ഒ വി വിജയൻറെ സ്മരണക്കായി ഒ വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ നോവൽ പുരസ്‌കാരത്തിന് ശ്രീ.വി ജെ ജെയിംസ് രചിച്ച ‘ആന്റി ക്ലോക്ക്’ എന്ന നോവൽ അർഹമായി. 25000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
അവർഡിനെക്കുറിച്ചു എഴുത്തുകാരന്റെ പ്രതികരണം ചുവടെ:
“എഴുത്തിന്റെ വഴിയിൽ മാനസ ഗുരുവായി സ്വീകരിച്ച ഒ.വി.വിജയന്റെ പേരിലുള്ള നോവൽ അവാർഡ് ” ആൻറിക്ലോക്കി “നു ലഭിക്കുമ്പോൾ ഗുരുകടാക്ഷമായി സ്വീകരിക്കുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും കാണാതിരുന്നതായി തോന്നിയിട്ടേ ഇല്ല. എഴുത്ത് തന്നെയാണല്ലോ എഴുത്തുകാരൻ. എനിക്ക് ആദ്യമായി ലഭിച്ച അംഗീകാരമായ, “പുറപ്പാടിന്റെ പുസ്തക ” ത്തിനുള്ള ഡി.സി.ബുക്ക് സ് നോവൽ അവാർഡിന്റെ ശില്പം രൂപകല്പന ചെയ്തത് ഒ.വി. വിജയൻ ആയിരുന്നുവെന്നതും ആഹ്ളാദത്തോടെ ഓർക്കുന്നു. ആദ്യമായാണ് തസ്രാക്കിലേക്ക് .
കാലം അവിടേക്ക് ക്ഷണിക്കുമ്പോൾ ഒപ്പം പ്രിയങ്കരനായ അയ്മനം ജോൺ , കഥയുടെ പുരസ്കാരം ഏറ്റുവാങ്ങാനായി ഉണ്ടാവും എന്നത് ഇരട്ടി സന്തോഷം. യുവകഥാ പുരസ്കാരം നേടിയ ആർ. പ്രഗിൽനാഥിന് പ്രത്യേകം അനുമോദനങ്ങൾ. ഒപ്പം നില്ക്കുന്ന വായനാ സൗഹൃദങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ.”