വൈകുന്നേരം അഞ്ചു മണി ആയതോടെ ഞങ്ങള്‍ ഋഷികേശ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നു. ചെറിയ ഒരു ബസ് സ്റ്റാന്‍ഡ്. ഭിത്തികളില്‍ ബാദരിനാഥ്, കേദര്‍നാഥ് തുടങ്ങീയ ക്ഷേത്രങ്ങളിലേക്ക് പോകാനുള്ള ടൂര്‍ പാക്കേജുകള്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു.
ഞങ്ങള്‍ തനി ലോക്കല്‍ സെറ്റപ്പില്‍ ഉള്ള ഒരു മുറിയിലേക്ക് പോയി. ദിവസ വാടക 150 രൂപ മാത്രം. മുറി തുറന്നപ്പോള്‍ പറന്നു കളിച്ച പാറ്റകളെ ഞങ്ങള്‍ക്ക് മനസിലാകാത്ത ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട് റൂം ബോയി പയ്യന്‍ തല്ലി കൊന്നു..
“പുണ്യഭൂമിയിലും കൊലപാതകമോ.”അവനോട് സംസാരിക്കാന്‍ മാത്രം ഹിന്ദി വശമില്ലാത്തതിനാല്‍ അമര്‍ഷം ഉള്ളില്‍ ഒതുക്കേണ്ടി വന്നു.
പുറത്തു കണ്ട ഒരു സന്യാസിയുമായുള്ള സംസാരത്തില്‍ നിന്നും ഞങ്ങള്‍ നില്‍ക്കുന്നതിന്റെ മറു ഭാഗത്തു കൂടി ഗംഗ ഒഴുകുന്നുണ്ടെന്നു മനസിലായി. ഗംഗയെ കാണാന്‍ മനസ്സില്‍ ആകാംക്ഷ കൂടി കൂടി വന്നു.
ഋഷികേശില്‍ ധാരാളം ഘട്ടുകള്‍ ഉണ്ട്. പൂജകള്‍ നടത്താന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ചെറിയ തിട്ടകള്‍ ആണ് ഘട്ടുകള്‍. അത്തരം ഒരു ഘട്ടിലേക്കാണു അന്ന് ഞങ്ങള്‍ പോകുന്നത്.
രണ്ടു കിലോമീറ്റര്‍ നടക്കാനുണ്ട്. കാഴ്ചകള്‍ ഒക്കെ കണ്ടു നടന്നു പോകാം എന്ന് തീരുമാനിച്ചു. പോകുന്ന വഴിയില്‍ വിളക്ക് കത്തിക്കാന്‍ താലങ്ങളുമായി പോകുന്ന വനിതകളെയും കുട്ടികളെയും കാണാമായിരുന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഹിന്ദിയില്‍ ഭജന്‍സ് കേള്‍ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒരു ഘാട്ടിന്റെ സമീപത്തു എത്തിയിരിക്കുന്നു. ദൂരെ ഇരുട്ടില്‍ ഒഴുകി നടക്കുന്ന ദീപങ്ങള്‍ കാണാമായിരുന്നു. ഗംഗ ആ ഭാഗത്തു കൂടി ഒഴുകുകയാണ്. പക്ഷെ ഇരുട്ട് കാരണം കാണാന്‍ കഴിയുന്നില്ല. വ്യക്തമാക ണമെങ്കില്‍ അടുത്തേക്ക് പോവേണ്ടിയിരിക്കുന്നു.
വര്ഷങ്ങളായി കാണാന്‍ ആഗ്രഹിച്ചിരുന്ന ആ വിസ്മയം, ഗംഗ അതാ തൊട്ടടുത്ത്. ഗംഗയുടെ വിശാല ദൃശ്യം കാണാന്‍ വേണ്ടി ഞങ്ങള്‍ ഘട്ടിന്റെ പടികളുടെ സമീപത്തേക്ക് നടന്നു.
തൊട്ടു മുന്നില്‍ കണ്ട കാഴ്ച കണ്ടു എന്റെ കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ തോന്നി. ജലപ്രവാഹം കൊണ്ട് സമൃദ്ധം ആയ ഒരു വലിയ നദി പ്രതീക്ഷിച്ചു ചെന്ന എന്റെ മുന്നില്‍ കൂടി ഒരു ചെറിയ ചാല് ഒഴുകി പോകുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഷൊര്‍ണൂര്‍ വഴി പോയിട്ടുള്ളവര്‍ പാലത്തില്‍ നിന്നും താഴോട്ട് നോക്കുമ്പോള്‍ താഴെ ഭാരതപ്പുഴ ഒഴുകുന്ന ദയനീയ കാഴ്ച്ച കണ്ടിട്ടുണ്ടാകാം. ഒരു ചെറിയ ചാല് . ഋഷികേശില്‍ നില്‍ക്കുന്ന എന്റെ മുന്നില്‍ ഇപ്പോള്‍ കാണുന്നതും അത് തന്നെ. ഒരു ചെറിയ ചാല്. അവിടെയാണ് ആളുകള്‍ കുളിക്കുന്നതും വിളക്കുകള്‍ ഒഴുക്കുന്നതും എല്ലാം. അത് കഴിഞ്ഞാല്‍ പിന്നെ കുറെ ദൂരത്തോളം നീളന്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്നു. അപ്പുറത്തെ കരയിലും ഇതേ പോലെ ഒരു ചാല്‍ ഒഴുകുന്നുണ്ട്…
എന്താണ് സംഭവിച്ചത്?
മനുഷ്യന്‍ തന്നെ ദുരുപയോഗം ചെയ്ത് ഇങ്ങനെ ആക്കിയത് ആവാം. ഗംഗ ഒരിക്കലും ഇങ്ങനെ ആവാന്‍ തരമില്ലല്ലോ. ആദ്യത്തെ ആഘാതത്തില്‍ നിന്നും കര കയറാന്‍ കുറെ താമസം എടുത്തു.
ഗംഗാ ദര്‍ശനം നിരാശയില് അവസാനിച്ചതിന്റെ വിഷമത്തില്‍ ഞങ്ങള്‍ കുറച്ചു നേരം തീരത്തു കൂടി നടന്നു. പിന്നെ റൂമിലേക്ക് തിരികെ നടന്നു….
(തുടരും..)