ഈ മന്ത്രിയെ ഇഷ്‌ടപ്പെടാതിരിക്കുന്നതെങ്ങനെ

സഹകരണ-കയർ-ദേവസ്വം വകുപ്പുമന്ത്രി ജി. സുധാകരനെപ്പറ്റിയുളള കുറിപ്പാണിത്‌. ‘അളമുട്ടിയാൽ ചേരയും കടിക്കും’ എന്ന പഴമൊഴിപോലെ, പറയാതിരിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിൽ ഇതിങ്ങനെ എഴുതിപ്പോകുന്നു. ഒരു ഭരണാധികാരിയെപ്പറ്റി നല്ലതോതി ‘ഉൺമ’യിൽ കുറിപ്പ്‌ വരാറില്ല. ഈ മന്ത്രിയെപ്പറ്റി മനസ്സിൽ തട്ടിയത്‌ എഴുതാതെ പോയാൽ അതൊരു നീതികേടെന്ന്‌ തോന്നാൻ തുടങ്ങിയിട്ട്‌ ഏറെയായി. ‘ദേണ്ടെ, മന്ത്രിയെ നന്നാക്കിയെഴുതി എന്തോ കാര്യങ്ങൾ സാധിക്കാനുളള പുറപ്പാടിലാണെ’ന്ന്‌ ആർക്കെങ്കിലും കുബുദ്ധി തോന്നിയാൽ അതങ്ങ്‌ പരണത്തുവയ്‌ക്കാൻ പറയും; കാരണം, ഈ ചിന്ന പത്രാധിപർക്ക്‌ അത്ര വലിയ കാര്യങ്ങളൊന്നും സാധിച്ചുകിട്ടാനില്ല. പരിചയമുളള ഭരണാധികാരികളുടെ പോലും പിന്നാലെ വാലാട്ടിനടക്കുന്ന പതിവുമില്ല. വേറിട്ടൊരു ശബ്‌ദം, ചിന്ത, പ്രവൃത്തി, എവിടെക്കണ്ടാലും വിളിച്ചുപറയണമെന്നതാണ്‌ ഉൺമയുടെ മതം. നന്മയേയും തിന്മയേയും അതതിന്റെ വീക്ഷണകോണിൽ നിന്നുകൊണ്ട്‌ വിലയിരുത്താതിരിക്കാൻ, ഒരു പ്രത്യേക പ്രത്യയശാസ്‌ത്രത്തിന്റെയും മെമ്പർഷിപ്പ്‌ ‘ഉൺമ’ സ്വന്തമാക്കിയിട്ടില്ലല്ലോ.

മന്ത്രി ജി. സുധാകരൻ നൂറനാടിന്റെ അടുത്ത പഞ്ചായത്തായ താമരക്കുളത്ത്‌ ജനിച്ചുവളർന്നയാളാണ്‌. അധികതരത്തിലുളള ഇടപഴകലോ, ഇടപാടുകളോ ഈയുളളവന്‌ അദ്ദേഹവുമായിട്ടില്ല. കാണുമ്പോഴുളള കുശലം. പണ്ടുമുതലേ ഉൺമയുടെ വായനക്കാരൻ.

അദ്ദേഹത്തിന്റെ രാഷ്‌ട്രീയവും മതവും നന്മയുടേതു മാത്രമാണെന്ന്‌ ഇതിനകം തന്നെ മലയാളികൾ തിരിച്ചറിഞ്ഞിട്ടുളളതാണ്‌. ഒരുവിധത്തിൽ, ജി. സുധാകരനെപ്പറ്റി ഉൺമ എന്തിന്‌ മലയാളിയോട്‌ ഇങ്ങനെ പറയണം? ഇത്രയധികം ജനശ്രദ്ധയിൽപ്പെട്ടിട്ടുളള മറ്റൊരു മന്ത്രി മുമ്പും ഇപ്പോഴുമുണ്ടായിട്ടുണ്ടോ എന്നറിയില്ല. സമൂഹമനസ്സിൽ നിന്ന്‌ മായാത്തവിധം അശ്ലീലവും അസംബന്ധവും അഴിമതിയും നിറഞ്ഞ വാർത്തകളിലൂടെ പബ്ലിസിറ്റി നേടിയിട്ടുളള മന്ത്രിമാർ മുമ്പുണ്ടായിട്ടുണ്ടാവാം. പലപ്പോഴും വിവാദനായകനായിട്ടുപോലും ജി. സുധാകരന്‌ നാം നല്‌കിയ സ്ഥാനം അതാണോ?

