ഇതു വരെ അമ്മയുടെ ചുടു ഏറ്റു കിടക്കുമ്പോളൊന്നും തണുപ്പ് അറിഞ്ഞിരുന്നതേ ഇല്ല.
ചുറ്റുമുള്ളതെല്ലാം പുറകിലേക്ക് പോകുന്നത് നോക്കി അവൻ കിടന്നു.
കാർ ഓടിക്കുന്നതിനിടെ, ഉണ്ണി പുറകിൽ ടവൽ വിരിച്ചു കിടത്തിയിരുന്ന പട്ടിക്കുട്ടിയുടെ തലയിൽ ഇടതു കൈ നീട്ടി തലോടി വിളിച്ചു, “ബോബീ….”
അത് തന്നെയാണ് വിളിക്കുന്നതെന്ന് മനസിലായില്ലെങ്കിലും, ആ വിളിയിലും തലോടലിലും അവനൊരു സുഖം തോന്നി. അവൻ അമ്മയെ ഓർത്തു കണ്ണടച്ച് കിടന്നു.
കാര് ഗേറ്റ് കടന്നു പോർച്ചിൽ നിന്നു. ഉണ്ണി കാറിൽ നിന്നും ഇറങ്ങി പുറകിലെ സീറ്റിൽ തുണിയിൽ ചുരുണ്ടു കിടക്കുകയായിരുന്ന പട്ടികുട്ടിയെയും, അടുത്തു വച്ചിരുന്ന പാൽക്കുപ്പിയും കൈയിൽ വാരിയെടുത്തു.
അവൻ പട്ടിക്കൂടിനടുത്തേക്കു നടക്കുന്നതിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന ജോസേട്ടൻ വിളിച്ചു ചോദിച്ചു.
“ആ… ഉണ്ണി പുതിയ പട്ടിക്കുട്ടിയെ വാങ്ങിയോ…ഏതാ ഇനം ….?”
“അൾസേഷ്യൻ ..” ഉണ്ണി മറുപടി പറഞ്ഞു.
“ഇതിനൊക്കെ ഇടക്ക് എല്ലും മുട്ടിയുമൊക്ക കൊടുക്കണം …” അതും പറഞ്ഞിട്ടയാൾ നടന്നു പോയി.
എന്റെ പട്ടികുട്ടിക്കു ഞാൻ എനിക്ക് ഇഷ്ടമുള്ളത് കൊടുക്കും . താനാരാ അത് പറയാൻ… ഉണ്ണി മനസിൽ പറഞ്ഞു.
കഴുകി വൃത്തിയാക്കിയ കൂട്ടിൽ, പട്ടികുട്ടിയെ പൂട്ടിയിട്ടു ഉണ്ണി വീട്ടിനകത്തു പോയി ഒരു പാത്രത്തിൽ കുറച്ചു ചോറും അവിയലുമായി വന്നു. ഒരു പാത്രത്തിൽ പാലും … എന്നിട്ട് പറഞ്ഞു…” ഉം… … കഴിച്ചോ “
ഉണ്ണി വീട്ടിലേക്കു പോയപ്പോൾ ബോബി ആലോചിക്കാൻ തുടങ്ങി …
എന്തായിരിക്കും അയാൾ പറഞ്ഞ എല്ലും മുട്ടിയും ?
വിശന്നപ്പോൾ അവൻ ഉണ്ണി കൊണ്ട് വന്നു വച്ച പാലു കുടിക്കാൻ തുടങ്ങി. അവനു അപ്പോൾ തന്ടെ അമ്മയെ ഓർമ്മ വന്നു. അവൻ സങ്കടം കൊണ്ട് വീണ്ടും അവിടെ ചുരുണ്ടു കിടന്നു.
