ഉത്തരാഖണ്ഡിലൂടെ (ഭാഗം-2

(തിളങ്ങുന്ന ഗുഹയുടെ രഹസ്യം തേടി)

ട്രെയിന്‍ നീണ്ട തുരങ്കത്തില്‍ കൂടി പൊയ്‌ക്കൊണ്ടിരിക്കവേ റസ്കിന്‍ ബോണ്ടിന്റെ പഴയൊരു കഥ ഓര്‍മ്മ വന്നു.

ഇത് പോലെ കാടിന്റെ നടുവില്‍ ഉള്ള ഒരു റെയില്‍വേ സ്‌റ്റേഷന്റെയും അവിടുത്തെ ഒരു ജീവനക്കാരന്റെയും കഥ ആണ്. വീടും കൂടും ഒന്നും ഇല്ലാത്ത അയാള്‍ക്ക് കൂട്ടായി അനാഥനായ ഒരു ബാലന്‍ കൂടി വന്നു ചേരുന്നു. കിടക്കാന്‍ ഒരിടം ഇല്ലാത്തതിനാല്‍ അവന്‍ കിടന്നുറങ്ങുന്നത് ആ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ആണ്. ചില രാത്രികളില്‍ അവരെ തേടി വ്യത്യസ്തനായ ഒരു അതിഥി കൂടി വരുന്നു.

ഭീമാകാരന്‍ ആയ ഒരു പുള്ളിപ്പുലി ആണ് ആ അതിഥി. ആദ്യം ഒക്കെ ഇവര്‍ക്ക് അവനെ പേടി ആയിരുന്നു. എന്നാല്‍ ആ പുള്ളിപ്പുലി തങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് അവര്‍ സാവധാനം മനസിലാക്കുന്നു.

ഇടയ്ക്കു ഒന്ന് നാട് ചുറ്റി കാണാന്‍ അങ്ങോട്ട് വരുന്നേ ഉള്ളൂ. അവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശം ഒന്നും അവനില്ല. പിന്നെയുള്ള രാത്രികളില്‍ അവര്‍ രണ്ട് പേരും ആ പുലിയുടെ വരവിനായി കാത്തിരിക്കാന്‍ തുടങ്ങി.

ഒരു ദിവസം രാത്രി പതിവ് പോലെ അവന്‍‍ ആ സ്റ്റേഷന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സ്റ്റേഷന് മുന്നിലെ ചെറിയ പുല്‍ത്തകിടിയില് ‍അവന്‍ വന്നിരിക്കുന്നതും ദേഹത്തു വന്നിരിക്കുന്ന പ്രാണികളെ തല കുലുക്കി ഓടിക്കുന്നതുമൊക്കെ അകത്തു നിന്നും ജനാലയിലൂടെ അവര്‍ നോക്കിക്കണ്ടു. പക്ഷെ അത് കഴിഞ്ഞു അവന്‍ എങ്ങോട്ടാണ് ഓടിപ്പോയത് എന്ന് കാണുമ്പൊള്‍ അവര്‍ ഞെട്ടിപ്പോയി. വീതി കുറഞ്ഞ തുരങ്കത്തിലേക്കാണ് അവന്‍ ഓടിക്കയറിയത്. ഏതാനും മിനിറ്റുകള്‍ക്കിടയില്‍ അടുത്ത ട്രെയിന്‍ എത്തിച്ചേരും. പുലി തുരങ്കത്തിനു അകത്തു ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടിച്ചു വീഴ്ത്തും. ഏതു വിധേനയും പുലിയെ തുരങ്കത്തില്‍ നിന്നും പുറത്തു
ചാടിക്കണം എന്ന് അവര്‍ ഉറപ്പിക്കുന്നു. ഒരു ചെറിയ പന്തവും കൊട്ടി പേടിപ്പിക്കാന്‍ ഒരു തകരപ്പാട്ടയുമായി അവര്‍ രണ്ടു പേരും തുരങ്കത്തിലേക്കു കയറി പോകുന്നു. ദൂരെ നിന്നും ട്രെയിന്‍ തുരങ്കത്തെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ ആ തുരങ്കത്തിന്റെ അങ്ങേ തലക്കല്‍ അവര്‍ പുലിയെ കണ്ടു മുട്ടുന്നു. ബഹളം ഉണ്ടാക്കി അവര്‍ ആ പുലിയെ പുറത്തു ചാടിച്ചതും ട്രെയിന്‍ അകത്തേക്ക് ഇരച്ചു കയറിയതും ഒരുമിച്ചു ആയിരുന്നു. ആ കഥ അങ്ങനെ ശുഭ പര്യവസായി ആയി അവസാനിക്കുന്നു.

