ഉൺമയുടെ ആഭിമുഖ്യത്തിൽ കലാകാരൻമാരുടെ ഒരു കേരളപര്യടനം നടത്തുന്നതിനെക്കുറിച്ച് പത്രാധിപർ എഴുതിയ കത്തിന് പ്രമുഖ കവിയും, ശില്പിയും, ഇപ്പോൾ ലളിതകലാ അക്കാദമി അംഗവുമായ രാഘവൻ അത്തോളി 31.5.1988ൽ അയച്ച മറുപടിക്കത്തിൽ നിന്ന് ചില ഭാഗങ്ങൾ, പുനർവായനയിൽ ഒത്തിരി നോവനുഭവപ്പെട്ടതുകൊണ്ട് പ്രസിദ്ധീകരിക്കുന്നു. കോഴിക്കോട് അത്തോളിയാണ് രാഘവന്റെ നാട്.
മോഹൻ, നിന്റെ ഉദ്യമങ്ങൾ സ്വാഗതാർഹം. സഹകരിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും നിനക്ക് തീരെ മനസ്സിലായിട്ടില്ലാത്ത ഒരാളാണ് ഞാൻ. മുപ്പതോളം കവിതകൾ വെളിച്ചം കണ്ടിട്ടുണ്ട്. അത്രതന്നെ വെളിച്ചം കാണാത്തവയും. ഗൗരവമേറിയ പ്രമേയങ്ങൾ പരിസരബോധമുള്ള ഒരു തൊഴിലാളിയുടെ അടങ്ങാത്ത ഭാവത്തിന്റെ ജീവിതാവിഷ്‌ക്കാരങ്ങൾ. അതിലുപരി എഴുതാനിരിയ്‌ക്കുന്നവയ്‌ക്കും. വെളിച്ചം കണ്ട മൊത്തം കവിതകൾ വായിച്ചാൽ എന്നെ അടുത്തറിയാൻ കഴിഞ്ഞേക്കും. കാരണം ഞാനെന്നെത്തന്നെയാണ് എഴുതുന്നത്. അതുകൊണ്ടു തന്നെ മറ്റുള്ളവരെ എഴുതുന്നു. അല്പം സെന്റിമെന്റലാണെന്ന് ധരിച്ചാലും വേണ്ടില്ല.
ഒൻപതംഗങ്ങളുള്ള കുടുംബത്തിലെ എല്ലാ പ്രതീക്ഷയും, അധ്വാനശേഷിയുമുള്ള ഏക അംഗമാണ് ഞാൻ. അച്ഛൻ, അമ്മ, സഹോദരങ്ങൾ, പേരക്കുട്ടികൾ എല്ലാം. അതിൽ തന്നെ വികലാംഗയായ ഒരു സഹപ്രവർത്തകയും വികലാംഗനായ ഒരു കുഞ്ഞും ഞാനും ചേർത്ത് വേറൊരു സൻ-ദുഷ്ടകുടുംബവും. മഴ ചാറിത്തുടങ്ങി. പണി കുറഞ്ഞു. പട്ടിണിയിലേക്കു നീളുന്ന അർദ്ധപട്ടിണികൾ. വയറുകത്തുമ്പോൾ തലയ്‌ക്കെങ്ങനെ തീപിടിക്കാതിരിക്കും? പേനയിലൂടെങ്ങനെ ക്രോധമൊഴുകാതിരിക്കും? ഓ… ഭാരതം സ്വ-തന്ത്രമാണല്ലോ!
