ഉത്തരാഖണ്ഡിലൂടെ – ഭാഗം 1

എന്താണ് കാരണം എന്നറിയില്ല. ഉത്തരേന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം ഗംഗ നദിയുടേത് ആണ്. കുറെക്കാലം ഉത്തര്‍പ്രദേശില്‍ ആയിരുന്ന അച്ഛന്‍ പറഞ്ഞു തന്ന മിക്ക വിവരണങ്ങളിലും ഗംഗ ഒരു കഥാപാത്രം ആയിരുന്നു. അത് കൊണ്ടായിരിക്കാം മനസ്സില്‍ ഗംഗാ നദി അങ്ങനെ പതിഞ്ഞു കിടക്കുന്നത്. കല്ലടയാറും അതിന്റെ അക്കരെ ഇക്കരെ പോകുന്ന കടത്തു വള്ളങ്ങളും കണ്ടു അത്ഭുതപ്പെട്ട ബാല്യത്തിലെ ദിവാസ്വപ്നങ്ങളില്‍ കപ്പലുകള്‍ വരെ അനായാസം സഞ്ചരിക്കുന്ന ഗംഗാ നദി അങ്ങനെ ഒരു അത്ഭുത സാന്നിധ്യമായി മാറി. അത് കൊണ്ട് തന്ന ഉത്തരാഖണ്ഡിലേക്കു പോകാനായി ഒരു അവസരം ഒത്തു വന്നപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഗംഗാ നദി കാണാമല്ലോ എന്ന സന്തോഷം ആയിരുന്നു.

യാതൊരു പ്ലാനിങ്ങും ഇല്ലാതെ നടത്തിയ ഒരു യാത്രയായിരുന്നു. അത് കൊണ്ട് തന്നെ ആവണം വര്‍ഷം രണ്ടു കഴിഞ്ഞിട്ടും അതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും വിട്ടു പോകാതെ ഇടയ്ക്കിടെ മനസ്സിന്റെ വാതില്‍ തള്ളി തുറന്നു വരുന്നത്. എന്റെ തന്നെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ ഗംഭീര തയാറെടുപ്പോടെ നടത്തിയ പല യാത്രകളും ഉദ്ദേശിച്ച ഒരു ഫീല്‍ തരാതെ പോയിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് തട്ടിക്കൂട്ടി നടത്തിയ പല യാത്രകളും മനസ്സില്‍ ആഴത്തിലുള്ള ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.

രണ്ടു വര്ഷം മുന്‍പ് ജോലിയുടെ ഭാഗമായി കുറെ നാള്‍ ഡല്‍ഹിയില്‍ പോയി നില്‍ക്കേണ്ടി വന്നു. ആദ്യത്തെ ഒരു മാസത്തിന്‍റെ ഉള്ളില്‍ തന്നെ ഡല്‍ഹിയിലെ ഒട്ടു മിക്ക കാഴ്ചകളും കണ്ടു തീര്‍ത്തു. അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം സഹപ്രവര്‍ത്തകന്‍ രാഹുലിനുമൊപ്പം രാജീവ് ചൗക്കില്‍ നിന്നും നോയിഡ സിറ്റി സെന്ററിലേക്കുള്ള ഒരു മെട്രോ യാത്രയില്‍ വച്ച് അടുത്ത മൂന്നു ദിവസത്തെ അവധി എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിക്കവേ എന്റെ മനസ്സില്‍ പെട്ടെന്ന് ബള്‍ബ് കത്തുന്നു. നമുക്ക് ഉത്തരാഖണ്ഡിലേക്കു വിട്ടാലോ? ഇത് എന്റെ ചോദ്യം ആണ് .

” ഇന്ന് രാത്രി പോണോ അതോ നാളെ രാവിലെ പോയാല്‍ മതിയോ “ഇത് രാഹുലിന്‍റെ ഉത്തരം.

ഇങ്ങനെയുള്ളവര്‍ കൂടെ ചേരുമ്പോഴാണ് യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്. പിറ്റേ ദിവസം രാവിലെ പോകാം എന്ന് തീരുമാനിച്ചു. ആ സമയം മെട്രൊ ട്രെയിന്‍ യമുനാനദിയുടെ മുകളിലൂടെ കടന്നു പോവുകയായിരുന്നു. പുരാണത്തിലെ ശ്രീകൃഷ്ണന്റെ ലീലകള്‍ക്ക് സാക്ഷിയായ ആ യമുന താഴെ ഒരു രേഖ പോലെ കിടക്കുന്നു. വെള്ളത്തിന് കറുത്ത നിറം. ഒരു കര നിന്നു നോക്കിയാല്‍ മറു കര കാണാത്ത അത്ര വീതി ഉണ്ട്. പക്ഷെ വെള്ളത്തിന്റെ ഒഴുക്ക് ഒരു അരികില്‍ മാത്രം ആയി ഒതുങ്ങിയിരുന്നു. മനസ്സില്‍ എവിടെയോ ഒരു തോന്നല്‍ ഇനി ഗംഗാ നദി കാണുമ്പോഴും ഇത് തന്നെ ആകുമോ അവസ്ഥ…..

