വിറ്റു പോകാത്ത നക്ഷത്രം

 

 

 

ഒരു നക്ഷത്രം മാത്രം ബാക്കി വന്നിരിക്കുന്നു. പലരും എടുത്തു നോക്കിയതാണ്. എന്തോ ഒരു കുറവ് കണ്ടെത്തിയ പോലെ ആരും അതിനെ പരിഗണിച്ചില്ല.

കട പൂട്ടിയിറങ്ങാൻ നേരം അയാൾ ആ നീല നക്ഷത്രത്തെ തിരിച്ചും മറിച്ചും നോക്കി. ഇല്ല, ഒരപാകതയും കാണുന്നില്ല. പിന്നെന്തു കൊണ്ടാണ് എല്ലാവരും ഇതിനെ അവഗണിച്ചത്?

” ഈ നക്ഷത്രം എനിക്ക് തരുമോ?”

അയാൾ ശബ്ദം കേട്ട് മുഖമുയർത്തി. ഒരു പെൺകുട്ടി മുന്നിൽ നിൽക്കുന്നു. ഇവൾ ആ നാടോടികളുടെ കൂട്ടത്തിലുള്ള കുട്ടിയല്ലെ. ഒന്നു രണ്ടു തവണ അവൾ കടയിൽ വന്നതായി അയാൾ ഓർത്തെടുത്തു.

അവൾ മുന്നോട്ടുവന്ന് പത്തു രൂപയുടെ മൂന്നാല് നോട്ടുകൾ അയാളുടെ മുന്നിൽ വച്ചു.

” ഇത്രേ ഉള്ളൂ…. ”

“ഇതാ, വാങ്ങിച്ചോളൂ. പിന്നെ, പൈസയൊന്നും വേണ്ട. ഇതെൻ്റെ ക്രിസ്മസ് സമ്മാനമാണ്. ”

അയാൾ ആ നക്ഷത്രം അവൾക്കു നേരെ നീട്ടി. അവൾ രണ്ടു കൈയും നീട്ടി അതു സ്വീകരിച്ചു.അനന്തരം അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവളുടെ കൂടാരത്തിലേയ്ക്ക് ഓടിപ്പോയി.

അയാൾ കട പൂട്ടി പുറത്തിറങ്ങി. തെളിഞ്ഞ ആകാശത്ത് അനേകായിരം നക്ഷത്രങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു.

* കെ.കെ.പല്ലശ്ശന 1

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here