ലിൻസി വന്നു എന്നു തോന്നുന്നു. വാതിൽ തുറക്കുന്ന ശബ്ദം. ഇനി അവൾ എന്നെ എഴുന്നേൽപ്പിച്ചു പല്ലു തേയ്ക്കാൻ സഹായിക്കും. പിന്നെ ശരീരം തുടച്ചു പുതിയ നിശാവസ്ത്രം ഇടിപ്പിക്കും. ഏറ്റവും അധികം വെറുത്തിരുന്ന ഒരു വേഷം ആയിരുന്നു അത്. അദ്ദേഹത്തിനും ഈ നിശാ വസ്ത്രം വീട്ട്ടിൽ ഇടുന്നതു ഇഷ്ടമായിരുന്നില്ല. വീടിനു പുറത്തു സാരി, വീട്ടിൽ വന്നാൽ പാവാടയും ടോപ്പും അല്ലെങ്കിൽ സൽവാർ ഖമീസ്. എന്നാൽ ഇപ്പോൾ ഇതാണ് എൻെറ സ്ഥിരം വേഷം. ലിൻസി ഏതു സാരി ആയിരിക്കും ഇന്ന് ധരിച്ചിരിക്കുന്നത്? ലിൻസി ഈ നക്ഷത്ര നഴ്സിംഗ് ഹോമിൽ എൻെറ സഹായി ആണ്. ട്രെയിനിങ് കൊണ്ട് നേഴ്സ്. മരണത്തെ കാത്തു കിടക്കുന്ന പണക്കാരുടെ സ്ഥലം ആണ് ഇതു. എല്ലാ സൗകര്യങ്ങളുള്ള വൃദ്ധസദനത്തോടു ചേർന്നുള്ളതാണ്. ആരോഗ്യത്തിലേക്കു ഇനി ഒരു തിരിച്ചുവരവില്ല എന്ന് ഉറപ്പായതോടെ ആണ് ഞാൻ എൻെറ താമസം ഇങ്ങോട്ടാക്കിയത്. അദ്ദേഹം ഉള്ളപ്പോൾ എടുത്ത തീരുമാനമാണ്. ഞങ്ങളിൽ ഒരാൾ പോയാൽ മരിക്കാനുള്ള വ്യാധി ആണെകിൽ ഇങ്ങോട്ടു നീങ്ങുക. മകൻെറ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടാകണ്ട എന്ന് കരുതി. മകനും മരുമകളും വളരെ എതിർത്തു. മുന്ന് മാസങ്ങൾ കഴിഞ്ഞു ഈ പറിച്ചുനടൽ കഴിഞ്ഞിട്ടു . അവർ ഇപ്പോൾ ഈ തീരുമാനം സ്വീകരിച്ച പോലെ ആണ്. രണ്ടു പേരും ഇടയ്ക്കു ഇടയ്ക്കു ഓടി വരും. ആ തരത്തിൽ ഞാൻ ഭാഗ്യവതി ആണ്. സ്നേഹമുള്ള കുട്ടികൾ.
“നിന്നെക്കാളും ഒരു ദിവസം അധികം ഞാൻ ജീവിക്കും” അദ്ദേഹം ഏപ്പോഴും പറയാറുള്ളതാണ്. എന്നാൽ എന്നെ പറ്റിച്ചു അദ്ദേഹം മുൻപേ പോയി. അസുഖമായി അധികം കിടന്നില്ല. അവസാന നാളുകളിൽ ഞാൻ ഈ സംഭാഷണം ഓര്മിപ്പിച്ചപ്പോൾ സ്വതസിദ്ധമായ തമാശയിൽ അദ്ദേഹം എന്നോട് പറഞ്ഞു. നിന്നോടുള സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചുവോ? ഞാൻ മരിച്ചാൽ എൻെറ കാമുകിമാരെല്ലാം വരും. അങ്ങനെ ഒരു കശപിശ വേണ്ട എന്ന് കരുതി പറഞ്ഞതാണ്. അദ്ദേഹം എപ്പോഴും അങ്ങനെ ആണ്. പറഞ്ഞത് സത്യമാണോ നുണയാണോ എന്ന് അറിയാൻ പറ്റില്ല. മരിച്ചു കിടന്നപ്പോൾ ഞാൻ ആ പറഞ്ഞ കാമുകിമാർ വന്നിരുന്നോ എന്ന് നോക്കി. സങ്കല്പ കാമുകിമാർ ആയിരുന്നു എന്ന് തോന്നുന്നു. ആരെയും കണ്ടില്ല. അദ്ദേഹത്തിന്റെ പല പ്രാവർത്തിക തമാശകളിൽ വേറെ ഒന്ന് ! കുശുമ്പി എന്നാണ് ഈ വക സാഹചര്യങ്ങളിൽ എന്നെ വിളിച്ചിരുന്നത്. അദ്ദേഹത്തെ പറ്റി വളരെ പൊസ്സസ്സീവ് ആയ എന്നെ കളിപ്പിക്കാൻ….. “മോന് വേറെ ആരും വേണ്ട, മോള് മാത്രം മതി” എന്ന് പറഞ്ഞു കഴുത്തിലൂടെ കയ്യിട്ടു ആ രോമനിബിഢമായ നെഞ്ചിൽ തല ചേർത്ത് ഞാൻ കൊഞ്ചിക്കാൻ. അത് കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. ദുഷിച്ച മനസ്സ് എന്ന് പറഞ്ഞു ഞാൻ ദേഷ്യപ്പെടും. ഉറക്കെ ചിരിച്ചു എന്നെ ഇറുക്കി മാറോടു ചേർത്ത് പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടും.
