കഴുത്തിനൊപ്പം ചീന്തി ഇറക്കിവച്ച കോലൻ മുടി. കറുത്ത ഇരുമ്പുകമ്പികള്‍ പോലുള്ള രോമങ്ങൾ. തിങ്ങി നിറഞ്ഞ കട്ടപുരികം, ഇടയിലോരൊന്ന് പ്രായാധിക്യത്താൽ വെളുക്കാൻ തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം. ഒരൽപം രക്തവർണം പുരണ്ട ഉണ്ടക്കണ്ണുകൾ, മൂക്കിനുതാഴെ ഇരുവശങ്ങളിലേയ്ക്കായി പിരിച്ചുവച്ച കട്ടമീശ, ഉയരത്തിന്റെ കാര്യത്തിലാണെങ്കിൽ ഒരാജാനബാഹു. വണ്ണത്തിന്റെ കാര്യത്തിൽ തീർത്തും ഒരു ഭീമൻതന്നെ. വെളുത്ത മുണ്ടും വെളുത്ത നിറത്തിലുള്ള കുർത്തയും, ചുണ്ടിൽ സ്ഥിരമായി കാണുന്ന അരബീഡിയും, എല്ലാം മൂപ്പരുടെ കൂടെത്തന്നെ ജനിച്ചതാണെന്നുതോന്നും. ഇതില്‍ നിന്നുമെല്ലാം പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടേണ്ട ഒന്നാണ് അദ്ദേഹം നടക്കുന്നതിനു മുന്നിലായി കുലുങ്ങി ചിരിച്ചുകൊണ്ടിരിയ്ച്ചുകൊണ്ട് നടക്കുന്ന കുടവയർ. ചുരുക്കത്തിൽ ഉണ്ണി, നാട്ടുകാരുടെ ‘ഉണ്ണിമാഷ്’ (ബഹുമാനസൂചകമായി ഒരു ‘മാഷ്’ ചേർത്ത് വിളിയ്ക്കാൻ നാട്ടുകാർ ശീലിച്ചു. അല്ലാതെ അദ്ദേഹം അദ്ധ്യാപകനൊന്നുമല്ല). തീർത്തും ആ പേരിനെ കളങ്കപ്പെടുത്തുന്ന രൂപം.
ഭാര്യ ഉമയും, മകൻ അപ്പുവും അടങ്ങുന്നതാണ് ഉണ്ണിമാഷിന്റെ കുടുംബം. നാലുവയസ്സുകാരൻ അപ്പു തീർത്തും ഒരു വികൃതിക്കാരനാണ്. തൊട്ടടുത്തുതന്നെ താമസിയ്ക്കുന്ന ശാരദടീച്ചറാണ് അപ്പുവിനെ നഴ്സറിക്ലാസ്സിൽ പഠിപ്പിയ്ക്കുന്നത്. ഒരു ദിവസം ടീച്ചർ എല്ലാവരോടും അവരവരുടെ അച്ച്ഛനമ്മമാരെ കുറിച്ച് ചോദിച്ചു. ഓരോരുത്തരോടായി ടീച്ചർ ചോദിച്ചു. അടുത്ത ഊഴം അപ്പുവിന്റേതാണ് “അപ്പു ഇനി അപ്പുവിന്റെ അച്ച്ഛനെക്കുറിച്ച് പറയു” ടീച്ചർ ചോദിച്ചു. ഉടനെത്തന്നെ എഴുന്നേറ്റുനിന്ന് ഒരല്പം ആലോചിച്ച് അപ്പു മറുപടി പറഞ്ഞു “എന്റെ അച്ഛന്റെ പേര് ഉണ്ണി. അച്ച്ഛൻ ഉപദേശിയാണ്”. “ഉപദേശിയോ!! ടീച്ചർ ചോദിച്ചു. എല്ലാവരും കൂട്ടച്ചിരിയായി. എന്താണ് സംഭവമൊന്നും അപ്പുവിന് മനസ്സിലായില്ല. എല്ലാവരും അവന്റെ അച്ഛനെ ഉപദേശി എന്നാണു വിളിയ്ക്കുന്നതെന്നു അവൻ കേട്ടിട്ടുണ്ട്.
