ബിരുദം യോഗ്യതയായുളള പി.എസ്.സിയുടെ ഒരു ഉദ്യോഗപ്പരീക്ഷയ്‌ക്ക് കടംകഥയും കളിക്കണക്കുംപോലുളള ചോദ്യങ്ങളുണ്ടായിരുന്നുവെന്നറിഞ്ഞപ്പോൾ ഉണ്ടായ അത്ഭുതമാണ് ഈ വരികൾക്കാധാരം.
ഒരുചോദ്യം ഃ ഒരു മരച്ചില്ലയിൽ 14 പക്ഷികളിരിക്കുന്നു. വെളിവച്ചപ്പോൾ ഒരു പക്ഷി താഴെവീണു. എന്നാൽ ചില്ലയിൽ ബാക്കി എത്ര പക്ഷികളുണ്ട്?
ചില്ലയിൽ പക്ഷികളൊന്നും ബാക്കിയില്ല എന്നായിരിക്കും ഉദ്ദേശിച്ച ഉത്തരം. പക്ഷേ മറ്റൊരുപക്ഷികൂടി ചത്ത് ചില്ലയിൽ കുരുങ്ങിയിരുന്നാലോ? പറന്നുപോയ രണ്ടുപക്ഷികൾ തിരിച്ചുവന്നിരുന്നാലോ? ഇനി ഇൻഡ്യാ പാക് അതിർത്തിയിലെ പക്ഷികളുടെ കാര്യമാണെങ്കിൽ വെടി ശബ്‌ദമല്ല, ബോംബിന്റെ ശബ്‌ദംകേട്ടാലും ചില്ലയിൽനിന്ന് അനങ്ങുമെന്ന് തോന്നുന്നില്ല.
ചോദ്യം രണ്ട്‌ഃ ഒരാളുടെ ബെർത്ത്‌ഡേ 29-2-1960 നാണ്. എന്നാൽ 1976 ആകുമ്പോഴേക്ക് അയാൾ എത്ര ബെർത്ത്‌ഡേ ആഘോഷിച്ചിരിക്കും?
ശരിയുത്തരം ‘4’ ആണെന്നു പറയുന്നതുകേട്ടു. (1960 അധിവർഷമായതുകൊണ്ട്.) എന്നാൽ ഈ ഉത്തരം കോവാലണ്ണൻ കേൾക്കരുത്. ആ ദിവസം ജനിച്ച അണ്ണൻ 1976 ആയപ്പോൾ 16 പിറന്നാൾ സദ്യ ഉണ്ടുക്കഴിഞ്ഞു.
ചോദ്യം മൂന്ന്‌ഃ 60 മീറ്റർ ഉയരമുളള ഒരു പോസ്‌റ്റിൽ ഒരാൾ ഒരുമിനിറ്റിൽ കയറുന്ന ഉയരം 6 മീറ്റർ. അയാൾ 6 മീറ്റർ കയറുമ്പോൾ 4 മീറ്റർ വഴുതി താഴേയ്‌ക്കുവരുമെങ്കിൽ പോസ്‌റ്റിന്റെ മുകളിലെത്താൻ എത്ര സമയമെടുക്കും?
ബസ്‌സ്‌റ്റാൻഡിൽ നിന്നപ്പോൾ പരീക്ഷ എഴുതിയ കുട്ടികൾ തമ്മിൽ തർക്കംഃ
“30 മിനിറ്റാണു ശരി.”
“അവസാനം 4 മീറ്റർ വഴുതുന്നതിനുമുമ്പ് മണ്ടയിലെത്തുമല്ലോ. അപ്പോൾ 28 മിനിറ്റുമതി.”
“അതെങ്ങനെ? വഴുക്കലുളള പോസ്‌റ്റിൽ ഓരോ ചുവടുകയറുമ്പോഴും വഴുതില്ലേ?”
ബസു കാത്തുനിന്ന ഒരു മാന്യൻഃ “പോസ്‌റ്റേത്?”
“ജൂനിയർ അസിസ്‌റ്റന്റ്-കെ.എസ്.എഫ്.ഇയിൽ.”
“എങ്കിൽ തീർച്ചയായും വഴുതും. നല്ല പിടിപിടിക്കേണ്ടിവരും.” കാര്യമറിഞ്ഞോ അറിയാതെയോ അയാൾ പറഞ്ഞു.
Generated from archived content: humour_june_05.html Author: v_suresan