അനൗണ്‍സെമെന്റു മുഴങ്ങി. ഞങ്ങളുടെ ട്രെയിന്‍ ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിച്ചു.

ചെറിയ ഒരു റെയില്‍വേ സ്‌റ്റേഷന്‍. അന്തരീക്ഷത്തില്‍ തണുപ്പ് വ്യാപിച്ചു തുടങ്ങിയിരുന്നു. ഒരു ഓട്ടോ പിടിച്ചു നേരെ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് വിട്ടു. ഓട്ടോ മിനിമം ചാര്‍ജ് മാത്രമെ എടുത്തുള്ളൂ.

ഏഴു മണി ആയതോടെ ഞങ്ങള്‍ ശിവം എന്ന് പേരുള്ള ഹോട്ടലില്‍ എത്തി ചേര്‍ന്നു. അവസാന നിമിഷം വിളിച്ചു പറഞ്ഞു ചെന്നത് കൊണ്ട് മൂന്നാമത്തെ നിലയില്‍ ഉള്ള ഒരു മുറിയാണ് കിട്ടിയത്. മുറി തുറന്നു പുറത്തേക്കു ഇറങ്ങുന്നത് ഓപ്പണ്‍ ടെറസിലേക്കാണ്. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ മലനിരകളുടെ മനോഹരമായ ദൃശ്യം കാണാം. ചെന്ന പാടെ കുളിച്ചതിനു ശേഷം കഴിക്കാനായി താഴത്തെ നിലയിലേക്ക് ചെന്നു.

ഞാന്‍ റൊട്ടിയും, ഷാഹി പനീറും രാഹുല്‍ ഫ്രൈഡ്‌ റൈസും ചിക്കന്‍ ചില്ലിയും ഓര്‍ഡര്‍ ചെയ്തു. യര്‍ ചെയ്തു കഴിച്ചു. നല്ല രുചി ഉണ്ടായിരുന്നു. അത്താഴം കഴിഞ്ഞതിനു ശേഷം പുറത്തെ റോഡില്‍ കൂടി ഒന്ന് ചുറ്റിയടിച്ചു. തണുപ്പ് കൂടി തുടങ്ങിയപ്പോള്‍‍ റൂമിലേക്ക് തിരികെ നടന്നു.

രാവിലെ തന്നെ കുളിച്ചു റെഡി ആയി. അന്ന് ആദ്യം ഞങ്ങള്‍ പോകുന്നത് റോബര്സ് കെവിലേക്കു ആണ്. നാട്ടുകാര്‍ക്കിടയില്‍ ഗുച്ചു പാനി എന്നും അറിയപ്പെടുന്നു.

