മഴ അശാന്തിയുടെ അഗ്നിവർഷം

തെളിവേനലിൽ നിനച്ചിരിക്കാതെ പെയ്യുന്ന മഴ പോലെയാണ്‌ ഓർമ്മകൾ. ഓരോ മഴക്കാലവും എനിക്ക്‌ സമ്മാനിക്കുന്നത്‌ ചില ബാല്യകാലസ്‌മൃതികളാണ്‌. ഇടവപ്പാതിക്കുളിരിനൊപ്പം കൈയ്യെത്തിപ്പിടിക്കാനാവാത്തവിധം അകന്നുപോയ ഓർമ്മകളുടെ സുഗന്ധം കൂടിയാകുമ്പോൾ മഴ മറക്കാനാവാത്ത അനുഭവമാകുന്നു.

അന്നൊക്കെ മഴനൂലുകൾതീർത്ത അഴികൾക്കിടയിൽപ്പെടുമ്പോൾ വല്ലാത്ത ആഹ്ലാദമായിരുന്നു. അതിന്റെ ലഹരിയിലാണ്‌ അമ്മയുടെ കണ്ണുവെട്ടിച്ച്‌ അനുജനോടൊപ്പം മഴയിലേക്കിറങ്ങുന്നത്‌. മഴ കനക്കുമ്പോൾ നാലുകെട്ടിനുള്ളിലെ നടുമുറ്റത്തുകൂടി ആർത്തുവീഴുന്ന മഴയെ കൈക്കുമ്പിളിൽ നിറയ്‌ക്കാൻ ശ്രമിച്ച്‌ ആകെ നനഞ്ഞ്‌…..പറമ്പിലും മുറ്റത്തും കടൽപോലെ വെള്ളം നിറയുമ്പോൾ ഒഴുകിയ കടലാസുതോണികൾ ഏതൊക്കെയോ തീരത്തേക്ക്‌….

അല്‌പംകൂടി മുതിർന്നപ്പോൾ മഴ കൂട്ടുകാരിയായി. ചിലപ്പോൾ ചിരിക്കും, മറ്റു ചിലപ്പോൾ കരയും, അതുമല്ലെങ്കിൽ ഉന്മാദിനിയെപ്പോലെ. ഒരു മഴയ്‌ക്കായി ആകാശം കറുത്തിരുളുമ്പോൾ എന്റെയുള്ളിലും കാർമേഘങ്ങൾ ഉരുണ്ടുകൂടുകയുണ്ടായി. പിന്നെ മേഘങ്ങൾ നീണ്ടുകൊലുന്നനെയുള്ള വിരലുകൾനീട്ടി ഭൂമിയെ തൊടുമ്പോൾ മനസ്സിലും പെരുമഴ പെയ്‌തൊഴിയുന്ന ശാന്തത. പഠനത്തിന്റെയും ഗൃഹപാഠങ്ങളുടെയും ഭാരംമറന്ന്‌ മഴയെ നോക്കിയിരിക്കുമായിരുന്നു. പലപ്പോഴും മഴ സ്‌നേഹത്തിന്റെ ആർദ്രതയാണ്‌, പ്രണയത്തിന്റെ തീക്ഷണതയാണ്‌, വിരഹത്തിന്റെ വേദനായണ്‌. എന്തിനും ഒപ്പംകൂടുന്ന കൂട്ടുകാരി. മനസ്സ്‌ വളരുന്തോറും മഴയുടെ ഭാവങ്ങൾ മാറുകയാണ്‌. മഴ കാത്തിരിക്കുമ്പോൾ, മഴയോടൊപ്പം യാത്രചെയ്യുമ്പോൾ, മഴ വെറും മഴയല്ല ഭൂമിയുടെ നിറമാണെന്ന്‌ തിരിച്ചറിയുന്നു. കൊടും വരൾച്ചയിലേക്ക്‌ നിറഞ്ഞുപെയ്യുന്ന മഴയായെങ്കിൽ എന്ന്‌ മോഹിക്കാറുണ്ട്‌, കരിഞ്ഞുണങ്ങുന്ന പുൽനാമ്പുകൾക്ക്‌ പുതുജീവനായി….

ഇന്നിതാ മഴയ്‌ക്കും നിറഭേദങ്ങളായി. ഇടയ്‌ക്കുപെയ്യുന്ന വർണ്ണമഴ, പിന്നെ കാതിൽപെയ്യുന്ന തീമഴ, ഇടിവെട്ടിപെയ്‌ത കാമത്തിന്റെ പെരുമഴയിൽ തകർന്ന്‌ മണ്ണടിഞ്ഞുപോയ ഇളംനാമ്പുകൾ. നുരഞ്ഞ്‌പതഞ്ഞ്‌ അമർന്നുപോയ അവരുടെ സ്വപ്‌നങ്ങൾ. കരകവിയുന്ന കടൽകണ്ട്‌ പകച്ചുനിന്നവരെ കവർന്നു പോയ കടൽ.

ഈ മഴ അശാന്തിയുടെ അഗ്നിവർഷങ്ങളെ ഓർമ്മിപ്പിക്കുമ്പോഴും വെള്ളിനൂലുകൾ ഇഴചേരുന്ന മഴയെ ഞാൻ കാത്തിരിക്കുകയാണ്‌, ഒരു വിശുദ്ധമായ മഴയെ.

Generated from archived content: essay1_sept1_06.html Author: unnimaya_namboodir

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here