എം.ടി. വാസുദേവൻനായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുടെ ആദിവാസിസമര ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കുകൊളളാനാണ് മാർച്ച് 17ന് വയനാട്ടിലെ സുൽത്താൻബത്തേരിയിലെത്തിയത്. ഒരുദിവസത്തെ സെമിനാറിൽ സംസ്ഥാനത്താകമാനംനിന്ന് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികംപേർ പങ്കെടുത്തു. വെടിയേറ്റുമരിച്ച ആദിവാസി ജോഗിയുടെ മകൾ സീത സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മുത്തങ്ങ സമരത്തിലേർപ്പെട്ട് മർദ്ദനമേറ്റ അനവധി ആദിവാസി സ്‌ത്രീകളും കുട്ടികളും തങ്ങളുടെ ദുരനുഭവങ്ങൾ സമ്മേളനത്തിൽ വിവരിക്കുകയുണ്ടായി. ആരുടെയും മനഃസാക്ഷി മരവിച്ചുപോകുന്ന വെളിപ്പെടുത്തലുകളാണ് അവരിൽനിന്നുമുണ്ടായത്.
“ഉടുതുണി ഒന്നു മാറിയുടുക്കാൻപോലുമില്ല സാറേ… ഉളളത് അവർ തീയിട്ടു, കീറിക്കളഞ്ഞു… പാത്രങ്ങളെല്ലാം നശിപ്പിച്ചു, ഭർത്താവ് എവിടെയെന്നറിയത്തില്ല, കുട്ടികൾക്കൊക്കെ അടികിട്ടി തലപൊട്ടി… തോക്കിന്റെ പാത്തികൊണ്ടാ നടുവിനിട്ടടിച്ചത്… ഞങ്ങളിനിയെങ്ങനെ ജീവിക്കും?”
ഈ കണ്ണീരും വേദനയും നമ്മെ ഇല്ലാതാക്കുന്നതുപോലെ.
ബത്തേരിയിൽനിന്നും പതിനാറ് കി.മീ കിഴക്കുമാറിയാണ് മുത്തങ്ങ ടൗൺ, മുത്തങ്ങയിൽനിന്നും മൈസൂർ ഹൈവേയിലൂടെ രണ്ടു കി.മീ. കിഴക്കോട്ടുപോയാൽ തകരപ്പാടി ആയി. അവിടെ നിന്നുകൊണ്ടു കാണാം ആദിവാസികൾകെട്ടിയ കുടിലുകൾ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. ഉളളിലേക്ക് കുറേദൂരം പോയി. ‘ദിവസങ്ങൾക്കുമുൻപ് ഈ മണ്ണിൽ മഹാപരാധങ്ങൾ അരങ്ങേറി. കൊടിച്ചിപ്പട്ടികളെപോലെ ഒരുകൂട്ടം മനുഷ്യരെ പോലീസുകാർ കാട്ടിലേക്ക് അടിച്ചോടിച്ചു…. പിന്നെ വെടി…’ ചാരംമൂടിയ ആ മണ്ണിൽനിന്നുകൊണ്ടു നെടുവീർപ്പിടാനേ കഴിഞ്ഞുളളൂ. പ്രതിഷേധത്തിന് അർത്ഥം നഷ്‌ടപ്പെട്ട ഇക്കാലത്ത് ആരോട് രോഷംകൊളളാൻ? പ്രതിഷേധിക്കുന്നവരെ ആദിവാസികളായും പട്ടികളായും കണക്കാക്കുന്ന ഭരണകൂടങ്ങളെയാണല്ലോ ജനാധിപത്യം സംഭാവന ചെയ്യുന്നത്.
ഒപ്പംകൂടിയ മുത്തങ്ങ സ്വദേശി ശിവൻ പറയുന്നുഃ “ആദിവാസിസമരം കാണാൻ ഇവിടെവന്ന ഞങ്ങളിലൊരുത്തൻ മരത്തിലിരുന്ന പക്ഷിയെ കല്ലെറിഞ്ഞു. കിളിയെ എറിയരുതെന്ന് ആക്രോശിച്ചുകൊണ്ട് കുടിലിൽ നിന്നും ഒരാദിവാസി ഇറങ്ങിവന്നു. ഇവർ കാടിന് തീവയ്‌ക്കില്ല, മരംവെട്ടില്ല, ഇവർ ആനയെ കൊല്ലില്ല…” ആദിവാസികൾ കളളരാണെന്ന് പറയുന്നവർക്കുളള മറുപടിയാണ് ശിവന്റേത്.
കാട്ടാനകളെയുംകണ്ട് കാടുവിട്ടിറങ്ങുമ്പോൾ ഉളളുപിടയുകയായിരുന്നു. വൈകിട്ട് ബത്തേരിയിൽനിന്നും എം.ടി., പുനത്തിൽ കുഞ്ഞബ്‌ദുളള, കെ.പി. രാമനുണ്ണി, അഡ്വ.മഞ്ചേരി സുന്ദർരാജ് തുടങ്ങിയവർക്കൊപ്പം കോഴിക്കോട്ടേയ്‌ക്ക് മടങ്ങുംവഴി കാറിലിരുന്നും കുറെ സത്യങ്ങളറിയാൻ കഴിഞ്ഞു.
ഭരണകൂടത്തിന്റെയും നിയമപാലകരുടെയും നീതിനിഷേധം തീർച്ചയായും ചോദ്യംചെയ്യപ്പെടേണ്ടതുതന്നെയാണ്. സംസ്‌കാരസമ്പന്നമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ അരങ്ങേറിയ ആദിവാസി പീഡനം ഈ തലമുറയുടെമേൽ ആഞ്ഞുവീശിയ ശാപക്കൊടുങ്കാറ്റാണ്. ഇതിനൊക്കെ ആരാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് കാലം നിശ്ചയിക്കട്ടെ.
Generated from archived content: essay_yathra.html Author: unma_mohan
Click this button or press Ctrl+G to toggle between Malayalam and English