ആ പ്രദേശത്ത് ഉണ്ണിമാഷിനെ അറിയാത്തവരായി ആരും കാണില്ല. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അതിനുവേണ്ടി അവർ പറയുന്ന പുകഴ്ത്തലിൽ സ്വയം മറന്നു നടക്കുക ഇതാണ് ഉണ്ണിമാഷിന്റെ തൊഴിൽ. എല്ലാവര്‍ക്കും തന്നോട് ബഹുമാനമാണെന്നാണ് ഉണ്ണിയുടെ വിചാരം. നാട്ടിലെവിടെയും അതിരുത്തർക്കങ്ങളുണ്ടെങ്കിൽ അവസാനം തീർപ്പുകൽപ്പിയ്ക്കുന്നത് ഉണ്ണിമാഷാകും. ഏതെങ്കിലും കുടുംബത്തിൽ ഭാര്യയും, ഭർത്താവും ഉണ്ടാകുന്ന സൗന്ദര്യപ്പിണക്കം, സംശയം, ഇറങ്ങിപ്പോകൽ, അമ്മായിയമ്മ മരുമകൾ തുടങ്ങി എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കാൻ നാട്ടുകാർക്ക് ഉണ്ണിമാഷിന്റെ സേവനം വേണം. പീടികത്തിണ്ണയിൽ അടുത്തിടെ ഉണ്ടായ രാഷ്ട്രീയത്തെ ചൊല്ലിയുള്ള അടിപിടി സംസാരിച്ച് ഒത്തുതീർപ്പിലാക്കിയത് ഉണ്ണിമാഷിന്റെ കഴിവുതന്നെ. വടക്കേതിലെ അമ്മുവിൻറെ മകൾ സൗമിനി, അവളെ സ്ത്രീധനത്തിന്റെ പേരിൽ പോരടിച്ച് തിരിച്ച് വീട്ടിൽ കൊണ്ടുവിട്ടതാണ്. അമ്മായിയമ്മയെ കണ്ട് ഉണ്ണിമാഷ് ഉപദേശിച്ച് ദേ ഇപ്പോൾ അവർ വന്നു സൗമിനിയെ കൂട്ടികൊണ്ടുപോയി. ഇതും ഉണ്ണിമാഷിന്റെ സാമർത്ഥ്യംതന്നെ. അവിടെ അടുത്തതായി ഒരു പോലീസ് സ്റ്റേഷനുണ്ടെങ്കിലും അതിന്റെ ആവശ്യം ആ ഗ്രാമക്കാർക്ക് ഉണ്ടോ എന്നുവരെ തോന്നിപ്പോകും.
മാഷിന്റെ വീടിനു നാല് വീടുകൾക്കപ്പുറത്തായി ഒരു കൊച്ചു വീടുണ്ട്. അവിടെ ആകെയുള്ളത് ഒരു വൃദ്ധയായ കാളിത്തള്ളയും മുപ്പത്തിയൊന്നാം വയസ്സിൽ ഭർത്താവ് അപകടത്തിൽ മരിച്ച നിര്‍ഭാഗ്യവതിയായ മകൾ ശോഭയുമാണ്. അവരുടെ കാണപ്പെട്ട ദൈവമാണ് ഉണ്ണിമാഷ്. സന്ധ്യസമയം ഏഴു കഴിഞ്ഞാൽ ഉണ്ണിമാഷിന്റെ സ്ഥാനം ശോഭയുടെ വീടിന്റെ അരത്തിണ്ണയിലാണ്. ഏകദേശം ഒമ്പതുമണിയായാൽ കാളിത്തള്ളയ്ക്ക് കിടക്കണം. പിന്നീട് വീടിനുള്ളിലിരുന്നാണ് ചർച്ച. രാത്രി ഏകദേശം പതിനൊന്നുമണിയോളം ശോഭയുമായുള്ള ചർച്ച നീണ്ടുനിൽക്കും. ഈ ചർച്ചയെക്കുറിച്ച് നാട്ടുകാർക്കെല്ലാം അറിയാം. അതും മൂപ്പരുടെ സേവനമായേ നാട്ടുകാർ കാണാറുള്ളു. ഭാര്യ ഉമയ്ക്കും ഇക്കാര്യം അറിയാത്തതല്ല. ഉണ്ണിമാഷിന്റെ ഈ പൊതുപ്രവർത്തനവും സേവനവും അവർക്ക് വെറുപ്പാണ്. അവർ ബീഡിതെറുത്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. രാവിലെ കുളിയും ഒരുക്കവും കഴിഞ്ഞ വീട്ടിൽനിന്നിറങ്ങുന്ന ഭർത്താവ് എവിടെ പോകുന്നുവെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഒന്നും തിരക്കാൻ അവർക്കവകാശമില്ലായിരുന്നു. പലപ്പോഴും ഇതേചൊല്ലി വാക്കുതർക്കമുണ്ടാകാറുണ്ട്. എങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങളും, സാമ്പത്തികമായി വളരെ ശോഷിച്ചതുമായ ഒരു കുടുംബത്തിൽ നിര്‍ഭാഗ്യവതിയായ താൻ ജനിച്ചുപോയി എന്ന സ്വന്തം പോരായ്മകൾ, എല്ലാം സഹിച്ച് ജീവിയ്ക്കാൻ അവരെ പ്രേരിപ്പിച്ചു. അപ്പുവിന്റെ ആഗ്രഹങ്ങളും, അഭിലാഷങ്ങളും സാധിപ്പിച്ചുകൊടുക്കാൻ അവർ പ്രതേകം ശ്രദ്ധിച്ചു.
