കാലം മിനുസം കവർന്ന ചാന്ത് തേച്ച തറയിൽ മുട്ടുരച്ച് നീങ്ങുകയും നടത്തം താളം തെറ്റി നിമിഷങ്ങൾക്കകം വീഴ്ച്ചയാകുകായും ചെയ്തിരുന്ന കാലം. മുത്തശ്ശിയാണ് ആദ്യമായൊരു ജെറ്റ് സമ്മാനിച്ചത്. വെള്ളം നിറഞ്ഞ് കരിക്കാവാനും വിളഞ്ഞ് വീണ് കറിയിൽ ചേരാനും പിളർന്നുണങ്ങി എണ്ണയാവാനും ഭാഗ്യമില്ലാത്ത മെച്ചിങ്ങകളായിരുന്നു ചക്രങ്ങൾ. അപ്പുറത്ത് കയറിൽ കുരുങ്ങിക്കിടന്ന ആടിന് വെറുതെ ഒരു മോഹം നൽകി പെറുക്കിയെടുത്ത നല്ല നീളമുള്ളൊരു പ്ലാവിലയും മണ്ണിൽ മുട്ടി നിൽക്കുന്ന തെങ്ങിൻ പട്ടയിൽ നിന്നൊരു ഈർക്കിളി സഹിതം ഒരിതളും. അത്രയുമായിരുന്നു നികുതി വേണ്ടാതെ തൊടിയിൽ നിന്നും ഉമ്മറത്തേക്ക് ഇറക്കുമതി ചെയ്ത പാർട്സുകൾ.
മെച്ചിങ്ങയുടെ നെഞ്ചിൽ ഈർക്കിൽ കഷ്ണം കയറ്റി. ഈർക്കിളിലിനെ മറച്ച് പ്ലാവിലയുടെ നടു മടങ്ങി. മറ്റൊരു കഷ്ണം അറ്റത്ത് നടുമറച്ച് തുളഞ്ഞു നിന്നു. ചവിട്ടു പടിക്ക് വിലങ്ങനെ കാൽ നീട്ടിയിരുന്നു മുത്തശ്ശി ജെറ്റിനും ഡ്രൈവർക്കും നിയന്ത്രണ രേഖ സൃഷ്ടിച്ചു. കണ്ണ് തെറ്റിയാൽ വീഴ്ച്ചയുറപ്പാണ്! ഇറ്റിവീണ മൂത്രത്തുള്ളികളായിരുന്നു ജെറ്റിന്റെ ആയുസ്സ് നിശ്ചയിച്ചിരുന്നത്. കഴുകാൻ ഉയർത്തിയെടുക്കുമ്പോഴും കുഞ്ഞു കയ്യിൽ ഭദ്രമായി പിടിച്ചിട്ടുണ്ടാവും കളി വണ്ടി. മിക്കവാറുമത് പിടിവിട്ട് വീഴുന്നതോ പിടിവിടുവിച്ച് എറിയുന്നതോ കിണറ്റിൻ കരയിൽ വെച്ചാവും.
കോലായയിലെ കാലം പിന്നിട്ട് ഉമ്മറത്തെത്തുമ്പോൾ ജെറ്റിൻറെ രൂപം മാറും. കുഞ്ഞു മെച്ചിങ്ങയിൽ നിന്ന് മൂപ്പെത്താത്ത കരിക്കിലേക്കൊക്കെ ചക്രങ്ങൾ മാറും. അതിരും മതിലുമില്ലാതെ ഒരു പറമ്പ് പോലെ അയല്പക്കത്തേക്ക് നോട്ടങ്ങളും നടത്താവുമെത്തും. അവിടങ്ങളിലെ കളി വണ്ടികൾ മോഹിപ്പിച്ച് തുടങ്ങും. അപ്പോഴേക്കും ചാക്ക് നൂല് കൊണ്ട് കെട്ടി വലിച്ചിരുന്ന ജെറ്റുകൾ അപരിഷ്‌കൃതമാവും.