തൊട്ടടുത്ത ദിവസം രാവിലെ വിശുദ്ധനായ സൂഫി നിസാമുദീന്‍ ഔലിയയുടെ പേരില്‍ തലയെടുപ്പോടെ നില്‍ക്കുന്ന റയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ചു. ആദ്യം ഹരിദ്വാര്‍ അത് കഴിഞ്ഞു ഡെറാഡൂണ്‍, പിന്നെ ഋഷികേശ് ഇതായിരുന്നു ഞങ്ങളുടെ പദ്ധതി. വണ്ടി ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങള്‍ കഴിഞ്ഞതോടെ ഉത്തരേന്ത്യന്‍ ഗ്രാമ ജീവിതത്തിന്‍റെ നേര്‍രേഖ ചിത്രങ്ങള്‍ കാണിച്ചു തന്നു കൊണ്ട് യാത്ര തുടര്‍ന്നു. അകത്തു നല്ല തിരക്ക് ഉണ്ടായിരുന്നു. കേരളത്തിന്‍റെ കംഫര്‍ട്ട് സോണില്‍ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററോളം ദൂരെ തീര്‍ത്തും അപരിചിതമായ ഗ്രാമങ്ങളില്‍ കൂടി അപരിചിതരായ ആള്‍ക്കാരോടൊപ്പം ആണ് സഞ്ചരിക്കുന്നത് എന്ന ചിന്ത മനസിനെ ഇടക്കിടെ ജാഗരൂകമാക്കിക്കൊണ്ടിരുന്നു. ഭാഷ പോലും നല്ല വശമില്ല സുന്ദര്‍ പിച്ചയുടെ പ്ലേ സ്റ്റോറില്‍ നിന്നും ഒരു ഹിന്ദി ട്രാന്‍സ്ലേറ്റര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇട്ടിട്ടുണ്ട്. അത് ഉള്ളതിന്റെ ബലത്തില്‍ ആണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. അതൊരു ഓണ്‍ലൈന്‍ ആപ്പ് ആണ് നെറ്റ് എങ്ങാനും കട്ട് ആയി കഴിഞ്ഞാല്‍ പിന്നെ യോദ്ധ സിനിമയില്‍ ജഗതി പറയുന്ന പോലെ ഒക്കെ പറയേണ്ടി വരും. എന്റെ വലതു വശത്തു ഇരിക്കുന്ന ഒരു കപ്പടാ മീശക്കാരന്റെ കയ്യില്‍ ഇരുന്ന ആട്ടിന്‍ കുട്ടി ഇടയ്ക്കിടെ എന്റെ കയ്യില്‍ ചെറുതായി നക്കി. അതിന്‍റെ തല പിടിച്ചു മാറ്റാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ കപ്പടാ മീശ ഞാന്‍ എന്തോ വലിയ അപരാധം ചെയ്ത മട്ടില്‍ രൂക്ഷമായി ഒന്ന് നോക്കി. ഞാന്‍ പതുക്കെ കൈ പിന്‍വലിച്ചു. ഒടുവില്‍ വൈകുന്നേരം നാലു മണി ആയതോടെ ഞങ്ങല് ഹരിദ്വാറില്‍ എത്തി ചേര്‍ന്നു. അഞ്ചു മണിക്കാണ് ഡെറാഡൂണിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെടുന്നത്. അതുവരെ നില്‍ക്കണം. നല്ല വിശപ്പ് ഉണ്ടായിരുന്നു. അടുത്ത കണ്ട ഒരു കടയില്‍ പോയി രണ്ടു പറാത്ത കഴിച്ചു. ഗോതമ്പ് വച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണിത് ആലൂ പറാത്ത ആണെങ്കില്‍ ഉരുള കിഴങ്ങും ചേര്‍ത്തിട്ടുണ്ടാകും. കൂടെ തൈര് ഉണ്ടാകും. അതില്‍ തൊട്ടു കഴിച്ചോണം. ഓരോ നാടുകളിലും ഭക്ഷണ ശീലങ്ങള്‍ മാറുന്ന പോക്കെ.

കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ പൊറോട്ട ബീഫ് കറിയില്‍ മുക്കി ചൂട് ചായയും മൊത്തി കുടിക്കേണ്ടതാണ്. ഈ പുണ്യ പുരാതന നഗരം ആയ ഹരിദ്വാറില്‍ വച്ച് ബീഫ് എന്ന് എങ്ങാനും മിണ്ടിക്കഴിഞ്ഞാല്‍ അടി ഉറപ്പാണ്. അതുകൊണ്ടു ഞങ്ങള്‍ പറാത്ത കഴിച്ചു വിശപ്പടക്കി. ക്ഷീണം മാറിയതോടെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു. പോകാനുള്ള ട്രെയിന്‍ വന്നിരുന്നു. അകത്തു ചെന്ന് സീറ്റില്‍ ഇരുന്നു. തിരക്ക് കുറവായിരുന്നു. ഇത് വരെ വയലുകള്‍ക്ക് നടുവിലൂടെ ആണ് വന്നതെങ്കില്‍ ഇനി കാടിന്റെ നടുവിലൂടെ ഉള്ള യാത്രയുടെ സുഖം തുടങ്ങുകയായിരുന്നു . ഷൊര്‍ണൂര്‍ നിലമ്പൂര്‍ റൂട്ടില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ആ യാത്ര എന്താണെന്ന്. രണ്ടു വശത്തും അതിരിടുന്ന തേക്കിന്‍ കാടുകള്‍ക്കു നടുവിലൂടെ സമൃദ്ധമായി ലഭിക്കുന്ന ഓക്സിജന്‍ ശ്വാസ കോശത്തിലേക്കു വലിച്ചു നിറച്ചു കൊണ്ടുള്ള ആ യാത്രയുടെ സുഖം ഒന്ന് വേറെ തന്നെ ആണ്. നമ്മുടെ കൊല്ലം ചെങ്കോട്ട റയില്‍ പാതയില്‍ ചിലയിടങ്ങളിലും ഈ ഒരു അനുഭവം ലഭിക്കാറുണ്ട്. കുറച്ചു കഴിഞ്ഞതോടെ വണ്ടി ഒരു കുഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. കാൻസ് റാവു എന്നാണ് പേര്. റെയില്‍വേ സ്റേഷന്‍ എന്ന് പറയുമ്പോള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ഒന്നും സങ്കല്പികരുത്. മഞ്ഞ പെയിന്റ് അടിച്ച ഒരു കുഞ്ഞു കെട്ടിടം. ഓട് ഇട്ട മേല്‍ക്കൂര. മുകളില്‍ ചുവപ്പും,താഴെ മഞ്ഞയും പെയിന്റ് അടിച്ചിരിക്കുന്നു. മുന്‍വശത്തു മുഴുവന്‍ ചരല്‍ പാകിയിരിക്കുന്നു. അകത്തേക്ക് കയറുന്നതിനായി കമാനത്തിന്റെ ആകൃതിയില്‍ മൂന്നു ഗേറ്റുകള്‍ പണിഞ്ഞു വച്ചിരിക്കുന്നു. ഒരു ഗേറ്റു മാത്രം തുറന്നു ഇട്ടിട്ടുണ്ട്. ആരെങ്കിലും അവിടെ ഇറങ്ങുന്നതോ കയറുന്നതോ കണ്ടില്ല. ഒരു ജീവനക്കാരെ പോലും ആ പരിസരത്തു എങ്ങും കണ്ടില്ല. പുറത്തു ഇറങ്ങി തച്ചും പുറത്തു ഫോട്ടോ എടുക്കാന്‍ തുടങ്ങി. സമയം കുറെ കഴിഞ്ഞിട്ടും ട്രെയിന്‍ എടുക്കുന്നില്ല. മനസ്സില്‍ പല വിധ സംശയങ്ങള്‍ ഉടലെടുത്തു തുടങ്ങി. ഉത്തരേന്ത്യയില്‍ ഒക്കെ ട്രെയിന്‍ നിര്‍ത്തി ഇടുമ്പോള്‍ അതില്‍ കയറി കവര്‍ച്ച നടത്തുന്ന കൊള്ളക്കാരെ പറ്റിയുള്ള വാര്‍ത്തകള്‍ ധാരാളം വായിച്ചിട്ടുണ്ട്. ഇനി ഇവിടെ അത്തരത്തില്‍ ഉള്ള എന്തെങ്കിലും പദ്ധതി ആണാവോ.

