ദുബായിലെ കൊടുംവേനലവധിക്ക് നാട്ടിലെത്തിയ അനിയൻ തിരിച്ചുപോകാനൊരുങ്ങുന്നതുകണ്ട് ഞാനൊന്ന് പരുങ്ങി. ‘എന്നത്തേക്കാണ് പോക്ക് നിശ്ചയിച്ചത്’ എന്നു ഞാൻ ചോദിച്ചു. ‘ടിക്കറ്റ് കിട്ടുന്നതുപോലെ, ഇരുപത്തിനാല് അല്ലെങ്കിൽ ഇരുപത്തഞ്ച്’ എന്നവൻ പറഞ്ഞപ്പോൾ അവന്റെ ഭാര്യയും മക്കൾ രണ്ടുപേരും നിറഞ്ഞുചിരിച്ചു. ‘വെരി വെരി ഗുഡ് അച്ഛൻ’ എന്ന് അവന്റെ മക്കൾ വിളിച്ചു പറഞ്ഞു.
ഞാൻ ചോദിച്ചു.
“ഇപ്പോഴും അവിടെ ചൂടുതന്നെയല്ലേ? പിന്നെ ഇരുപത്തിയാറിന് ഒന്നാം ഓണം ഉത്രാടം. ഇരുപത്തിയേഴിന് തിരുവോണമാ. അതുകഴിഞ്ഞ് പോയാപ്പോരേ?”
“ഇവിടെയെന്തോണം ഏട്ടാ? ഓണമെല്ലാമങ്ങ് ദുബായിലല്ലേ. അവിടെ മുഴുവനും രാത്രിയും പകലും ജ്വലിച്ചുനില്‌ക്കും. മലയാളികളെല്ലാം ആഘോഷിച്ചു തിമിർക്കും. മലയാളികളല്ലാത്തവർക്കെല്ലാം പായസം കൊടുക്കും.”
“നിന്റെ മടക്കയാത്രയിൽ പതിവുപോലെ ഞാൻ നിർബന്ധം പിടിക്കുന്നില്ല‘ എന്നു ഞാൻ അടങ്ങി.
”ഇതൊരു നിർബന്ധത്തിന്റെ പ്രശ്‌നമല്ല, ഏട്ടാ. നമുക്ക് ഓണം ഇല്ലാതായിരിക്കുന്നു. അതംഗീകരിക്കുന്നതിന്റെ പ്രശ്‌നം മാത്രമേയുളളു.“ എന്നായി അനിയൻ.
”സാമൂതിരി പറഞ്ഞു തിരുവാതിര ഞാറ്റുവേല കൊണ്ടോവാൻ കഴിയില്ലല്ലോ“ എന്ന്. ”അതോർക്കണം“ എന്ന് ഞാൻ വീണ്ടും തർക്കത്തിനെത്തി.
”തിരുവാതിര ഞാറ്റുവേലയും അവിടെ ഉണ്ടാക്കും. അത്തം കറുപ്പിച്ച് ഓണം വെളുപ്പിക്കും. ഇവിടെയിടുന്നതിനെക്കാൾ വലിയ പൂക്കളമിടും. ഉത്രാടത്തിന് പായുകയും ചെയ്യും. അവിടെ കഴിയാത്തതായി ഒന്നുമില്ല. അവിടെയേ ഓണമുളളൂ. മലയാളികളൊക്കെ ഇപ്പോ മടങ്ങാൻ തുടങ്ങീട്ടുണ്ടാവും“ എന്ന് അനിയൻ തറപ്പിച്ചു പറഞ്ഞു.
”നീ പറക്കുക“ എന്നു പറഞ്ഞ് ഞാൻ നിർത്തി.
Generated from archived content: story5_sep.html Author: vs_anilkumar