പിന്നെ പറമ്പിൽ പഴയ ചെരുപ്പുകൾ തേടിയുള്ള അലച്ചിലാണ്. കത്തി ചൂടാക്കി അത് വട്ടത്തിൽ മുറിച്ചെടുക്കലൊരു കല തന്നെയാണ്. പല പല കമ്പനികളുടെ പല പല വർണ്ണങ്ങളിലുള്ള ചെരുപ്പുകളങ്ങിനെ ചക്രങ്ങളാവും. തികയാതെ വന്നപ്പോൾ പുതുപുത്തനെടുത്ത് മുറിച്ചതിന് ശകാരമോ ഈർക്കിൽ കൊണ്ടുള്ള പ്രഹരമോ ഏൽക്കേണ്ടി വന്ന പഴയ കാല ജെറ്റ് മുതലാളിമാർ ഒട്ടനവധിയുണ്ടെന്ന് ഗൃഹാതുരത്വത്തിന്റെ മായാത്ത ഏടുകളിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പയുടെ കമ്പിൽ കുടക്കമ്പി കയറ്റിയാണ് ചക്രങ്ങൾ ഘടിപ്പിക്കുക. അറ്റത്തൊരു വളയവുമുണ്ടാവും. ചിലതിൽ ഉജാലക്കുപ്പികളോ മറ്റ് നിറമാർന്ന പ്ലാസ്റ്റിക് കുപ്പികളോ ആഡംബരമായി എക്സ്ട്രാ ഫിറ്റിങ്ങുകളായി ഇടം പിടിക്കും. കുണ്ടനിടവഴിയിലും പാട വരമ്പത്തും ജെറ്റ് പറപറക്കും. പ്രിയപ്പെട്ടവരുടെ വീടിന് മുമ്പിലെത്തുമ്പോൾ തൊണ്ടകീറി നിലവിളി ശബ്ദം പോലെ ഹോൺ മുഴങ്ങും. അപ്പോൾ പിന്നാലെ മറ്റൊരു ജെറ്റ് കൂടി യാത്രയിൽ പങ്കു ചേരും.
കളി മൂത്തു വരുമ്പോൾ കൺവെട്ടത്ത് നിന്ന് മാഞ്ഞു നേരമൊത്തിരി കഴിയുമ്പോൾ പെറ്റ വയറിൽ ആധി കയറും. അടുത്ത വീടുകളിലേക്ക് നോക്കി ഉച്ഛത്തിൽ പേര് വിളിക്കും. കാണാതാകുമ്പോൾ വീണ്ടും മറ്റ് ജോലികളിൽ അമ്മമാർ വ്യാപൃതരാവും. ഭക്ഷണ സമയവും കഴിഞ്ഞാവും പലപ്പോഴും ജെറ്റുമായി തിരികെയെത്തുന്നത്. അപ്പോൾ നിയമ ലംഘനം പിടികൂടിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ നിൽക്കും പോലെ പഞ്ചപ്പാവം നടിച്ചൊരു നിൽപ്പുണ്ട്. സമയം വൈകിയതിനനുസരിച്ചാവും ശിക്ഷ! ചെവി തിരുമ്മലിൽ തുടങ്ങി ചുള്ളിക്കമ്പെടുത്ത് വീശലും ജെറ്റ് വലിച്ചെറിയൽ വരെ അരങ്ങേറും. അപ്പോൾ എന്നത്തേയും പോലെ രക്ഷക്കായി മുത്തശ്ശിയെത്തും. വാരിപ്പുണരുമ്പോൾ കണ്ണ് നീർ തിളക്കത്തിൽ നോട്ടം തൊടിയിൽ ചക്രമിളകി കിടക്കുന്ന ജെറ്റിലേക്കാവും.
ഇനി വീട്ടിലിരുന്നുള്ള കളി മാത്രം മതിയെന്ന ഉത്തരവിന്റെ മറവിലാണ് തക്കാളി പെട്ടി കൊണ്ടുള്ള ലോറികൾ ഉമ്മറത്തെ നിരത്ത് കീഴക്കുടന്നത്. പക്ഷെ വയസ്സ് കുതിക്കുമ്പോൾ സ്വന്തം പറമ്പെന്ന നാട് വിട്ട് മനസ്സങ്ങനെ പുറത്തേക്ക് കുതിക്കാനൊരുങ്ങും. കയറു പൊട്ടിച്ച് കുതിക്കും കാളക്കുട്ടന്മാരെ പോലെ ഇടക്ക് വീട്ടുകാരുടെ കണ്ണുവെട്ടിക്കും. വീടിന്റെ ചുമരിൽ ചാരി വെച്ച ടയറും കോലുമെടുത്താവും യാത്ര. തളർന്ന സൈക്കിൾ ടയറുകൾ ഇടക്ക് മദോന്മത്തരായി എട്ട് ആകൃതിയിൽ വഴിയിൽ വീഴും. ബൈക്കിന്റെ ടയറുള്ളവൻ അപ്പോൾ രാജാവിനെ പോലെ മുന്നോട്ട് കുതിക്കും.
