വേണം മലയാളത്തിനു മാനകം

‘ക്ഷണിച്ചുക്കൊളളുന്നു എന്ന പ്രയോഗം ശരിയാണോ?’ സുഹൃത്ത്‌ ആരാഞ്ഞു. ‘അതായത്‌, ക്ഷണിച്ചു എന്നതുകഴിഞ്ഞ്‌ ’ക്ക‘യാണോ വേണ്ടത്‌ ക്ഷണിച്ചുക്കൊളളുന്നു എന്ന്‌?’ എനിക്ക്‌ ചിരിവന്നു. ‘ക്ക’ വേണ്ടെന്ന്‌ ആർക്കാണറിഞ്ഞുകൂടാത്തത്‌! പക്ഷേ സംഗതി ചിരിച്ചുതളളാനുളളതല്ല. ഡി.ടി.പിയിൽ ടൈപ്പ്‌ ചേർത്ത്‌ അച്ചടിക്കാൻ സുഹൃത്ത്‌ എഴുതിയതും പ്രൂഫ്‌ തിരുത്തിയതും ക്ഷണിച്ചുകൊളളുന്നു എന്നുതന്നെയാണ്‌. അച്ചടിച്ചു കിട്ടിയതിലാകട്ടെ, ‘ക്ഷണിച്ചുകൊളളുന്നു’ ഉറച്ചിരിക്കുന്നു! ഇതിന്‌ ഡി.ടി.പി ഓപ്പറേറ്റർ വിശദീകരണം നൽകി; ക്ഷണിച്ചു എന്നും കൊളളുന്നു എന്നും രണ്ടുവാക്ക്‌ ഒന്നിച്ച്‌, അതായത്‌ ചേർത്ത്‌, പ്രയോഗിക്കുമ്പോൾ ‘ക’ ഇരട്ടിച്ച്‌ ‘ക്ക’ എന്നാകും എന്ന്‌. (തട്ടിക്കൊളളുന്നു, മുട്ടിക്കൊളളുന്നു ഇത്യാദിയാവാം ഈ വാദത്തിനു മാതൃകയായത്‌. ഇകാര ഉകാരവ്യത്യാസമൊന്നും ചിന്തിച്ചു കാണുകയില്ലതാനും.) ഏതായാലും മേല്‌പറഞ്ഞ പുതുതത്ത്വം മാത്രമല്ല, ഒട്ടേറെ തത്ത്വാഭാസങ്ങൾ ഇങ്ങനെ ആവിഷ്‌കരിക്കുന്നുണ്ട്‌ ആധുനിക ഡി ടി പിക്കാർ. ഭാഷാപീഡനം നടത്തുന്ന അവരെ ശിക്ഷിക്കാൻ നിയമമൊന്നുമില്ലെന്ന്‌ അവർക്കറിയാം. അതുകൊണ്ടാണല്ലോ പത്താംക്ലാസ്സ്‌ പരീക്ഷയുടെ ചോദ്യക്കടലാസിൽപോലും അക്ഷരത്തെറ്റുകൾ -ലിപിവൈചിത്ര്യം-ഒട്ടേറെയുണ്ടായത്‌.

ഗത്യന്തരം എന്നാൽ വഴി (ഗതി), വേറെ (അന്തരം) എന്നർത്ഥം. ഇവിടെ ഗത്യന്തരമുണ്ട്‌. ഇൻഫർമേഷൻ ടെക്‌നോളജി, സൈബർക്രൈം, വാറ്റ്‌, സിടിബിടി-(നീട്ടുന്നില്ല) ഇത്യാദിയെക്കുറിച്ച്‌ അഭിപ്രായം പറയാൻ ഒരുമാതിരിക്കാര്‌ തയ്യാറാവില്ല. എന്നാൽ ഭാഷയുടെ കാര്യം അങ്ങനെയല്ല. അതിനെക്കുറിച്ച്‌ ആരും എന്തും പറയും; അക്കാര്യത്തിൽ എന്തും പ്രയോഗിക്കും. കാരണം ഭാഷ എന്നത്‌ സാർവജനീനമാകയാൽ സാങ്കേതികമല്ലെന്നാണ്‌ ചിലരുടെ ധാരണ. അങ്ങനെയുളളവരും മാധ്യമപ്രവർത്തകരായാലോ! മാധ്യമം എന്നുപറയുമ്പോൾ മുദ്രിതവും ഇലക്‌ട്രോണികവും ആണ്‌ വിവക്ഷയിൽ. ഇലക്‌ട്രോണികത്തിൽ പെടുന്നതാണ്‌ കംപ്യൂട്ടർ-ഡിടിപി.