ഗുഡ് മോർണിംഗ് മാഡം… ലിൻസി ആണ്. ഞാൻ തല തിരിച്ചു ശബ്ദം കേട്ട ഇടത്തേക്ക് നോക്കി. പച്ചയും കടും പിങ്കും ചേർന്ന ഞാൻ കൊടുത്ത ധാക്കയ് ജംദാനി ആണ് അവളുടെ സാരി. ഈ സാരി അദ്ദേഹം എനിക്ക് ഒരു കൊൽക്കത്ത യാത്ര കഴിഞ്ഞു വന്നപ്പോൾ സമ്മാനിച്ചതാണ്. അതോടൊപ്പം ” ശംങ്കള പോല “വളകളും. ആ വളകൾ ഞാൻ തനിയെ എടുത്തു വച്ചിട്ടുണ്ട്. എൻെറ സാരി പ്രേമം അറിയുന്നതിനാൽ ഇതൊരു പതിവായിരുന്നു. ഇവിടെ വന്നു കുറച്ചു നാളുകളിൽ ലിൻസി എൻെറ മനം കവർന്നു. ഒരു സുന്ദരിക്കുട്ടി. വളരെ മൃദുഭാഷിണി. ലിൻസി എന്നെ ഒരു പൂ പോലെ ആണ് കൈകാര്യം ചെയ്യുന്നത്. അവൾ കോന്നിയിൽ നിന്നാണ്. പ്രാരാംബ്ധമുള്ള കുടുംബം. എന്നെ പോലെ ഒരു സാരി ഭ്രാന്തി. എൻെറ മുന്നൂറ്റി അറുപത്തി രണ്ടു സാരികളും ഞാൻ അവൾക്കു കൊടുത്തു, മരുമകൾക്ക് സാരികളിൽ വലിയ താല്പര്യം ഒന്നും കണ്ടില്ല. കല്യാണത്തിന് ഉടുത്തതിന് ശേഷം ഞാൻ അവളെ സാരിയിൽ കണ്ടിട്ടില്ല. ഒരു കേരള സാരി മാത്രം തനിയെ വച്ചിട്ടുണ്ട്. അധികം വൈകാതെ എനിക്ക് അത് ഉടുക്കാം! ലിൻസിയുടെയും മകൻറെയും മരുമകളുടെയും അടുത്തും പറഞ്ഞു വച്ചിട്ടുണ്ട്. അതും അദ്ദേഹം ഒരു തിരുവനന്തപുരം യാത്ര കഴിഞ്ഞു വരുമ്പോൾ കൊണ്ടുവന്നതാണ്. ബാലരാമപുരത്തെ നെയ്തു കടയിൽ നിന്നും നേരിട്ട് വാങ്ങിയത്. അതോടൊപ്പം “ശംങ്കള പോല “വളകളും. അവസാന യാത്രയിൽ അണിയുവാൻ.
