്ക്കാൻ കുരിശിൽ

കുരിശിലുയിർത്തെഴുന്നേൽക്കുന്നതും വാക്ക്
ക്രൂശിതന് സ്തുതിഗീതമൊരുക്കുന്നതും വാക്ക്
ഗിരിഭാഷണത്തിൽ വിളങ്ങുന്നതും വാക്ക്
അന്ത്യയത്താഴത്തിലപ്പം വിളമ്പുന്നതും വാക്ക്

വാക്കൊരു കുന്നിന്മേലോത്തെ
ഒറ്റക്കരിശിലാഖണ്ഡം
ചെത്തിയും കൊത്തിയും കല്ലുളിയാൽ
ചിട്ടപ്പെടുത്തിയും ചീളുകൾ തട്ടിയടർത്തുമ്പോൾ
വെളിപ്പെട്ടു വരും മായികമായ് പാൽപ്പുഞ്ചിരി പൊഴിച്ചിടും
വരദായിനിയാം ദേവി വാഗ്വീശ്വരി!

വാക്കേ വാക്കേ കൂടെവിടെ
കൂടിനു മുമ്പെ വാക്കെവിടെ
വാക്കിനെ വീൺവാക്കാക്കല്ലേ
കീറച്ചാക്കിൽ കുടിയിരുത്തല്ലേ

ആരാന്റെ പട്ടുനൂലിനോടൊപ്പം
വാക്കിൻ വാഴനാരൊന്നുണ്ടിവിടെ വെപ്പാൻ
അപരാധമായിതു തോന്നുകിലൊരു മാത്ര
പൊറുക്കുക, ലോകമേ, ദയാവാക്കാൽ!

എന്റെ നാക്കിൻ നാരായത്താൽ
നിന്റെ നാക്കിലെഴുതാമൊരു പൊൻവാക്ക്
വാക്ക് പൊന്നായ് വരും കാലം
പൊന്നേ ഇനിയൊത്തുകൂടാം നമുക്ക്!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം 27-നു സക്കറിയയ്ക്ക് സമ്മാനിക്കും
Next articleവൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here