ചില സമയങ്ങളിൽ അനാവശ്യ കാര്യങ്ങൾക്കായി അപ്പു വാശി പിടിച്ചാൽ ഉമയുടെ സമനില തെറ്റും. ചിലപ്പോൾ ഉമ പറയും “നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുതരാൻ എന്താണ് വിഷമം? നിന്റെ അച്ഛൻ എന്നും കൊണ്ടുവരുന്ന സൽകീർത്തിയും ജനപ്രീതിയുമുണ്ടല്ലോ! നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഉണ്ണിമാഷ് വിചാരിച്ചാൽ എന്താ സാധിയ്ക്കാത്തത്? നിന്റെ അച്ഛൻ ഉപദേശിയല്ലേ? നാട്ടുകാരുടെ ഉപദേശി! എന്റെ തലവിധി അല്ലാതെ എന്താ” അതിനുശേഷം അപ്പുവിനെ അടിയ്ക്കും. മനസ്സിലെ വിഷമങ്ങൾ തീർക്കാൻ ഉമയ്ക്കുണ്ടായിരുന്ന ഏക മാർഗ്ഗം ഇതാണ് പാവം അപ്പു അവനൊന്നും മനസ്സിലായില്ല. ‘അമ്മ പറഞ്ഞതിൽ നിന്ന് അവനൊന്നുമാത്രം അറിയാം അവന്റെ അച്ഛൻ ഒരു ഉപദേശിയാണെന്ന്.
ഒരുദിവസം നഴ്സറി ക്ലാസ്സിൽനിന്ന് അപ്പുവിനെ കൊണ്ടുവരാനായി എത്തിയ ഉമയോട് ടീച്ചർ പറഞ്ഞു “ഉമേ അപ്പുവിനെന്തോ സുഖമില്ലെന്നു തോന്നുന്നു. നല്ല പനിയുണ്ട്. ശരിയ്ക്കും വിറയ്ക്കുകയായിരുന്നു. ഞാൻ ഗുളിക കൊടുത്തപ്പോഴാണ് പനി കുറഞ്ഞത്”. “എന്തുപറ്റി? അവന് രാവിലെ വരുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ!” എന്നുപറഞ്ഞു ഉമ അപ്പുവിനെ തൊട്ടുനോക്കി. “ഏയ് ഇപ്പോൾ പനിയൊന്നുമില്ല”
അപ്പുവിനെയും കൂട്ടി ഉമ വീട്ടിൽ തിരിച്ചെത്തി. അപ്പു പതിവുപോലെ കളികളിൽ മുഴുകി. ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അപ്പു ഉറങ്ങി. ഭക്ഷണം കഴിയ്ക്കാൻ വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല. അടുത്തുചെന്ന് ഉമ അവനെ തൊട്ടുനോക്കി. പൊള്ളുന്ന പനി ഉടനെ അവനെ എഴുനേൽപ്പിച്ചിരുത്തി മരുന്ന് കൊടുത്തു. കുറച്ച് ഭക്ഷണമെടുത്ത് നല്ലതുപോലെ കുഴച്ച് അവനെ നിർബന്ധിച്ച് കഴിപ്പിച്ചു. അപ്പു വീണ്ടും ഉറങ്ങി. ഉമ അവന്റെ അരികിൽത്തന്നെയിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്റെ നെറ്റിയിൽ കൈവച്ചുനോക്കി. പനി ഒട്ടും കുറയുന്നില്ല. പരിഭ്രമം