ഇന്നലെ രാത്രി അധികം ഉറങ്ങിയിട്ടില്ല. വേദന അധികമായിരുന്നു . രാവിലെ ഡോക്ടർ വന്നതിനു ശേഷം മോർഫിൻറെ അളവ് കൂട്ടാം എന്ന് രാത്രി നേഴ്സ് പറഞ്ഞിരുന്നു. ലിൻസി മുറിയിൽ നീങ്ങുന്നത് മനസിലായി. വേദന അധികമുള്ള രാത്രികൾക്കു ശേഷം വരുന്ന പകലുകളിൽ എനിക്ക് സംസാരിക്കാൻ അധികം താല്പര്യം ഇല്ല എന്ന് അവൾക്കറിയാം. ഫ്ലോർ നേഴ്സ് രാത്രിയിലെ അസ്വസ്ഥത ലിൻസിയെ അറിയിച്ചിട്ടുണ്ടാകും.
വീണ്ടും കതകു തുറക്കുന്ന ശബ്ദം. ഡോക്ടർ ആയിരിക്കും. സീനിയർ ഡോക്ടർ ഇന്ന് വരും. കൂടെ ചെറിയ ഡോക്ടറും. സീനിയർ ഡോക്ടറിനെ എനിക്ക് ഇഷ്ടമല്ല. ഒരു മുഷ്ക്കു സ്വഭാവക്കാരൻ. രോഗികൾക്കും ചെവി ഉണ്ടെന്ന കാര്യം ഓർക്കാത്ത, കണക്കാക്കാത്ത മനുഷ്യൻ. വരുന്ന ദിവസങ്ങളിൽ എല്ലാം “she is sinking ” എന്ന് പറഞ്ഞു പോകും. അതു അറിയുന്നത് കൊണ്ടല്ലേ ഇവിടെ വന്നു കിടക്കുന്നത്! ജൂനിയർ ഡോക്ടർ ഒരു ചുള്ളൻ ആണ്. ദയാലുവും. കാണാൻ അദ്ദേഹത്തെ പോലെ ആണോ എന്ന് ഒരു സംശയം. അതോ എൻെറ തോന്നലോ? അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് എൻെറ പിന്നാലെ അമ്പലത്തിൽ നിന്നുള്ള വഴിയിൽ എല്ലാ ദിവസവും കൂടിയപ്പോഴാണ്. നല്ല ഉയരം, മെലിഞ്ഞ ശരീര പ്രകൃതി. നല്ല ഉള്ളുള്ള മുടിയും, കട്ടി മീശയും. നീളമുള്ള വിരലുകൾ. ലക്ഷണമൊത്ത മുക്കും,ചുവന്ന ചുണ്ടുകളും. അധികം കഴിയുന്നതിനു മുൻപേ അദ്ദേഹത്തിന്റെ ആലോചന വീട്ടിൽ വന്നു. അറിയുന്ന വീട്ടുകാർ. നല്ല ജോലിയുള്ള സുന്ദരനായ ചെറുക്കൻ. ആർക്കും മറുത്തൊരു അഭിപ്രായം ഇല്ലാത്തതിനാൽ വേഗം കല്യാണവും കഴിഞ്ഞു. പിന്നെ പ്രണയത്തിൻറെ നാളുകൾ……… കൈയിൽ ഒരു തണുത്ത സ്പർശം. ജൂനിയർ ഡോക്ടർ ആണ്. കൈ അമർത്തി വരവറിയച്ചതാണ്. അദ്ദേഹത്തെ പറ്റിയുള്ള സുഖകരമായ ചിന്തകളിൽ മനസുഴലുകളായിരുന്നു. കണ്ണ് തുറന്നു നോക്കുവാൻ തോന്നിയില്ല. ഞാൻ കണ്ണടച്ച് കിടന്നു.
ലഹരി നിറച്ച സിറിഞ്ച് കൈയിലെ ഞരമ്പുകളിൽ കുത്തിയിറങ്ങുന്നതു അറിഞ്ഞു. ഇനി സുഖകരമായ ഉന്മാദം …. എൻെറ ആ ഉന്മാദത്തിലേക്കു അദ്ദേഹം സാധാരണ വരാറുണ്ട്. ആ നീളമുള്ള കാലുകൾ എൻെറ ദേഹത്തേക്ക് ഇട്ടു, കുറ്റിരോമം എൻെറ കവിളിൽ ഉരസി എന്നെ കെട്ടിപ്പിച്ചു മണിക്കൂറുകളോളും കൂടെ കിടക്കും. അദ്ദേഹത്തിന്റെ വരവിനായി ഞാൻ കാത്തിരുന്നു…….