പതിരില്ലാമൊഴി

ഒരു ശിലയുരുട്ടി

കുന്നിൻ നിറുകയിലെത്തിക്കാൻ

ഒരു നാറാണത്തുഭ്രാന്തൻ വേണം

അതു താഴോട്ടുമുട്ടിയട്ടഹസിച്ചു

ചിരിപ്പാനേതു ഭ്രാന്തന്നുമാവും!

കെ.പി.സുധാകർ, ചെന്നൈ

ശിഷ്‌ടം

അഷ്‌ടിക്കില്ലാതെനിക്കും

മെഴുതിരിയുരുകുംമട്ടും

കത്തീട്ടടങ്ങും ശിഷ്‌ടന്മാർ

കുന്നുകൂടീയവനിയിലിനിഹാ!

ശിഷ്‌ടരും ദുഷ്‌ടരാമോ?

പുഷ്‌ടമോദം വളർത്തും

വഴികളഖിലവും നഷ്‌ടമായുളളതാലീ-

കഷ്‌ടപ്പാടിന്നൊരന്ത്യം

വെറുമൊരു കനവായ്‌ത്തന്നെ

ശേഷിക്കുമെന്നോ?

ആര്യ സി.പി.

മോഹങ്ങൾ

ജീവന്റെയിതളുകളിൽ

മോഹങ്ങൾ നിലാമഴയായി പെയ്യുമ്പോൾ

പാറിപ്പറക്കുന്ന മോഹശലഭങ്ങൾ

ജീവന്റെ വല്ലരിയിൽ പുഷ്‌​‍്‌പഗന്ധികൾ

പൂവിടുമ്പോൾ മോഹശലഭങ്ങളേ

ഇനിയുമെത്രനാൾ നിങ്ങളീ

ജീവിതത്തിൽ വെറുമൊരു മോഹമായ്‌…?

വളളിക്കോട്‌ രാമചന്ദ്രൻ

കയ്‌പ്പുരസം

ആർത്തിക്കതിർവരമ്പില്ല

നനഞ്ഞേടം കുഴിക്കാനെളുപ്പം

സ്വാർത്ഥതയ്‌ക്കു മുൻതൂക്കം

സമ്പത്തിനു കയ്‌പ്പുരസം!

കെ.ആർ. ചെറായി

പഴഞ്ചൊല്ല്‌

അട്ടയെപ്പിടിക്കുക മെത്തമേൽ-

കിടത്തുക, അട്ടയ്‌ക്കുസൗഖ്യം

പൊട്ടക്കുളമല്ലെന്നോർക്കുക!

പി.കെ. ഗോപി

നാളം

വിളക്കിലെ നാളം പുറത്തുവച്ചതു

നിനക്കുകാണുവാൻ

തിരിയുമെണ്ണയും ഒളിച്ചിരിക്കുവ-

തെനിക്കുകാണിവാൻ.

രാജു പാമ്പാടി

കഥാന്ത്യം

കടലെടുക്കുന്നു തീരം

കടപുഴകുന്നു മാമരം

കാട്ടുതീക്കാറ്റിലുഷ്‌ണം

കരിമരുന്നിന്റെ ഗന്ധം,

കദനമുരുകും മാനസം

കവിതവറ്റും സായാഹ്നം

കരളിലൂറും വിഷാദം

കൂട്ടുപിരിയും കാലം!

ജോയി ചാലക്കുടി

ജനിമന്ത്രം

പഴമയിലൊരുമയുടുല്‌പത്തികളുണ്ട-

വയിൽ തിരയുക പടനായകരേ,

പുലരട്ടെ ജനമനസ്സുകളിൽ പുതു-

പുലരിക്കായി ജനിമന്ത്രമനർഗ്ഗളം.

രാജഗോപാൽ നാട്ടുകൽ

ഭയം

പകലിലകൾ പഴുത്തേവീണു

ഇരുൾമൗനം കനത്തുവന്നൂ

കുഴിബോംബുകൾ മഴുവും വാളും

മദമിളകിത്തുളളിവരുന്നൂ

മണ്ണടരിൽ ചിതൽതിന്നാത്തൊരു

ശവമിതു ഞാൻ ഞെട്ടിവിറപ്പൂ.

പാലത്തറ കൃഷ്‌ണകുമാർ

രാഷ്‌ട്രീയ കൂലിപ്പണി

നിരത്തിലൊരാൾ വന്നുനില്‌ക്കുന്നു

കൂലിക്കുവരാം കൊടികെട്ടാനും

ജാഥ നയിക്കാനും

ആരോ ഭരിച്ചിടട്ടെ ആരോ മുടിച്ചിടട്ടെല്ലാം

വയറുപിഴപ്പു കൂലിരാഷ്‌ട്രീയം പണി

മോഷണവും കൊലയുമറിയില്ല.

Generated from archived content: poem1_aug13_05.html Author: valiyora_vp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here