എന്താണ് ശരിക്കും ഈ റോബ്ബര്‍സ് കേവ് എന്ന് നോക്കാം. ഹിമാലയ പർവ്വതനിരകളുടെ ഭാഗമായി വരുന്നു വളരെ ഇടുങ്ങിയ നീളമേറിയ ഒരു ഗുഹ ആണ് റോബ്ബര്‍സ് കേവ്. ഈ ഗുഹക്ക് ഏകദേശം ഒരു കിലോമീറ്ററിന് അടുത്ത് നീളമുണ്ട്. ഗുഹകള്‍ ഹിമാലയത്തില്‍ ഇഷ്ടം പോലെ ഉണ്ട്. പക്ഷെ ഇതിന്‍റെ പ്രത്യേകത എന്തെന്ന് വച്ചാല്‍ ഈ ഇടുങ്ങിയ ഗുഹക്ക് ഉള്ളില്‍ കൂടി ഭൂമിക്ക് അടിയില്‍ കൂടി ഒരു നദി ഒഴുകുന്നു എന്നുള്ളതാണ് ഐസ് പോലെ തണുത്ത വെള്ളം ഒഴുകുന്ന ഒരു നദി. ആ ഗുഹയില്‍ കൂടി അങ്ങേ അറ്റത്തേക്ക് നടന്നു ചെന്നാല്‍ മനസിനെ കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച കാത്തിരിക്കുന്നു. അതിനെ പറ്റി വിശദമായി വഴിയേ പറയാം….

രാവിലത്തെ ബസ് യാത്ര ഞങ്ങളെ നന്നായി തളര്‍ത്തിയിരുന്നു. ശരീരത്തില്‍ നിന്നും നഷ്ടമായ ജലത്തെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി മിനറല്‍ വാട്ടര്‍ ധാരാളം മേടിച്ചു കുടിച്ചു കൊണ്ടേയിരുന്നു. പിന്നെ അവിടെ വഴിയോരങ്ങളില്‍ വെള്ളരി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാം. അതില്‍ കുറച്ചു മസാലയും പുരട്ടി തരും. അത് മേടിച്ചു കഴിച്ചാല്‍ ഏതു ക്ഷീണവും പമ്പ കടക്കും. റോബ്ബന്‍സ് കെവിന്‍റെ തുടക്കത്തിലേക്കു ചെല്ലണം എങ്കില്‍ കുറച്ചു നടക്കാന്‍ ഉണ്ട്. വെള്ളരിയും മിനറല്‍ വാട്ടറും കഴിച്ചു ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തി ചേര്‍ന്നു.

പുറത്തു നിന്ന് കണ്ട കാഴ്ച തന്നെ ഞങ്ങളുടെ മനസ്സ് കുളിര്‍പ്പിക്കുന്നതായിരുന്നു. വലിപ്പമേറിയ ഗുഹാമുഖവും അതിനുള്ളില്‍ കൂടി ഒഴുകി വരുന്ന അരുവിയും കണ്ടതോടെ ശരീരത്തിലേക്ക് അഡ്രിനാലില്‍ ഇരച്ചെത്തി. വെള്ളത്തിനുള്ളിലേക്ക് കാല്‍ എടുത്തു വച്ചതും പാദത്തില്‍ നിന്നും തല വരെ തണുപ്പ് കയറി നിറഞ്ഞു. അത് വരെ വന്ന സകല ക്ഷീണവും ഞങ്ങള്‍ മറന്നു. ഇത് ഒരു കിടിലന്‍ അനുഭവം ആവുമെന്ന് അപ്പോള്‍ തന്നെ മനസ്സ് പറഞ്ഞു.

ഞങ്ങള്‍ അകത്തേക്ക് നടക്കാന്‍ തുടങ്ങി. നടക്കും തോറും ആഴം കൂടി വരുന്നുണ്ട്. പല സ്ഥലങ്ങളിലും ഒരാള്‍ക്ക് മാത്രം പോകാനുള്ള വീതിയെ ഉള്ളൂ.

