നൂറനാട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ബി.വിശ്വൻ എന്ന വിശ്വനാഥപിളളയാണ്. ഈ പേരിനുപിന്നിൽ ഒരു കഥാകൃത്തിന്റെ പേര് ഒളിഞ്ഞിരിപ്പുണ്ട്-വിശ്വൻ പടനിലം. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ടു നാൾമുമ്പ് ചില പ്രമുഖ പത്രങ്ങളിൽ പ്രാധാന്യത്തോടെ ഒരു വാർത്ത വന്നതിങ്ങനെ-‘നൂറനാട് പഞ്ചായത്ത് പ്രസിഡന്റും സംഘവും പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു.’ കൊട്ടാരക്കരയിൽനിന്നാണ് വാർത്ത. കൊട്ടാരക്കര പോലീസാണ് കഥയിലെ നായകൻമാർ.
സംഭവം ചുരുക്കത്തിലിങ്ങനെ-
പഞ്ചായത്ത് പ്രസിഡന്റായ വിശ്വന്റെ അയൽക്കാരനായ ഒരു പയ്യനെ രാത്രിയിൽ ഒരു സംഘം പോലീസുകാർ തട്ടിക്കൊണ്ടുപോയി. അയാളുടെ അമ്മയും പെങ്ങളും പ്രസിഡന്റിന്റെ വീട്ടുമുറ്റത്തുവന്ന് അലമുറയിടുന്നു. പയ്യന്റെ ബന്ധുക്കളേയുംകൂട്ടി പ്രസിഡന്റ് നൂറനാട് പോലീസ് സ്‌റ്റേഷനിലെത്തുന്നു. അവർക്ക് തട്ടിക്കൊണ്ടുപോകലിനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. സമീപപ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിൽ ഇവരലഞ്ഞു. ഒടുവിൽ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ പയ്യനുണ്ടെന്നറിഞ്ഞ് വെളുപ്പിന് സംഘം അവിടെയെത്തുന്നു. ഏതോ കേസിൽ പെടുത്തി പയ്യനെ കൊട്ടാരക്കര പോലീസ് ‘റാഞ്ചി’ക്കൊണ്ടു പോരുകയായിരുന്നു. പയ്യന്റെ ഒരു ബന്ധുവിന്റെ ഗൂഢപദ്ധതിയുടെ ഫലമായാണ് പോലീസിന്റെ ഈ ‘റാഞ്ചൽ നാടകം’ നടന്നതെന്നറിയുന്നു. സ്ഥലം പോലീസ് സ്‌റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കാതെ, അറസ്‌റ്റുചെയ്യുമ്പോൾ പാലിക്കേണ്ട നിയമ നടപടികളൊന്നും പാലിക്കാതെയാണ് പോലീസ് പയ്യനെ കൊണ്ടുപോയത്.
വിവരമന്വേഷിച്ചെത്തുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സംഘത്തെയും അസമയത്ത് പോലീസ് സ്‌റ്റേഷനിൽ ചെന്നു എന്ന കാരണം പറഞ്ഞ് എസ്.ഐയും പോലീസുകാരും ചേർന്ന് തെറിവിളിച്ചുകൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയും, പോലീസ് സ്‌റ്റേഷൻ ആക്രമിച്ചതായി കളളക്കേസ് രജിസ്‌റ്റർ ചെയ്യുകയുമാണ് യഥാർത്ഥത്തിലുണ്ടായത്. അതുപോരാഞ്ഞ് സ്‌റ്റേഷൻ ആക്രമിച്ചതായി പത്രങ്ങൾക്ക് വാർത്ത നല്‌കുകയും ചെയ്‌തു. താൻ പഞ്ചായത്ത് പ്രസിഡന്റാണ് എന്നു പറഞ്ഞിട്ടുമ എസ.്‌ഐ അതു ശ്രദ്ധിച്ചില്ലെന്നും മനുഷ്യത്വഹീനമായി പെരുമാറിയെന്നും വിശ്വൻ പറയുന്നു.
നിരപരാധിയായ ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്കു നേരിടേണ്ടി വന്ന മനുഷ്യാവകാശ പ്രശ്‌നത്തിൽ പോരാടുവാൻ തന്നെയാണ് വിശ്വന്റെ തീരുമാനം. മനുഷ്യാവകാശകമ്മീഷനും, പോലീസ് അധികാരികൾക്കും അദ്ദേഹം പരാതി നല്‌കിക്കഴിഞ്ഞു.
പത്രങ്ങളിൽ പ്രാധാന്യത്തോടെ വന്ന സ്‌റ്റേഷൻ ആക്രമണവാർത്ത വിശ്വനെ അടുത്തറിയാവുന്നവർ ആരും വിശ്വസിക്കില്ല. സാഹിത്യ-സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള വിശ്വൻ സ്‌കൂൾ അധ്യാപകനും മൂന്ന് ഗ്രന്ഥങ്ങളുടെ കർത്താവുമാണ്, കഥാകൃത്തും നാടകകൃത്തും പ്രഭാഷകനുമാണ്. മനുഷ്യനെ സ്‌നേഹിക്കുവാനേ ഈ ചെറുപ്പക്കാരന് കഴിയുകയുളളുവെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. കളളപ്രചരണങ്ങൾകൊണ്ട് രാത്രിയെ പകലാക്കാനാവില്ലല്ലോ!
Generated from archived content: essay2_jan13_06.html Author: unma_mohan