എനിക്കറിയാമായിരുന്നു, ഈ നിലാവിൽ എന്നോടൊപ്പമിരിക്കാൻ നീ വരുമെന്ന്. എന്നാൽ ഓരോ പൗർണ്ണമിയ്‌ക്കും ഞാൻ കാത്തിരുന്നത് നീ അറിയാതെപോയി അഥവാ അറിഞ്ഞില്ലെന്നു നടിച്ചിരുന്നു. എന്നും നിനക്ക് ഓരോ ഒഴികഴിവുകളുണ്ടായിരുന്നു, വരാതിരിക്കുന്നതിന്. അപ്പോഴൊക്കെ പ്രതിക്ഷ കൈവിടാതെ ഞാൻ കാത്തിരുന്നു.
നിലാവിനെ എനിക്കുതന്നത് നീയായിരുന്നില്ലേ. അതിന്റെ മണമെന്നിലിറ്റിച്ചതും ആ നനവിൽ കുളിക്കാൻ പ്രേരിപ്പിച്ചതും നീതന്നെയായിരുന്നില്ലേ. ഒപ്പം കൂടാമെന്ന് കൊതിപ്പിച്ച് മോഹിപ്പിക്കുകയായിരുന്നു എന്നും.
അങ്ങനെ എന്റെ കണ്ണുകളിൽ എന്നും ഒരു ക്ഷണം ഞാൻ കാത്തുവച്ചു. എല്ലാം തിരിച്ചറിഞ്ഞിട്ടും ഒരു കളളച്ചിരിയോടെ നീ അകന്നുനിന്നു. യാമങ്ങളുടെ ഓരോ ഇതൾപൊഴിയലിലും ആ കാലൊച്ചയ്‌ക്കു ഞാൻ കാതോർത്തിരുന്നു.
ഒടുവിൽ കൺപീലികളിൽ ഒരു നനവായി നീ എന്നെ തൊടുന്നത് ഞാനറിഞ്ഞു, പിന്നെ ചുണ്ടുകളിൽ ഇതൾ വിടരുന്നതും, മുടിയിഴകളിൽ കാറ്റിളകുന്നതും. എന്റെ ചിരി ഏറെനാളിനുശേഷം ഞാൻ തിരിച്ചറിഞ്ഞു. ആ മാറിൽ ചാഞ്ഞിരിക്കുമ്പോൾ നിലാവിന്റെ കുളിര് ഞാൻ തൊട്ടറിഞ്ഞു. അതൊരു പിഞ്ചുകുഞ്ഞിന്റെ ചിരിപോലെ നനുത്തതാകുന്നതും മെല്ലെമെല്ലെ ഒരു കൗമാരത്തിന്റെ ഇക്കിളിച്ചിരിയായി ഉലയുന്നതും വിസ്‌മയത്തോടെ ഞാൻ നോക്കിയിരുന്നു.
Generated from archived content: story2_may15.html Author: v_chandrababu