മൂത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ണിമാഷിനെ പ്രതീക്ഷിച്ച് ഉമ്മറത്ത് വന്നു നോക്കും. ഫോൺ കറക്കിനോക്കി. എല്ലാം നിരാശയിൽ തന്നെ അവസാനിച്ചു. വീണ്ടും വന്ന് അപ്പുവിനെ തൊട്ടുനോക്കും. ഓരോ നിമിഷത്തിലും പനിയുടെ ശക്തി വർദ്ധിയ്ക്കുന്നതുപോലെ. ഉമയുടെ ഹൃദയമിടിപ്പുകൂടി വീണ്ടും വരാന്തയിൽ ചെന്ന് നോക്കും. അറിയാവുന്ന മനസ്സിൽ തെളിഞ്ഞ ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർത്ഥിച്ചു. അപ്പുവിനെ ഡോക്ടറെ കാണിയ്ക്കുവാനുള്ള പണത്തിന്റെ കാര്യത്തെപ്പറ്റിയും അവർ ഓർത്തു. കയ്യിൽ ആകെ നൂറു രൂപ മാത്രം. വീണ്ടും ഉമ്മറത്ത് ചെന്ന് നോക്കിയപ്പോൾ ദൂരത്തുനിന്നും മിന്നാമിനുങ്ങുപോലെ അടുത്തുവരുന്ന ബീഡിയുടെ ജ്വാല ഉമ കണ്ടു. രാത്രി പ്രഭാതത്തെ പുൽകാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സിലൊരല്പം ആശ്വാസം തോന്നി. ഓടിച്ചെന്ന് ഉമ്മറത്തെ അഴിവാതിൽ തുറന്നു. പരിഭ്രമംകൊണ്ട് അവൾക്കൊന്നും ഉരിയാടാൻ കഴിഞ്ഞില്ല. ഉമ്മയുടെ മുഖത്തുപോലും ശ്രദ്ധിയ്ക്കാതെ ഉണ്ണിമാഷ് അകത്തേയ്ക്കു കടന്നു.
“ഉണ്ണിയേട്ടാ ….ഉണ്ണിയേട്ടാ” ഉമ വിളിച്ചു.
“ഉം” ഒരൽപം ഗൗരവത്തോടെ അയാൾ മൂളി.
“നമ്മുടെ അപ്പുവിനെന്തോ സുഖമില്ല” ഇടറുന്ന ശബ്ദത്തോടെ ഉമ പറഞ്ഞു.
“ഉം എന്തുപറ്റി?” ഉണ്ണിമാഷ് ചോദിച്ചു.
“പൊള്ളുന്ന പനി”
ഉറങ്ങി തളർന്ന കിടക്കുന്ന അപ്പുവിന്റെ അടുത്തുചെന്ന് തൊട്ടുനോക്കി അയാൾ പറഞ്ഞു “ഓ ഇത്രയും പേടിയ്ക്കാനുള്ളതൊന്നുമല്ല. അത് ഈ കാലാവസ്ഥയുടെതാണ്. എല്ലാ കുട്ടികൾക്കുമുണ്ട്. പിന്നെ പുറമെയുള്ള അവന്റെ കളിയല്ലേ! നിനക്കുണ്ടോ അവനെ നോക്കാൻ സമയം! ഒന്നുറങ്ങിയാൽ എല്ലാം ശരിയാകും”.
അതൊരു സ്വയം രക്ഷപ്പെടലായി മാത്രമേ ഉമയ്ക്ക് തോന്നിയുള്ളൂ. നിറഞ്ഞ കണ്ണുകളോടെ ഉമ വീണ്ടും പറഞ്ഞു “അല്ല ഉണ്ണിയേട്ടാ.. നല്ല പനിയുണ്ട്. മരുന്ന് കൊടുത്തിട്ടുപോലും കുറയുന്നില്ല. നമുക്കവനെ ഏതെങ്കിലും ഡോക്ടറ കാണിയ്ക്കാം”.
