തട്ടുകട നടത്തിക്കൊണ്ടിരുന്ന തളളുവണ്ടി വിറ്റ് ഒരു വിമാനയാത്ര നടത്തുവാൻ നീലാംബരനെ പ്രേരിപ്പിച്ചത്, ഈയിടെയായി ഗവൺമെന്റ് രാജ്യത്തെ സാധാരണക്കാർക്കായി ചില ഇളവുകൾ പ്രഖ്യാപിച്ചത് തനിക്കുംകൂടി അനുഭവിക്കാൻ വേണ്ടിയാണ് എന്നുളളതുകൊണ്ടാണ്.
സാധാരണക്കാർക്ക് ആശ്വാസമായി ഗവൺമെന്റ് പുതിയ പാക്കേജിൽ കാറിനും കമ്പ്യൂട്ടറിനും ഐ.റ്റി വ്യവസായത്തിനും വിമാനയാത്രക്കൂലിയിലും ഇളവുകൾ പ്രഖ്യാപിച്ചു.
കാറും കമ്പ്യൂട്ടറും ഐറ്റിയുമൊന്നും ആവശ്യമില്ലാത്ത നീലാംബരൻ തന്റെ രാജ്യത്ത് അസാധാരണനാവുന്നത് അയാൾക്ക് ഓർക്കാൻകൂടി കഴിയുമായിരുന്നില്ല. ആഗോളീകരണവും ലോകക്രമം മൂന്നോ നാലോ എന്ന തർക്കവും വരുന്നതിനു മുൻപേതന്നെ നീലാംബരൻ ഒരു കമ്മ്യൂണിസ്‌റ്റായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരനും. ഇന്നിപ്പോൾ ഗവൺമെന്റ് നീലാംബരനെ അസാധാരണക്കാരനായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നീലാംബരൻ ഒന്നുറച്ചു; തളളുവണ്ടി വിറ്റായാലും വേണ്ടില്ല ഒരു വിമാനയാത്രയെങ്കിലും നടത്തി സാധാരണക്കാരനാവുക. ഏറ്റവും കുറഞ്ഞ തുകയിൽ കൊച്ചിയിൽനിന്നും ചെന്നൈ വരെയെങ്കിലും പോകാം. അസാധാരണക്കാരനായി കൊച്ചിയിൽ ജീവിക്കുന്നതിലും നല്ലത്…നീലാംബരൻ ഏറെ ചിന്തിച്ചുറച്ചു. രണ്ടു മൂന്നാളുകളോട് വിലപേശിയാണ് തട്ടുകട വിറ്റത്. കാശ് ചെന്നൈയ്‌ക്ക് പോകാനേ തികയൂ. പിന്നീട്…എന്തായാലും തീരുമാനത്തിന് മാറ്റമില്ല. വിറ്റുകിട്ടിയ കാശുകൊണ്ട് ആദ്യം ഒരു വിമാനടിക്കറ്റും ബാക്കികൊടുത്ത് അല്‌പം സയനൈഡും വാങ്ങി.
അങ്ങനെ നീലാംബരനും ഒരു സാധാരണക്കാരനായി!
Generated from archived content: story1_mar.html Author: vishwan_padanilam