മന്ത്രിയായ സമയത്തെ അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ അസഹനീയതയോടെ മലയാളി വിലയിരുത്തി. തന്റെ വകുപ്പുകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ, ഭൂമിയിലെ സർവ്വവിധ വിഷയങ്ങളിലും ജി. സുധാകരൻ തുറന്നടിച്ച്‌ തന്റെ അഭിപ്രായങ്ങൾ പറഞ്ഞ്‌ വിവാദപുരുഷനായി. അദ്ദേഹം പറയുന്നത്‌ ശരിയാണെന്ന്‌ വിലയിരുത്തപ്പെടുന്നതിനേക്കാളേറെ ‘വട്ടുപിടിച്ച്‌ പിച്ചും പേയും പറയുന്നു മന്ത്രി’ എന്ന പ്രചാരം നേടി. എടുത്തുപറയാൻ ഒത്തിരിയൊത്തിരി വിവാദങ്ങൾ. പാർട്ടി നേതൃത്വത്തിനുപോലും ചിലപ്പോൾ തലവേദനയായിട്ടുണ്ടാവണം സുധാകരന്റെ ‘വായാടിത്തം.’ കോടതി വിളിപ്പിച്ച്‌ ശാസിക്കുന്ന അവസ്ഥവരെയുണ്ടായില്ലേ. സാഹിത്യകാരൻമാരെയും, ഐ.എ.എസുകാരെയും, സന്യാസിമാരെയും, ഇതര രാഷ്‌ട്രീയനേതാക്കൻമാരെയും, സിനിമാക്കാരെയും, ഉദ്യോഗസ്ഥപ്രമാണിമാരെയും, ദേവസ്വം ബോർഡ്‌ അംഗങ്ങളേയും ഒന്നും അദ്ദേഹത്തിന്റെ ‘നാവ്‌’ വെറുതെ വിട്ടില്ല.

ചൂടുളള വർത്തമാനം പറഞ്ഞ്‌ നാടിളക്കിനടക്കുന്ന ഈ മന്ത്രി എപ്പോഴെങ്കിലുമൊന്ന്‌ കുലുങ്ങിയോ? അദ്ദേഹം തന്റെ ‘ഡ്യൂട്ടി’ വളരെ ഭംഗിയായി നിർവ്വഹിച്ചു പോരുന്നു. സുധാകരന്റെ വായടപ്പിക്കണമെന്നും, ഒരു മന്ത്രിക്ക്‌ ചേരാത്ത വർത്തമാനശൈലിയ്‌ക്കുടമയാണെന്നും, ഈ മന്ത്രി മഹാ പോക്കുകേസ്സാണെന്നും പറഞ്ഞുനടന്നവർ, ഇതാ ഇപ്പോൾ സുധാകരൻമന്ത്രിയുടെ വാക്കുകൾക്ക്‌ കാത്‌ നല്‌കുന്നു. ‘ഏറ്റവുമധികം ജനപ്രീതിയുളള മന്ത്രി’ ആരെന്ന്‌ ചോദിച്ചാൽ ഭൂരിപക്ഷവോട്ടു ലഭിക്കാൻ ഇവിടെ ജി. സുധാകരനുണ്ട്‌.