“ഒരൽപം ഉറക്കെ തുമ്മിയാൽ ഡോക്ടറ കാണിയ്ക്കുന്ന ഈ അമ്മമാരുടെ സ്വഭാവമാണ് മറ്റുള്ളവരെ കൂടി പേടിപ്പിയ്ക്കുന്നത്. ഈ രാത്രിയിൽ എവിടെ കൊണ്ടുപോകാനാണ്? വെറും ഒരു നിസ്സാര പനി ഇത്രയും ഊതിവീർപ്പിയ്ക്കാതെ ഭക്ഷണമുണ്ടെങ്കിൽ വിളമ്പിവയ്ക്ക്. ഒരുപാട് ക്ഷീണവും വിശപ്പുമുണ്ട്. നാളെ രാവിലെ അവൻ ഉഷാറാകും. അഥവാ നാളെ പനിയുണ്ടെങ്കിൽ നീ അവനെ ഡോക്ടറ കാണിയ്ക്ക്. (ഒരു പുച്ഛത്തോടെ) നീ നാളെ നിന്റെ ഉദ്ദ്യോഗത്തിനു പോകണ്ട. നാളെ രാവിലെ എനിയ്ക്ക് നേരത്തെ പോകണം ആ പണിയ്ക്കരുടെ വീട്ടിലെ ഭൂമി നാളെ ഭാഗം വയ്ക്കലാണ്. ഞാൻ അവിടെയില്ലെങ്കിൽ ശരിയാകില്ല. പിള്ളേര് തർക്കങ്ങൾ ഉണ്ടാക്കും അതുകൊണ്ട് ഞാൻ അവിടെ വേണമെന്ന് പണിയ്ക്കര് പ്രത്യേകം പറഞ്ഞിട്ടുണ്ട്” ഉണ്ണിമാഷ് തുടർന്നു. ഉണ്ണിമാഷിന്റെ വിശദീകരണമൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഉമ. അപ്പുവിന്റെ നെറ്റിയിൽ ഒരുപ്രാവശ്യം കൂടെ കൈവച്ചുനോക്കി മനസ്സില്ലാ മനസ്സോടെ അവർ അവിടെനിന്നും എഴുനേറ്റുപോയി ഭർത്താവിന് ഭക്ഷണം കൊടുത്തു. സുഭിക്ഷയയായി ശാപ്പാടടിച്ച് കിടന്ന ഉണ്ണിമാഷ് ഉടനെ കൂർക്കം വലി തുടങ്ങി. അപ്പുവിന്റെ ശരീരത്തിൽ കൈവച്ച് ഉമ കിടന്നു. പനിയ്ക്ക് യാതൊരു കുറവുമില്ല. ഭയന്നുവിറച്ച മനസ്സുമായി പുലരാനുള്ള മണിക്കൂറുകൾ എണ്ണി കിടക്കുകയാണ് ഉമ. അവളെ വശംവദയാക്കാൻ നിദ്രയ്ക്കായില്ല. ചുമരിൽ കിടക്കുന്ന ക്ലോക്കിന്റെ ഹൃദയമിടിപ്പ് മാത്രം അവൾ ശ്രദ്ധിച്ചു. സമയസൂചികൾ മുന്നോട്ടു പോകാത്തതുപോലെ. അപ്പുവിനെ പുതപ്പിച്ച പുതപ്പു മാറ്റി നെറ്റിയിൽ കൈവച്ച് നോക്കി. അപ്പു വല്ലാതെ വിറയ്ക്കുന്നു.
“ഉണ്ണിയേട്ടാ….ഉണ്ണിയേട്ടാ…….” കൂര്ക്കം വലിച്ചുറങ്ങുന്ന ഉണ്ണിയെ ഉമ വിളിച്ചു. ശരീരത്തിൽ തൊട്ടുവിളിയ്ക്കുന്ന ഉമയുടെ കൈകൾ തട്ടിമാറ്റി ഉണ്ണി പറഞ്ഞു “ശ്ശേ എന്തൊരു ശല്യമാണ് സ്വയം ഉറക്കമില്ല. മറ്റുള്ളവനെ ഉറങ്ങാനും സമ്മതിയ്ക്കില്ല”.
