വിദ്യാഭ്യാസം

വിദ്യ

അദ്ധ്യാപകർ സമരത്തിലായതിനാൽ കുട്ടികളെ സ്‌കൂൾ വരാന്തയിലിരുത്തി നാട്ടുകാർ പഠിപ്പിക്കുന്നു. രണ്ടുപേർ മലയാളവും സയൻസും പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരു യുവാവ്‌ മുന്നോട്ടുവന്നു.

“ഞാൻ കണക്കുപഠിപ്പിക്കാം.”

കുട്ടികൾ കണക്കുബുക്കെടുത്തു.

“ആദ്യം ഒരു മനക്കണക്ക്‌. ഒരു മാങ്ങയ്‌ക്ക്‌ രണ്ടു രൂപ. ഒരു തേങ്ങയ്‌ക്ക്‌ അഞ്ചുരൂപ. എന്നാൽ എന്റെ വയസ്സെത്ര?”

സാറ്‌ ചോദ്യം ആവർത്തിച്ചെങ്കിലും പിളേളർക്ക്‌ എത്തുംപിടിയും കിട്ടിയില്ല. ഒരുവന്‌ കാര്യം മനസ്സിലായെന്ന്‌ തോന്നുന്നു. അവൻ വിളിച്ചു പറഞ്ഞുഃ

“സാറിന്‌ ഇരുപത്തിയൊന്ന്‌ വയസ്സ്‌.”

“കറക്‌ട്‌. ഇനി എങ്ങനെ കണ്ടുപിടിച്ചെന്നു കൂടി പറയൂ.”

“എനിക്കൊരു അമ്മാവനുണ്ട്‌. അങ്ങേർക്ക്‌ വയസ്സ്‌ നാല്‌പത്തിരണ്ട്‌. ആള്‌ മുഴുവട്ടാണ്‌. സാറിന്‌ അതിന്റെ പകുതിയെടുത്തു.”

അഭ്യാസം

പകൽ മുഴുവൻ വീട്ടിലിരുന്ന ചില അധ്യാപകർ രാത്രി സ്‌കൂശ ഓഫീസിന്റെ പൂട്ട്‌ തല്ലിപ്പൊളിച്ചു തുറന്നു. അകത്ത്‌ ആളനക്കം.

“ഹാരാ അത്‌?”

“പേടിക്കണ്ട സാറേ, ഇതു ഞാൻതന്നെ. പ്യൂൺ കിഷൻകുട്ടി.”

“ങേ, നീയെങ്ങനെ അകത്തുകയറി?”

“എനിക്കു നിങ്ങളെപ്പോലെ പൂട്ടുപൊളിക്കാനുളള ധൈര്യമില്ല. അതുകൊണ്ട്‌ ഓടിളക്കിയിറങ്ങി. ടോർച്ചുണ്ടെങ്കി ഇങ്ങോട്ടടിക്ക്‌. അറ്റന്റൻസിൽ രണ്ടാഴ്‌ചത്തെ ഒപ്പിടാൻ ബാക്കികിടക്കുന്നു.”

“എടാ കരിങ്കാലീ, പകൽമുഴുവൻ ഇങ്ക്വിലാബ്‌ വിളിച്ചുനടന്നിട്ട്‌ രാത്രി ആരും കാണാതെ ഒപ്പിടൽ. എടാ എത്രയൊക്കെ ഒളിച്ചാലും മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന്‌ ഓർമ്മവേണം.”

“അതൊക്കെ എനിക്കോർമ്മയുണ്ട്‌. സാറന്മാർ ഒപ്പിടുന്നെങ്കി വേഗം ഇട്ടിട്ട്‌ രജിസ്‌റ്റർ ഇങ്ങെടുക്ക്‌.”

“എന്തിന്‌?”

“മുകളിൽ കൊടുക്കാൻ.”

“ങേ?”

“ഹെഡ്‌മാസ്‌റ്റർ മുകളിലുണ്ട്‌. പാവത്തിന്‌ താഴേക്കിറങ്ങാൻ വയ്യ.”

Generated from archived content: story5_dec.html Author: v_suresan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here