ചലച്ചിത്രകലയിൽ ഡോ. ബിജുവിന്റെ ചക്രവാളങ്ങൾ

നൂറനാടിന്റെ കിഴക്കേക്കരയിൽ കുടശ്ശനാട്‌ എന്ന ശുദ്ധ നാട്ടിൻപുറത്ത്‌ ജനിച്ചുവളർന്ന ബിജു എന്ന ചെറുപ്പക്കാരൻ ഇന്ന്‌ ലോകമലയാള സിനിമയുടെ അമരത്ത്‌ ചെന്നെത്തിയിരിക്കുന്നു – ‘സൈറ’ എന്ന ആദ്യസിനിമയിലൂടെ. ഇക്കഴിഞ്ഞ മെയ്‌ 19ന്‌ വിശ്വപ്രസിദ്ധമായ കാൻ ചലച്ചിത്രമേളയുടെ ഉദ്‌ഘാടനവേളയിൽ ‘സിനിമ ഓഫ്‌ ദ വേൾഡ്‌’ വിഭാഗത്തിലെ പ്രഥമചിത്രം സൈറയായിരുന്നു. കാൻ ഫെസ്‌റ്റിവലിന്റെ 60-​‍ാം വർഷവും ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ 60-​‍ാം വർഷവും ഒത്തുവന്ന വേളയിൽ ഒരു ഇൻഡ്യൻസിനിമയ്‌ക്കായി കാനിൽ നീക്കിവയ്‌ക്കപ്പെട്ട ദിവസം. 2006ൽ ഇൻഡ്യൻ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ‘സൈറ’ അക്കൊല്ലം ഗോവ ഫിലിം ഫെസ്‌റ്റിവലിലും തുടർന്ന്‌ ബ്രസീലിലെ സാവോപോളോ ഫെസ്‌റ്റിവലിലും, റഷ്യയിലെ ഗോൾഡൻ മിൻബാർ ഫെസ്‌റ്റിവലിലും, ഇറ്റലിയിലെ മിലാൻ ഫെസ്‌റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. മിലാൻ ഫെസ്‌റ്റിവലിൽ ഇൻഡ്യൻ ഫിലിം റിട്രോസ്‌പെക്ടീവിലെ ഉദ്‌ഘാടനചിത്രവും അതിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചിത്രവും സൈറയായിരുന്നു. 2005ൽ സൈറയിലെ അഭിനയത്തിന്‌ നവ്യാനായർക്ക്‌ മികച്ച നടിക്കും പശ്ചാത്തല സംഗീതത്തിന്‌ രമേഷ്‌ നാരായണനും സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

സിനിമയെ മികച്ച കലാരൂപമായും സംവേദന മാധ്യമമായും സമീപിക്കുന്ന ഡോ. ബിജുവിന്‌ സിനിമാലോകത്തിന്റെ കയ്പുകളാണ്‌ ഏറെ പഥ്യം. 2006 ഡിസംബറിൽ തിരുവനന്തപുരത്ത്‌ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിന്റെ മത്സരവിഭാഗത്തിൽ നിന്ന്‌ ‘സൈറ’ ഒഴിവാക്കപ്പെട്ടിരുന്നു. വിദേശമേളകളിൽ ഏറെ പ്രശംസിക്കപ്പെട്ട ഈ സിനിമയെക്കുറിച്ച്‌ പ്രോത്സാകഹമായ ഒരു വാക്കുപറയാൻ മലയാള സിനിമാരംഗം വാഴുന്ന പ്രശസ്തരാരും മിനക്കെട്ടതേയില്ല. നാട്ടിൻപുറത്തിന്റെ നന്മകളും വേറിട്ട കാഴ്‌ചപ്പാടുകളുമായി വന്ന ഒരു ചെറുപ്പക്കാരൻ ആ രംഗത്ത്‌ നേരിടേണ്ടിവരുന്നത്‌ സുശക്തമായ കോക്കസുകളുടെ അവഗണനയും നീരസവും തന്നെയാണ്‌. പി. പത്മരാജൻ എന്ന ആകാശചാരിയുടെ സ്മൃതികളുള്ള മുതുകുളത്ത്‌ ഗവൺമെന്റ്‌ ഹോമിയോ ഹോസ്‌പിറ്റലിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്‌ ബിജു. നവ സാമ്രാജ്യത്വത്തിന്റെ പുത്തൻ അധിനിവേശതന്ത്രങ്ങളെ തുറന്നുകാട്ടുന്ന ബിജുവിന്റെ പുതിയ സിനിമയുടെ കടലാസുപണികൾ പൂർത്തിയായിക്കഴിഞ്ഞു; ചിത്രത്തിന്റെ പേര്‌ ‘രാമൻ’. സിനിമയെ ജീവിതത്തോടു ചേർത്തുനിർത്തുന്ന ആർജ്ജവവും ലോഭമോഹങ്ങളില്ലാത്ത സൗകുമാര്യവും ഡോ. ബിജുവിനെ മലയാളസിനിമയുടെ പ്രതീക്ഷയായി വിശേഷിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ബിജു കഥാകൃത്തും കവിയുമാണ്‌. സൈറ സിനിമയുടെ കഥയും തിരക്കഥയും ബിജുവിന്റേതുതന്നെ.

(ബിജുവിന്റെ ഒരു രചന ആദ്യമായി അച്ചടിച്ചുവന്നത്‌ വർഷങ്ങൾക്കു മുൻപ്‌ ഉൺമയിലാണെന്ന സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ – പത്രാധിപർ)

Generated from archived content: essay3_july20_07.html Author: unma_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English