ഒരു മുത്തുമാല കോര്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയില്‍ വാക്കുകള്‍ എടുത്തുവെച്ചിരിക്കുന്നത്. എന്നാല്‍, മുത്തുമാലപോലെ വലിച്ചാല്‍ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതല്‍ ദൃഢമാക്കുന്ന ജൈവവികാസം ഇതിലുണ്ട്. ഓരോ സന്തോഷത്തിലും വെള്ളതേച്ചും ഉരച്ചു മിനുസപ്പെടുത്തിയും പുത്തനാക്കുന്ന നമ്മുടെ വീട്. മാഞ്ഞുപോയ വര്‍ഷങ്ങള്‍ കവി ഉരച്ചെടുക്കുന്നു. ഓരോ ഉരയ്ക്കലിലും തെളിഞ്ഞുവരുന്നുണ്ട് പഴയതെല്ലാം. തെളിയുന്നതോ നില്ക്കുന്നില്ല, അവ വീണ്ടും മായുന്നു. ഓരോന്നു മായുമ്പോഴും അതിലും പഴയ മറ്റൊന്നു തെളിയും.- അജയ് പി. മങ്ങാട്
ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദര്‍ഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്‌കാരത്തിന്റെ പ്രമാണമാകുന്നു എന്നതിന് നല്ലൊരു തെളിവാണ് റഫീക്കിന്റെ ‘സാന്‍ഡ്‌പേപ്പര്‍’ എന്ന കവിത. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കാന്‍ ഏത് നല്ല മലയാളിക്കാണ് അവകാശമുള്ളത്?- ഇ.പി. രാജഗോപാലന്‍.