വൈകീട്ടായപ്പോൾ ഉണ്ണി അവനു ദോശയും ഗ്ളൂക്കോസ് ബിസ്ക്കറ്റും കൊണ്ടുവന്നു കൊടുത്തു. പതിയെ പതിയെ, വിശന്നപ്പോൾ അവൻ എല്ലാം കഴിക്കാൻ തുടങ്ങി. അങ്ങനെ ഉണ്ണി കൊടുക്കുന്നതെല്ലാം അവൻ ഇഷ്ടപ്പെടാനും തുടങ്ങി.
ചോക്ലേറ്റ് ബിസ്ക്കറ്റ്, പഴം, ഉപ്പുമാവ് , ഹോര്ലിക്സ് , കഞ്ഞി , പയർ, അങ്ങനെ ഉണ്ണി കഴിക്കുന്നതെല്ലാം ബോബിയും കഴിച്ചു.
ആഴ്ച്ചകൾ, മാസങ്ങൾ കടന്നു പോയി… ബോബി നല്ലൊരു നായയായി വളർന്നു.
അവൻ ഉച്ചത്തിൽ കുരക്കാൻ പഠിച്ചു. മതിലിനുള്ളിലെ പറമ്പിലൂടെ വേഗത്തിൽ ഓടാൻ പഠിച്ചു.
പക്ഷേ എവിടെയോ എന്തോ ഒരു കുഴപ്പം ഉള്ളതായി അവനു തോന്നി.
കുരക്കൊന്നും ഒരു എടുപ്പില്ല . കുറച്ചു ഓടുമ്പോൾ തന്നെ തളർന്നു പോകുന്നു.
അതിനിടയിലാണ് ഗേറ്റിനു പുറത്തൂടെ പോയ ഒരു നാടൻ നായ അവനെ വെജിറ്റേറിയൻ എന്ന് പറഞ്ഞു കളിയാക്കി കുരച്ചത്. അത് കേട്ട് വന്ന മറ്റൊരുത്തൻ തിരുത്തി . “അല്ലേടാ അവൻ വീഗാനാ”. എന്നിട്ടവർ കളിയാക്കി കുരച്ചു കൊണ്ടു റോഡിലൂടെ ഓടിപ്പോയി.
തന്നെ കളിയാക്കിയ കാര്യം അവനു മനസിലായില്ലെങ്കിലും അവനു ദേഷ്യം വന്നു. അവർക്കൊരു കടി കൊടുക്കാൻ മതിൽ ചാടാൻ നോക്കിയെങ്കിലും ശരീരം ഉയർന്നില്ല. അവൻ കിതച്ചു കൊണ്ട് അവിടെ തന്നെ നിന്നു.
എന്തോ പ്രശ്നം ഉണ്ടെന്നു അവനു മനസിലായി. മനസെത്തുന്നിടത്തു ശരീരം എത്തുന്നില്ല. പക്ഷെ അവനു ഒരു എത്തും പിടിയും കിട്ടിയില്ല .
വൈകിട്ട് വെറുതെ കൂട്ടിൽ കിടന്നപ്പോൾ ഒരു ഗന്ധം അവന്ടെ മൂക്കിലേക്ക് കയറിവന്നു. അത് തലയിലെത്തിയതോടെ അവനൊരു ഉന്മാദമുണ്ടായി. അവന്ടെ ഹൃദയം പട പടെ എന്നടിക്കുവാൻ തുടങ്ങി. സിരകളിലുടെ രക്തം കുതിച്ചൊഴുകി. എങ്ങിനെയെങ്കിലും ആ ഗന്ധത്തിന്റെ ഉറവിടം കാണാനും അത് കടിച്ചു പറിക്കാനും മനസ്സ് പറഞ്ഞു . കൂട്ടിൽ ഉറക്കെ കുരച്ചു കൊണ്ട് അവൻ വട്ടം കറങ്ങി.