ഉള്ളിലേക്ക് നടക്കും തോറും ആഴം കൂടി കൂടി വന്നു. സൂര്യ പ്രകാശം ഒട്ടും കടന്നു വരാത്ത ഭാഗങ്ങള്‍ ഉണ്ട്. കുറച്ചു ദൂരം ഇരുട്ടിലൂടെ നടന്നിട്ട് പിന്നെ സൂര്യ പ്രകാശത്തിലേക്കു വരുന്നത് ഒരു വല്ലാത്ത അനുഭവം തന്നെ ആണ്. മറ്റൊരു അത്ഭുതം ഈ ഗുഹയുടെ ഭിത്തി ആണ്. നനവ് പറ്റിയ പാറക്കെട്ടുകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. ആ പാറക്കെട്ടുകളില്‍ അടങ്ങിയിരിക്കുന്ന ലൈം സ്റ്റോണ്‍ ആണ് ആ തിളക്കത്തിനു പിന്നിലെ രഹസ്യം..

നടന്നു നടന്നു ഒടുവില്‍ ഞങ്ങള്‍ അതിന്റെ അറ്റത്തു എത്തിച്ചേര്‍ന്നു.

സുന്ദരമായ ഒരു സിനിമ അതിന്റെ ക്ലൈമാക്സില്‍ എത്തിച്ചേരുന്നതു പോലെ ഞങ്ങളുടെ യാത്രയുടെ ക്ലൈമാക്സ് ഞങ്ങളെ അവിടെ കാത്തിരിക്കുണ്ടായിരുന്നു. മുകളില്‍ നിന്നും ഒഴുകി വരുന്ന ഒരു അരുവി ഒരു ചെറുവെള്ള ചാട്ടം ആയി താഴേക്കു പതിക്കുന്ന മനോഹര ദൃശ്യം ഞങ്ങള്‍ കണ്‍കുളിര്‍ക്കെ നോക്കി നിന്നു. വെള്ളച്ചാട്ടങ്ങള്‍ നോക്കി നില്ക്കാന്‍ ഉള്ളതല്ലല്ലോ. ഞാന്‍ വസ്ത്രം എല്ലാം മാറി വെള്ളത്തിലേക്ക് എടുത്തു ചാടി. രാഹുല്‍ പക്ഷെ ആ സാഹസത്തിനു മുതിര്‍ന്നില്ല. ആ സമയം കൊണ്ട് അവന്‍ ചുറ്റുമുള്ള മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നു.

ഞാന്‍ ആ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ മതി വരുവോളം നിന്നു. പേരറിയാത്ത ഏതോ ഔഷധ സസ്യങ്ങളെ തഴുകി കടന്നു വരുന്ന ഊര്‍ജദായിനിയായ ജലത്തിന്റെ തലോടല്‍ മതി വരുവോളം ആസ്വദിച്ചു.

കുളിക്കുന്നതിനായി കുറച്ചു സ്ഥലമേ ഉള്ളൂ. പക്ഷെ ആ കുറച്ചു സ്ഥലത്ത് എല്ലാവരും അഡ്ജസ്റ്റ് ചെയ്തു കുളിക്കുന്നു . എല്ലാം ആ ജലത്തിന്റെ മാജിക്. അതില്‍ എല്ലാ പരിമിതികളും മറക്കപ്പെടുന്നു.

അവിടെ നിന്നും തിരികെ മടങ്ങാന്‍ തോന്നിയില്ല. പക്ഷെ തിരികെ പോയല്ലേ പറ്റൂ. ഒരു സഞ്ചാരി എന്നാല്‍ അങ്ങനെ ആയല്ലേ പറ്റൂ. ആനന്ദിപ്പിക്കുന്ന ഓരോ കാഴ്ചകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയല്ലേ അവന്റെ ജീവിതം. അടുത്ത ലക്‌ഷ്യം ഞങ്ങളെ കാത്തിരിക്കുന്നു.

അടുത്തതായി ക്ലമന്റ് ടൗണില്‍ ഉള്ള ബുദ്ധ ക്ഷേത്രത്തിലേക്കാണ് പോകാനുള്ളത്. ഞങ്ങള്‍ കരയ്ക്ക് കയറി. ബ്സ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു തുടങ്ങി….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here