എല്ലാ ദൈവങ്ങളെയും വിളിച്ച് തന്റെ മകനെ മടിയിൽ കിടത്തി ഉമ ചാരിയിരുന്നു. കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഉമയുടെ കൺപീലികൾ പുലരിയുടെ കുളിർമ അറിയാതെയൊന്ന് തഴുകിപ്പോയി. പക്ഷെ ആ മയക്കത്തിനധികം ആയുസ്സില്ലായിരുന്നു. ഭയന്ന് ഞെട്ടിയുണർന്ന ഉമ അപ്പുവിനെ തൊട്ടുനോക്കി.. സമയം ഏകദേശം പുലരെ നാലരയായി പുലർക്കാലത്തിനു വെളിയിൽവരാനുള്ള നാണം മാറിയില്ല. അപ്പുവിന്റെ ശരീരമാകെ തണുത്തിരിയ്ക്കുന്നു. പുതപ്പു മാറ്റി ഉമ അപ്പുവിനെ കുലുക്കി വിളിച്ചു. അപ്പു കണ്ണുതുറന്നില്ല! “ഉണ്ണിയേട്ടാ…….. അപ്പു എന്തെ എഴുനേൽക്കാത്തത്?” ഉമ കൂവിക്കരഞ്ഞു. അർദ്ധമയക്കത്തിൽ കണ്ണുതുറന്ന ഉണ്ണി പറഞ്ഞു “ഇന്നലത്തെ പനിയുടെ ക്ഷീണമായിരിയ്ക്കും. ഞാൻ പറഞ്ഞില്ലേ അവന്റെ പനിയെല്ലാം മാറുമെന്ന്”.
“അപ്പൂ…….. അപ്പു…” അയാൾ വിളിച്ചു.
അപ്പു എഴുന്നേറ്റില്ല. ഉണ്ണിമാഷിനെന്തോ പന്തികേടുതോന്നി. ഉമയിൽ നിന്നും വാരിയെടുത്ത് അയാൾ അവനെ മടിയിൽ വച്ചു. ഒരിയ്ക്കലും കണ്ണുതുറക്കാനാകാത്തവിധം ദീർഘമായ നിദ്രയിൽ അപ്പു ലയിച്ച് കഴിഞ്ഞു.
ഒന്നും മനസ്സിലാകാത്തതെ ഉമ അപ്പുവിനെയും ഉണ്ണിയേയും മാറിമാറി നോക്കി.
വിതുമ്പികൊണ്ട് ഇടറുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു “ഉമേ നമ്മുടെ മകൻ ഈ അച്ഛനെ ഒരു പാഠം പഠിപ്പിച്ചിരിയ്ക്കുന്നു. കുടുംബ ബന്ധങ്ങൾക്ക് വിലകല്പിയ്ക്കാതെ പേരിനും പെരുമയ്ക്കും വേണ്ടി മാത്രം നെട്ടോട്ടമോടിയ എന്നെ അവനൊരു പാഠം പഠിപ്പിച്ചു. വേദാന്തങ്ങൾ ഉരുവിടാൻ, ഉപദേശങ്ങൾ നൽകാൻ ഏതൊരുവനും എളുപ്പമാണ്. പക്ഷെ തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർക്കാൻ പലരും മറന്നുപോകുന്നു. അതാണ് ഉമേ ഈ ഉപദേശിയുടെ ജീവിതത്തിലും സംഭവിച്ചത്. എന്റെ ഈ വാക്കുകൾക്ക് നമ്മളെ സാന്ത്വനപ്പെടുത്താനാകില്ലെന്നറിയാം……ഇടറിയ വാക്കുകൾ വെളിയിൽ വരാൻ പറ്റാത്ത വിധത്തിൽ ഗദ്ഗദമായി മാറി. നിറഞ്ഞ കണ്ണുകളോടെ ഉണ്ണി അപ്പുവിനെയും ഉമ്മയെയും നോക്കി. ഉമ സ്വയം നിയന്ത്രണം വിട്ടിരുന്നു.
ഉമേ നമ്മുടെ മകൻ ഈ അച്ഛനെ ഒരു പാഠം പഠിപ്പിച്ചിരിയ്ക്കുന്നു”
കഥയിലൂടെ വായനക്കാരെയും ജ്യോതിലക്ഷ്മി ഉപദേശിച്ചിരിയ്ക്കുന്നു.
കഥാ സാരം നന്നായിരിക്കുന്നു.