ട്രെയിന്‍ ജീവനക്കാരും കാട്ടുകള്ളന്മാരും തമ്മില്‍ ഉള്ള എന്തെങ്കിലും ഗൂഡ ആലോചനയുടെ ഭാഗം ആയിട്ടാണാവോ ഇവിടെ ട്രെയിന്‍ നിര്‍ത്തി ഇട്ടിരിക്കുന്നത്. അല്ലെങ്കില്‍ എന്താണ് ഇത്ര നേരവും ട്രെയിന്‍ നിര്‍ത്തി ഇട്ടിട്ടും സ്റ്റേഷനിലെ ജീവനക്കാര്‍ ഒന്നും പുറത്തു ഇറങ്ങാത്തത്. അതിനിടെ നെറ്റില്‍ നോക്കിയപ്പോള്‍ ആ പ്രദേശത്തെ പറ്റി മറ്റു ചില വിവരങ്ങളും അറിയാന്‍ കഴിഞ്ഞു. ഈ വനമേഖല രാജാജി നാഷണല്‍ പാര്‍ക്കിന്റെ ഒരു ഭാഗം ആണ്. സ്ഥിരമായി ആനകള്‍ ഇറങ്ങുന്ന ഒരു മേഖല ആണ്. റെയില്‍ ട്രാക് മുറിച്ചു കടക്കുന്ന ആനകള്‍ പല തവണ ട്രെയിന്‍ മുട്ടി ചരിഞ്ഞിട്ടുണ്ട്. അതിനാല്‍ ഈ റൂട്ടില്‍ പോകുന്ന തീവണ്ടികള്‍ വേഗം കുറച്ചേ പോകാവൂ എന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇലകളുടെ അനക്കമോ ഒരു ചിന്നം വിളിയോ പ്രതീക്ഷിച്ചു ഞങ്ങള്‍ ഫോട്ടോ എടുപ്പ് തുടര്‍ന്നു. പെട്ടെന്നാണ് ഞങ്ങള്‍ നിന്നതിനു എതിര്‍വശത്തെ മരങ്ങളുടെ ഇടയില്‍ നിന്നും ഒരു മനുഷ്യന്‍ ഹിന്ദിയില്‍ എന്തോ അലറിക്കൊണ്ട് ഞങ്ങളുടെ നേരെ പാഞ്ഞടുത്തത്. അയാളുടെ ഒരു കയ്യില്‍ ഒരു വലിയ വടി ഉണ്ടായിരുന്നു. ഞങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ അയാളുടെ കയ്യില്‍ കൊടുക്കാന്‍ ആണ് അയാള്‍ അലറുന്നത് എന്ന് മനസ്സിലായി. ഞങ്ങള്‍ രണ്ടു പേരും ആകുന്ന അത്ര വേഗത്തില്‍ ട്രെയിന് നേരെ ഓടി. അയാളും ഞങ്ങളുടെ തൊട്ടു പിറകെ തന്നെ ഉണ്ടായിരുന്നു. പക്ഷേ നല്ല തടി ഉണ്ടായിരുന്നത് കൊണ്ട് സാവധാനത്തില്‍ മാത്രമേ അയാള്‍ക്ക് ഓടാന്‍ കഴിഞ്ഞുള്ളു. അപ്പോഴേക്കും ട്രെയിനിന്‍റെ ചൂളം വിളി മുഴങ്ങി. ഞങ്ങള്‍ കയറിയതും ട്രെയിന്‍ മുന്നാട്ടു എടുത്തതും ഒരുമിച്ചു ആയിരുന്നു. കിതപ്പ് അടക്കാന്‍ ശ്രമിക്കവേ പുറത്തേക്കു നോക്കി. ആ ഭ്രാന്തന്‍ അവിടെ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അവന്‍ കുറെ നേരമായി അവിടെ പതുങ്ങി നിന്ന് ഞങ്ങളെ വാച്ച് ചെയ്യുന്നുണ്ടാവണം. പിന്നെ ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ ഉറക്കെ മലയാളത്തില്‍ സംസാരിച്ചതും അവന്‍ കേട്ടിട്ടുണ്ടാവണം. അന്യ നാട്ടുകാര്‍ ആണെന്ന് മനസിലായത് കൊണ്ടാവും അവന്‍ ഞങ്ങളെ തന്നെ തിരഞ്ഞെടുത്തത്. അതോടെ ഇനി ഉള്ള യാത്രയില്‍ മലയാളത്തില്‍ ഉള്ള സംസാരം പരമാവധി കുറക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു പ്രതിസന്ധി അങ്ങനെ കടന്നു പോയി. ട്രെയിന്‍ ഒരു തുരങ്കത്തിലേക്കു പ്രവേശിക്കാന്‍ തുടങ്ങി. ട്രെയിന്‍ പ്രകാശത്തില്‍ നിന്നും ഇരുട്ടിലേക്ക് നീങ്ങവെ ഇനി എന്തൊക്കെ ആണ് നേരിടേണ്ടി വരുന്നത് എന്ന ചിന്തകളോടെ ഞങ്ങള്‍ നിശബ്ദരായി ഇരുന്നു….

(തുടരും…..)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here