ഉരുട്ടലിൽ നിന്ന് ചവിട്ടലിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത് പലപ്പോഴും പരീക്ഷയിലെ വിജയമോ തൊടിയിലെ വിളകളോ ആയിരിക്കും. സൈക്കിൾ വാങ്ങിത്തരാം എന്ന വാഗ്ദാനത്തിന് അങ്ങിനെ വര്ഷങ്ങളുടെ പ്രാബല്യമുണ്ടാവാറുമുണ്ട്. എങ്കിലും വല്ലപ്പോഴും കയ്യിൽ വരുന്ന ചില്ലറകൾ സ്വരുക്കൂട്ടി വാടകയ്‌ക്കൊരു സൈക്കിൾ സ്വന്തമാക്കും. മണിക്കൂറുകൾ പലരും മാറി മാറി ചവിട്ടി തിരിച്ചേൽപ്പിക്കുമ്പോൾ അടുത്ത തവണത്തേക്കുള്ള വാടക കണ്ടെത്തുന്നതിനായുള്ള പദ്ധതികൾക്ക് തുടക്കമായി കഴിഞ്ഞിട്ടുണ്ടാവും.
യന്ത്രവത്‌കൃതമായ ചക്രം പോലെ കാലമോടും! പഴയതായാലും പുതിയതായാലും ഒടുവിൽ സ്വന്തമായൊരു ജെറ്റ് എന്ന ആഗ്രഹം പൂവണിയും. ദേഹം തേച്ചുരക്കുന്നതിനേക്കാൾ ആത്മാർത്ഥതയിൽ അതിനെ കഴുകും. സ്വന്തം വസ്ത്രത്തേക്കാൾ മനോഹരമായ ഉടയാടകളെ പോലെ സീറ്റ് കവറും തണ്ട് കവറുമൊക്കെ അണിയിക്കും. തണ്ട് കവറിൽ ആറാം തമ്പുരാനും നരസിംഹവുമൊക്കെ പേരുകളായി തെളിയും. തൊണ്ട കീറി മുഴക്കിയ ഹോണിന് പകരം വഴികളിൽ കിണി കിണി ശബ്ദത്തോടെ ജെറ്റുകൾ പായും.
അന്നോടിയവർ ഇന്ന് കിതച്ചു തുടങ്ങിയെങ്കിലും കാലം പിന്നെയും പിന്നെയും മുന്നോട്ടോടി. നടവഴികളുടെ വീതി കുറഞ്ഞു. അതിരുകളിൽ മതിലുകളുയർന്നു. മെച്ചിങ്ങ പൊഴിക്കും തെങ്ങുകൾക്കൊപ്പം അതുവച്ച് കളിപ്പാട്ടങ്ങളുണ്ടാക്കിയവരും വിസ്‌മൃതിയിലായി.. ജെറ്റുകൾ നിർമ്മിച്ചവർക്കൊപ്പം പാർട്സുകൾ സംഭാവന ചെയ്തിരുന്ന റബ്ബർ ചെരിപ്പ് ഉപയോഗിച്ചിരുന്നവരും കുറഞ്ഞു കുറഞ്ഞു വന്നു. എങ്കിലും ഒന്ന് തുറന്നു വിട്ടാൽ ഓർമ്മകളിപ്പോഴും ജെറ്റ് പോലെ പോയും. ഏത് കരയിലിരുന്നാലും അത് ഇടവഴിയിലും മാഞ്ചുവട്ടിലുമെത്തിച്ചേരും. തടയിടാൻ ആ ബാല്യത്തിൻ ഓർമ്മകളിലൊരു തരിപോലും മോഡിഫിക്കേഷനില്ലല്ലോ!