“ഈ ബോബിക്ക് എന്ത് പറ്റി ? ” ഉണ്ണി വീട്ടിൽ നിന്ന് ഉറക്കെ ചോദിച്ചു. ” ഓഹ് അതാ അപ്പുറത്തു നിന്നും ഉണക്ക മീൻ വറുക്കണ മണം കേട്ടാവും ” ഉണ്ണീടമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
കുരക്കലിനിടയിലും അവൻ ആ വാക്ക് കേട്ടു. “ഉണക്കമീൻ”. ഇനി ഇതായിരിക്കുമോ അന്നയാൾ പറഞ്ഞ എല്ലും മുട്ടിയും ? ഇനി അത് കഴിക്കാത്തത് കൊണ്ടാണോ തന്നെ അവർ വീഗൻ എന്ന് ആക്ഷേപിച്ചത് . ഇനി അതാണോ തന്നെ കരുത്തില്ലായ്മക്കു കാരണം ? അവന്ടെ തല ചിന്തകൾ കൊണ്ട് നിറഞ്ഞു.
ചിന്തകളുടെ ഭാരം കാരണം അവൻ അന്ന് വേഗം ഉറങ്ങി.
പിറ്റേന്ന് രാവിലെ ഉണ്ണി വന്നു അവനെ പ്രഭാതകൃതങ്ങൾക്കായി റോഡിലേക്ക് കൊണ്ടുപോയി. തന്നെ കളിയാക്കിയ നായകളെ അവിടെ കണ്ടിട്ടും അവൻ കൂസലില്ലാതെ നടന്നു.
അറവു ശാലയിൽ നിന്നുള്ള അവശിഷ്ടങ്ങളുമായി ഒരു വണ്ടി അവരെ കടന്നു പോയി.
പെട്ടെന്ന് അവനെ ഞെട്ടിച്ചു കൊണ്ട്, കാരണമില്ലാതെ ഉന്മത്തനാക്കി കൊണ്ട് അന്തരീക്ഷമാകെ ഒരു ഗന്ധം നിറഞ്ഞു.
കടന്നു പോയ വണ്ടിയിൽ നിന്നും തെറിച്ചു വീണ എന്തോ തന്നെ കളിയാക്കിയ നായ്ക്കൾ കടിച്ചു പറിക്കുന്നതായി അവൻ കണ്ടു.
അവന്ടെ തലച്ചോറിൽ വെള്ളിടി വെട്ടി. ഇതാണ് എല്ലിൻമുട്ടി. തന്നെ ഒരു കഴിവുകെട്ടവനാക്കി ഇത്രയും നാളും അകന്നു നിന്ന ഭക്ഷണം. അത് തനിക്കു വേണം. അവൻ കഴുത്തിലെ പിടി വിടുവിച്ചു ഓടാൻ കുതറി. വിടാതായപ്പാൾ കുരച്ചു കൊണ്ട് പലവട്ടം ഉണ്ണിയെ വട്ടം ചുറ്റി.
“ബോബി, ബോബി …. എന്ത് പറ്റി നിനക്ക് ? ” ഉണ്ണി അവനെ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു.
അവൻ അപ്പോഴേക്കും തളർന്നിരുന്നു. നിസ്സഹായനായി തിരിഞ്ഞു നോക്കി കൊണ്ട് അവൻ ഉണ്ണിയുടെ ഒപ്പം നടന്നു.
പക്ഷെ ആ ഗന്ധം അവനെ വിട്ടിരുന്നില്ല..
അത് കുടെയുള്ളതായി അവനു തോന്നി .
അതെ… അത് അടുത്ത് ഇവിടെയുണ്ട്. താൻ ഇത്രയും നാൾ കൊതിയോടെ കാത്തിരുന്നത് തന്ടെ മുന്പിലുണ്ട്.
അവനു പിന്നെ കാത്തു നിൽക്കാനായില്ല.
മടക്കി കുത്തിയ മുണ്ടിനു താഴേ ദൃശ്യമായ ഉണ്ണിയുടെ തുടയിലേക്ക് അവന്ടെ പല്ലുകൾ ഇറങ്ങി.