ഈ മന്ത്രി പറയുന്നതിലേറെയും ‘കമ്പോടുകമ്പ്‌ ശരി’യെന്ന്‌ പറയുന്നവരുടെ എണ്ണം ഭൂരിപക്ഷത്തിലാണെന്ന സത്യം കേരളം തിരിച്ചറിയുന്നു. നെറികേടുകൾക്കെതിരെ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ സുധാകരൻ വിളിച്ചു പറയുന്നു. ഇതിനും വേണ്ടേ ഭരണതലത്തിൽ ഒരാൾ.

ആദർശശുദ്ധിയുളള പല മന്ത്രിമാരും കേരളം ഭരിച്ചിട്ടുണ്ട്‌. ഇ.എം.എസ്‌., മുണ്ടശ്ശേരിമാഷ്‌, കൃഷ്‌ണയ്യർ, വെല്ലിംഗ്‌ടൺ, അച്യുതമേനോൻ, എം.എൻ തുടങ്ങി പലരും വി.എസും, ജി. സുധാകരനും, ബിനോയ്‌ വിശ്വവും അവരുടെ വഴിയേ നടക്കുന്ന കാഴ്‌ച ചരിത്രം കാണാതിരിക്കില്ല. തന്റെ വകുപ്പിൽപ്പെട്ട ഏതൊരു ചെറിയ വിഷയത്തിൽപ്പോലും മന്ത്രി ജി. സുധാകരൻ ഇടപെടുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഭരണകാര്യങ്ങളിലെ അദ്ദേഹത്തിന്റെ ശുഷ്‌കാന്തി, കൃത്യനിഷ്‌ഠ, വേഗത ഒക്കെ പ്രശംസനീയമാണ്‌. തകർന്ന്‌ മണ്ണടിഞ്ഞു പോകാറായ സാഹിത്യ പ്രവർത്തക സഹകരണസംഘം എന്ന എഴുത്തുകാരുടെ ഏഷ്യയിലെതന്നെ ഏക സഹകരണസ്ഥാപനം ഇന്ന്‌ കഷ്‌ടിച്ച്‌ നിലനിന്നുപോകുന്നത്‌ സുധാകരന്റെ ദീർഘദൃഷ്‌ടിയുടെയും, സാഹിത്യതല്‌പരതയുടെയും ദൃഷ്‌ടാന്തമാണ്‌. എസ്‌.പി.സി.എസിൽ അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പിലാക്കി വിജയിപ്പിച്ച പദ്ധതികൾ കേരളത്തിലെ എഴുത്തുകാർക്ക്‌ വിസ്‌മരിക്കാനാവുമോ?

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനനാളിൽ ദേശീയപതാക ചൂലിൽ കെട്ടിയുയർത്തിയ അമ്പലപ്പുഴയിലെ സഹകരണബാങ്ക്‌ ഉദ്യോഗസ്ഥർക്കെതിരെ ഈ മന്ത്രി ശിക്ഷാനടപടി സ്വീകരിച്ചത്‌ സെക്രട്ടറിയേറ്റിലിരുന്നല്ല; അപ്പോൾ തന്നെ നേരിട്ടെത്തി സംഭവം കണ്ട്‌ ബോധ്യപ്പെട്ടിട്ടാണ്‌. എത്ര തിരക്കുണ്ടായാലും എല്ലായിടത്തും മന്ത്രിയുടെ സാന്നിധ്യം കൃത്യത പാലിച്ചുകൊണ്ടുതന്നെയുണ്ടാവുന്നു. ഏത്‌ മുന്നണിയുടേതായാലും അഴിമതിരഹിതഭരണം കാഴ്‌ചവയ്‌ക്കുന്ന ഇത്തരം ഭരണാധികാരികളെയാണ്‌ നാട്‌ ആശയോടെ ഉറ്റുനോക്കുന്നതെന്ന്‌ രാഷ്‌ട്രീയ പ്രവർത്തകർ ശരിയായതരത്തിൽ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

Generated from archived content: essay1_oct20_08.html Author: unma_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here