ഇന്ത്യതന്നാത്മാവിന്നാവനാഴിയിൽ നിന്നുതിർന്നൊരായിരം
തീജ്വാലകളെൻ ചുറ്റിലും
മനസാം മരീചികയിലൊരിറ്റു ദാഹനീരിനായ് പരതിപ്പരതി-
ത്തളർന്നു തെല്ലിരുന്നു.
സെെന്ധവചരിത സ്മരണകളിലെങ്ങോ കണ്ണുടക്കിയന്ധാളിച്ചൊരു-
വേളയെന്നഹം വേദാർത്ഥ ഗഹനങ്ങളിലേക്കൂഴ്ന്നിറങ്ങിയെങ്കിലും
ഇനിയും ചൊല്ലുകളറിയാതെ-
യെന്തെന്തു ചിന്തുകൾ!
മഗധയുടെ ഉയർച്ചയും അശോകപ്പെരുമയും
ഗുപ്തസുവർണ ചരിതവും
ചികഞ്ഞു ഞാൻ, ചേര-ചോള-
പാണ്ഡ്യ സംസ്ക്യതിയും
പുകൾ പെറ്റ സംഘകൃതികളും സ്വന്തമാക്കി ഞാൻ…
പുരാണേതിഹാസങ്ങൾ ഒന്നല്ല,
പലകുറി, തിരിച്ചും മറിച്ചുമാവർത്തി- ച്ചുവെങ്കിലും നാടുമുടിക്കുന്ന ചോരകുടിക്കുന്ന
അന്തമില്ലാതങ്ങു നീളുന്ന ക്രൂരത-
ക്കന്ത്യമായില്ലിതുവരേക്കും
കൂടെയുള്ളവർ കൂടെപ്പിറപ്പുകൾ
എന്നുരിയാടാൻ പഠിക്കണം നാം
കൊടി വർണങ്ങളിൽ സമത്വസാ- ഹോദര്യ ബന്ധത്തിന്നാഴങ്ങൾ രചിച്ചു തോളോടുതോൾ ചേരണമിന്നു നാം
ഹിംസിക്കരുതൊന്നിനെയുമെന്നെോരു മാത്രഗാന്ധി വചനമുരുവിട്ടു പഠിക്കേണമിന്നു നാം
ബുദ്ധനും മഹാവീരനും കബീറും ഗുരുും
പിന്നെയും പിന്നെയും എത്രയോ മഹത്തുക്കൾ ചൊരിഞ്ഞതൊന്നുമേ മറക്കരുതീതലമുറ
ഉയിർത്തെഴുന്നേറ്റുരുവിടാം ധീരമായ് ഇതെൻ്റെയിന്ത്യയൊരൊറ്റയിന്ത്യയെന്നുമൊരൊറ്റ ജനതയെന്നും