അച്ഛൻ പറഞ്ഞു
ഉറവിടം മസ്തിഷ്കമാണെന്ന്
അമ്മ മൊഴിഞ്ഞു
ഉറവിടം ഹൃദയമാണെന്ന്
ഞാൻ ഒന്നും മിണ്ടിയില്ല
ഉറവിടം ആകാശമാണെന്ന്
എനിക്കറിയാമായിരുന്നു
ആകാശത്തേക്ക് നോക്കുമ്പോഴൊക്കെയും
എന്റെ കണ്ണുകൾ നനയാറുണ്ടായിരുന്നു
ഹിന്ദു ഭായി പറഞ്ഞു
ഉറവിടം ഗംഗോത്രിയാണെന്ന്
അതിനപ്പുറം അന്വേഷിക്കുന്നത് മൂഢതയാണെന്ന്
ബൗദ്ധ ഭായി പറഞ്ഞു
ഉറവിടം ബോധിമരമാണെന്ന്
അതിനപ്പുറം അന്വേഷിക്കുന്നത് ശുദ്ധഭോഷ്കാണെന്ന്
ക്രിസ്ത്യൻ ഭായി പറഞ്ഞു
ഉറവിടം ബെത്ലെഹമാണെന്ന്
അതിനപ്പുറം അന്വേഷിക്കുന്നത് പാപമാണെന്ന്
മുസ്ലിം ഭായി പറഞ്ഞു
ഉറവിടം മക്കയാണെന്ന്
അതിനപ്പുറം അന്വേഷിക്കുന്നത് ഹറാമാണെന്ന്
ഞാൻ ഒന്നും മിണ്ടിയില്ല
കണ്ണീരിന്റെ ഉറവിടം ആകാശമാണെന്ന്
എനിക്കറിയാമായിരുന്നു
ആകാശത്തേക്ക് നോക്കുമ്പോഴൊക്കെയും
എന്റെ കണ്ണുകൾ നനയാറുണ്ടായിരുന്നു.
———————————————–