അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുരയെപ്പറ്റി വി. എം. ഗിരിജ

 

 

 

അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര വളരെ അടരുകളും ആഴങ്ങളും ഉള്ള ഒരു എഴുത്താണ്.കാടും അരുവിയും നഗരവും ,ആലോചിക്കയും അനുഭവിക്കയും ചെയ്യുന്ന ആളുകളും അതിൽ മിന്നി മിന്നി വായനക്കാരെ പ്രലോഭിപ്പിച്ചു ക്ഷണിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുര കത്തിച്ചു കളയുന്നു,ചാരം പോലും പാമ്പാർ വന്നു നക്കി എടുത്ത് കഴിഞ്ഞു… എങ്കിലും മനുഷ്യരോളം പ്രാധാന്യം മനുഷ്യരുടെ വികാര വിചാരങ്ങളുടെ ഖനിയായ പുസ്തകങ്ങൾക്കും നോവലിസ്റ്റ് തന്നിട്ടുണ്ട്.
ഇതിനു മുൻപേ ഞാൻ വായിച്ച സംഗീതാ ശ്രീനിവാസന്റെ ശലഭം പൂക്കൾ aeroplane എന്ന നോവലിലും എഴുത്തുകാർക്കും രചനാരീതികൾക്കും നല്ല പ്രാധാന്യം നല്കീട്ടുണ്ട്.ഇന്നത്തെ എഴുത്തുകാരെ രൂപപ്പെടുത്തുന്ന വഴികൾ സമാനം എന്ന് തോന്നിപ്പോവും.
റോബർട്ട് ബർട്ടൻ എഴുതിയ ദി അനാട്ടമി ഓഫ് മേലാങ്കോളി ഇതിന്റെ ഒരു അടിസ്ഥാന പുസ്തകം ആണ്. ആ പുസ്തകത്തിലൂടെയാണ് അവസാനം വരെ കഥ സഞ്ചരിക്കുന്നത്.നീലകണ്ഠൻ പരമാരാ,ആർതർ കൊനാൻ ഡോയിൽ ,ആയിരത്തൊന്നു രാവുകൾ,ഫ്‌ലാബെർ,എലീന ഫെറാൻ ,തീർച്ചയായും കാഫ്ക,റെയ്മണ്ട് കാർവർ,ദസ്തയെവ്‌സ്‌ക്കി,ലൂയിസ് കാറിൽ,ഇറ്റാലോ കാല്വിനോ,ഷെയ്‌്വസ്പിയർ,ടാഗോർ,റൂമി,പാസ്റ്റർനാക്ക്,പുഷ്കിൻ,ടോൾസ്റ്റോയ് ….നല്ല മലയാളി വായനക്കാരെ സ്വാധീനിച്ചിരുന്ന എത്രയോ എഴുത്തുകാർ ഓരോ താളിലും ഉണ്ട്.മലയാളിയുടെ നല്ല വായനയുടെ ഒരു ചരിത്രം ഇതിലുണ്ട് എന്നർത്ഥം.നെരൂദ ഇതിലെ പച്ചപ്പിന്റെയും കവിതയുടെയും പ്രണയത്തിന്റെയും പ്രതീകമാണ്.[.പല നാടുകളിലും പല കാലങ്ങളിലും എന്ന പോലെ.]
ഒരു കാട്ടിലെ ഇലകൾ പോലെ പുസ്തകത്തിൽ വാക്യങ്ങൾ ഇളകിക്കൊണ്ടിരിക്കണം എന്ന ഫ്‌ലാബെർ പറഞ്ഞ വാക്കുകളും കടന്നു ഇതിൽ കാട്ടരുവികളും ചന്ദ്രനും മൗനവും നിശ്ശബ്ദതയും പരക്കുന്നുണ്ട് ..അത് കൊണ്ടാണ് ഇത് സുന്ദരമായ ഒരു വായനാനുഭവം ആവുന്നത്
എന്നാൽ ഈ പുസ്തകങ്ങൾ ഒന്നും വായിക്കാത്തവർക്ക് ഈ പുസ്തകം ഒരു ബാലി കേറാ മല ആകും എന്ന് വിചാരിക്കണ്ട.വളരെ നന്നായി നമുക്ക്ക് മനസ്സിലാക്കാൻ ആകും ഇതിലെ ഓരോ മനസ്സും.തുറന്നു പറയാൻ നിൽക്കാതെ ,തുറന്നു വായിക്കാൻ അരണ്ട നിലാവിന് സ്വന്തം മനസ്സ് തീർ എഴുതി കൊടുക്കുന്നവരാണ് മിക്ക കഥാ പാത്രങ്ങളും.ജോസഫിന്റെ പാത്ര ഘടനയിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തിരിവുണ്ട്.സൂസന്നയെ അവളാക്കി നില നിർത്താനാണ് അയാൾ അവളെ ഉപേക്ഷി ച്ചത്.പക്ഷെ അവളെ തൊടാൻ പറ്റാത്ത വിധം അവളെ ചുഴന്നു നിൽക്കുന്ന മറ്റു മനുഷ്യാനുഭവങ്ങൾ ആയ പുസ്തകങ്ങൾ അയാളെ അസ്വസ്ഥൻ ആക്കുന്നു.പുറത്തു പോയ അയാൾ ശാന്തിയെ പറ്റി പറയുന്നു എങ്കിലും അശാന്തനാണ്.
അലിയുടെ മറ്റൊരു രൂപമാണ് ചന്ദ്രൻ എന്ന് തോന്നും.മറ്റൊരു ദേഹത്തിൽ മറ്റൊന്നായി വളർന്ന അതെ വിത്ത്.അലി സ്നേഹ ജീവിതം കൊതിച്ചു.ചന്ദ്രൻ സ്ഥിരതകളെ പേടിച്ചു.അമുദ,ഫാഥ്വിമ,കൃഷ്ണൻ,അഭി,സരസ,ഇക്‌ബാൽ,കൊച്ചി നഗരം എന്ന തിരക്ക് പിടിച്ചതും എന്നാൽ ഏകാകികളെ സൃഷ്ടിക്കുന്നതുമായ ദേശം ,ഹൈറേഞ്ച് പ്രദേശങ്ങളിലെ ഏകാന്തതകൾ ഇവയെല്ലാം പോകുന്നത് മനുഷ്യരെ മനുഷ്യരാക്കുന്ന സ്നേഹ സാന്ദ്രതകളെ അളക്കാൻ ആണ്.
സൂസന്നയുടെ ഗ്രന്ഥപ്പുര പുസ്തകങ്ങളുടെയും മനുഷ്യ സംസ്കാരത്തിന്റെയും ചരിത്രത്തിലൂടെ സഞ്ചരിക്കുന്നു.ഈ പുസ്തകം വായിച്ചത് വളരെ സന്തോഷത്തോടെ അഭിമാനത്തോടെ.
അജയ് പി മാങ്ങാട്ടിനു അഭിനന്ദനം.
പ്രസാധകർ മാതൃഭൂമി ബുക്ക്സ്.

കടപ്പാട്: Vm Girija

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here