കംപ്യൂട്ടറിനായി ഒന്നിലേറെ സോഫ്‌ട്‌വെയറുകൾ മലയാളത്തിന്‌ ഉണ്ട്‌. അവ ഉണ്ടാക്കിയവർക്ക്‌ ഭാഷയുടെ തനിമയേക്കാൾ ഗണ്യമായത്‌ വിപണിയുടെ മത്സരമാണ്‌. സോഫ്‌ട്‌വെയറിലുളളതെല്ലാം പ്രമാദരഹിതമാണെന്ന്‌ ഓപ്പറേറ്റർമാർ ധരിക്കുന്നു. അവർ അച്ചുചേർത്തു മുദ്രണം ചെയ്‌തുതരുന്നതെല്ലാം ശരിയാണെന്ന്‌ കുട്ടികളും മുതിർന്നവരും ധരിക്കുന്നു.

ഡിടിപി ഓപ്പറേറ്റു ചെയ്യുന്നവർക്ക്‌ ഭാഷാപരിജ്ഞാനമുണ്ടായിരിക്കണമെന്ന്‌ ആരും നിഷ്‌കർഷിക്കുന്നില്ല. അതിനാൽ അവർ ഭാഷാവിദഗ്‌ദ്ധരാണെന്ന്‌ സാമാന്യ ജനം കരുതുന്നു. ആരെ പഴിക്കാൻ! അനുഷ്‌ഠാനപരമായ വിവാഹച്ചടങ്ങ്‌. പുരോഹിതൻ, അഭ്യസ്‌തകർമചര്യകളിലൂടെ ശ്രമിക്കുന്നു, ചടങ്ങ്‌ മംഗളകരമാക്കാൻ. ഇവിടെ അനുഷ്‌ഠാനപ്പിഴവ്‌ പാപമാകുന്നു; ഇതു പഴങ്കഥ. ഇന്ന്‌ ഇവിടെ വീഡിയോക്കാർ ഇടപെടുന്നു. അവർ നിർദ്ദേശിക്കുന്നത്‌ വധൂവരന്മാരെന്നല്ല, പുരോഹിതനും അനുസരിക്കണം. ബന്ധുമിത്രാദികൾ നിസ്സഹായർ! ശാന്തം, പാപം. ഇതുതന്നെയാണ്‌ ഭാഷയുടെ കാര്യത്തിലും സ്ഥിതി. ഡിടിപി ഓപ്പറേറ്ററാണ്‌ ഇവിടെ ഗതിനിയന്താവ്‌. ആണോ? ഭക്ഷണശാലയിൽ നിരത്തിവച്ചിരിക്കുന്ന, അഥവാ മെനുകാർഡിൽ കാണിച്ചിട്ടുളള എല്ലാ വിഭവവും ഓരോ ആളും വാങ്ങിത്തിന്നണമെന്നുണ്ടോ? ഇല്ല എന്ന്‌ ഉത്തരം പറയാൻ വരട്ടെ. കീബോർഡിലെ എല്ലാ ലിപിയും വിവേചനയെന്യേ അടിച്ചേല്പിക്കുമ്പോൾ ഉപഭോക്താവിന്‌ അജീർണം ഫലം.

താൻ എഴുതുന്നത്‌ നല്ല ഭാഷയായിരിക്കണമെന്ന വകതിരിവുണ്ടാകണം എഴുത്തുകാര്യകർത്താവിന്‌. അത്‌ നന്നായിത്തന്നെ മുദ്രണം ചെയ്‌തുകിട്ടുക എന്നത്‌ പൗരാവകാശമാണെന്ന്‌ അയാളറിയണം. ലിപി-പ്രയോഗവൈകല്യങ്ങളുളള മുദ്രണം മനുഷ്യാവകാശലംഘനമാണെന്നുവരണം. വരുമോ? അടിസ്ഥാനപരമായി ഇതിനാവശ്യം മലയാളഭാഷയ്‌ക്ക്‌-ലിപി, പദം, ചിഹ്‌നം, ഇടം മുതലായവയ്‌ക്ക്‌-നിയതമായ നിലവാരവത്‌കരണമാണ്‌. ഭാഷ, ജൈവമാകയാൽ പരിണാമിയാകുന്നു. എന്നാലും മാനകവ്യവസ്ഥ വേണം. ആ വ്യവസ്ഥ ആപത്‌കരമാണ്‌. ഭാഷ പഠിച്ചിട്ടുളളവർ-ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും അറിവുളളവർ-ഇവിടെ പ്രഭവിതാകളാകണം. മലയാളം മുറിവേറ്റു ചോരവാർന്നുമരിക്കാതിരിക്കാൻ തീവ്രപരിചരണം അനിവാര്യമായിരിക്കുന്നു.

Generated from archived content: essay1_nov25_05.html Author: v_k_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here