നളിനിജമീല മലയാളിയെ വായിപ്പിക്കുന്നു!

വളരെക്കാലത്തിനുശേഷം മലയാളികൾ സഗൗരവം പുസ്‌തകവായനയിലേക്കു തിരിഞ്ഞിരിക്കുന്നു. നളിനിജമീലയ്‌ക്ക്‌ സ്‌തോത്രം! മലയാളിയുടെ വിശപ്പും ദാഹവും അവർ മലയാളിക്കുമുമ്പാകെ വിചാരണയ്‌​‍്‌ക്കു വച്ചിരിക്കുന്നു. മുൻനിര വാരികകൾ ആഴ്‌ചതോറും പടച്ചിറക്കുന്ന അശ്ലീല സാഹിത്യത്തെക്കാൾ എന്തുകൊണ്ടും ഭേദമാണ്‌ ഈ ആത്മകഥ. ഒരു ലൈംഗികത്തൊഴിലാളി ആത്മകഥയെഴുതുമ്പോൾ അതിലെ പ്രധാന പ്രമേയങ്ങളിലൊന്ന്‌ ‘ലൈംഗിക’മാവുക ആശ്ചര്യകരമാണോ? നളിനിജമീല അതൊഴിവാക്കി ആത്മകഥയെഴുതി മുഖം രക്ഷിക്കണമായിരുന്നു-മലയാളിയുടെ ംലേച്ഛമായ കപടമുഖം മാന്തിക്കീറരുതായിരുന്നു. എങ്കിലും ആ സ്‌ത്രീയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കൂക്കിവിളിക്കുന്ന വെളളയുടുപ്പുകൾ മറുന്നുപോകുന്ന ചില സത്യങ്ങളുണ്ട്‌; നിലനില്‌ക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ ഒരു പെൺകുട്ടിക്ക്‌ അവളെ സൂക്ഷിക്കുക എത്ര ക്ലേശകരമാണെന്നത്‌, പെണ്ണു പിഴയ്‌ക്കുന്നതിന്റെ എല്ലാ ധാർമ്മിക ഉത്തരവാദിത്വവും ഇവിടെ പെണ്ണുതന്നെയാണ്‌ ചുമക്കേണ്ടിവരുന്നതെന്ന്‌, ഉപഭോഗസംസ്‌കാര സംഹിതകളുടെ ഏറ്റവും വലിയ ഇര സ്‌ത്രീയാണെന്നത്‌. ആകയാൽ പിഴച്ചുപോയ നളിനിജമീല സ്വന്തം കഥ പറയരുത്‌! ഞങ്ങൾ കേരളീയർക്ക്‌ പ്രേമത്തെക്കുറിച്ചും രതിയെക്കുറിച്ചും (അത്‌ തെരുവിൽ ജീവിക്കുന്നവളുടേതാകുമ്പോൾ വിശേഷിച്ചും) കേൾക്കാനുളള ത്രാണിയില്ല. ഞങ്ങളുടെ കന്യകകൾ അനാഘ്രാതപുഷ്‌പകങ്ങളായിരിക്കട്ടെ. ഞങ്ങളുടെ തിരുക്കുടുംബങ്ങൾ നിരന്തരം വാഴ്‌ത്തപ്പെടട്ടെ. പ്രണയം എന്ന നിഷിദ്ധവികാരത്തിന്റെ ചൂടുതട്ടി ആ കുടുംബമുട്ടകൾ ഉടയാതിരിക്കട്ടെ. ആര്‌ ആരെ പിഴപ്പിച്ചാൽ ഞങ്ങൾക്കെന്ത്‌? യേശുക്രിസ്‌തുവും ബുദ്ധനും എഴുതാതെപോയ ആത്മകഥകളിൽ അഭിരമിക്കുന്നവരല്ലേ ഞങ്ങൾ. ആകയാൽ നളിനിജമീലേ, നീ നാവടക്കുക; പണിയെടുക്കുക.

Generated from archived content: essay2_nov25_05.html Author: v_p_syamala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English