എന്റെ പെണ്ണ് ദേവകി (വികലാംഗ) അവൾക്കെന്തെങ്കിലും ഒരു ജോലി… ഞാനും അവളും പി.ഡി.സി. വരെ പഠിച്ചിരുന്നു. വെറുതെ. ഞങ്ങൾക്ക് സംവരണമുണ്ട്. പക്ഷെ Some വരണമായിപ്പോയി. നിലനിൽപ്പിനെക്കുറിച്ച് താങ്കൾ പലപ്പോഴും എഴുതിയിരുന്നിട്ടും ഒരു കത്തെങ്കിലും എഴുതാത്തതിനെക്കുറിച്ച് നിനക്ക് എന്തുതോന്നുന്നു? കാർഡുവാങ്ങാനുള്ള പതിനഞ്ചുപൈസയുടെ കൂടെ ഒരു പതിനഞ്ചു പൈസകൂടിയുണ്ടായാൽ ചായപ്പൊടി വാങ്ങി കട്ടൻചായ കുടിച്ച് വിശപ്പിനെയുറക്കാം എന്ന ഘട്ടങ്ങൾ മാത്രമാണധികവും. വല്ലപ്പോഴുമൊരു പണി കിട്ടും. അതുകൊണ്ടെങ്ങനെ? ദേവകിയുടെ കാതിൽ മുന്നൂറുരൂപയ്‌ക്കുള്ള ആഭരണം; ഞാനത് ഇന്നലെ തൂക്കിവിറ്റു. നിനക്ക് സ്‌റ്റാമ്പുവാങ്ങി, പിന്നെ കുറെ കടമുണ്ട്. കുഞ്ഞിന് ഏഴുമാസം കഴിഞ്ഞു. നിത്യരോഗി. ഒരു വയസായിട്ട് അവന്റെ രണ്ടുകാലിനും ഓപ്പറേഷൻ നടത്താമെന്ന് മെഡിക്കൽ സർജൻ. ഒരുപക്ഷെ നടക്കാൻ കഴിഞ്ഞെങ്കിൽ… എനിക്ക് ഭ്രാന്താണെന്റെ പൊന്നേ. ഞാൻ എപ്പോഴെങ്കിലും നിങ്ങൾക്ക് നഷ്ടമായേക്കാം. നിയന്ത്രിക്കാനാവുന്നില്ല. ദേവകിക്കാണ് എന്നെക്കാൾ വിഷമം. അവൾ കാരണമാണവനും വികലാംഗനായതെന്നവൾ.
1983ലാണെന്നു തോന്നുന്നു. ജനകീയ സാംസ്‌കാരികവേദിയുടെയും തെലുങ്കു ഗായകസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളപര്യടനത്തിൽ ഞാനുമുണ്ടായിരുന്നു, രാമു എന്ന പേരിൽ പിൽക്കാലത്ത് സാംസ്‌കാരികവേദി പിരിച്ചുവിട്ടു. ഇപ്പോൾ സജീവ രാഷ്‌ട്രീയമില്ല. എന്നാലും ഇടതുപക്ഷ വീക്ഷണം. ചില നിർണ്ണായക സമരങ്ങളിലും പങ്കെടുക്കാറുണ്ട്. നമ്മൾ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അത് ഏതെങ്കിലും അധികാര രാഷ്‌ട്രീയത്തിന്റെ പക്ഷംപിടിച്ചായിത്തീരുന്നത് എനിക്ക് സഹിക്കാനാവുന്നില്ല. ജനങ്ങൾക്ക് സർവ്വാധിപത്യം ലഭിക്കുന്നതുവരെയുള്ള എല്ലാ ഭരണകൂട ശക്തികളേയും ഞാൻ അധികാര രാഷ്‌ട്രീയം എന്നുവിളിച്ച് എതിരുനിൽക്കും. ഇടതെന്നോ വലതെന്നോ ഭേദമില്ലാതെ നമുക്ക് ജനങ്ങളുടേതായ – തൊഴിലാളിവർഗ്ഗ വീക്ഷണം ഉൾകൊള്ളുന്ന ഒരു അടിസ്ഥാനരാഷ്‌ട്രീയം മുറുകെപ്പിടിച്ചുകൊണ്ട് ഒരു സാംസ്‌കാരിക ജാഥ ആവാം. അല്ലാതെ അത് ശത്രുവർഗ്ഗത്തിന് മുതലെടുക്കാനുള്ള ഉപാധിയായിപ്പോകരുത്. അലംകൃതമായ അരങ്ങുകളിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ അവതരിപ്പിക്കാനുള്ളതാവരുത് സാഹിത്യവും കലയും. നീ പറഞ്ഞതുപോലെ നമുക്ക് നാലാളുകൂടുന്ന തെരുവിലെല്ലാം അവതരിപ്പിക്കുകയും, ജനങ്ങളുടെ ബോധതലത്തിലേയ്‌ക്ക് പുതിയൊരു സാംസ്‌കാരികാവബോധം പ്രസരിപ്പിക്കുവാൻ കഴിയുകയും വേണം. ജനങ്ങളിൽ നിന്ന് കഴിയുകയും വേണം. ജനങ്ങളിൽ നിന്ന് അന്യരല്ലാത്ത കുറെ പ്രതിനിധികളാണെങ്കിൽ നമുക്ക് ഐക്യപ്പെടാം. ഇത്തരമൊരു വീക്ഷണം നല്ലതാണ്. എങ്കിൽപിന്നെ ഒരു രാഷ്‌ട്രീയദിശയുടെ പ്രശ്നം ഉദിക്കുന്നുമില്ല.
ഇതെഴുതുന്നത് കൊയിലാണ്ടി പോസ്‌റ്റാഫീസിനു മുകളിലിരുന്നാണ്. ഇന്നലെ ജോൺ എബ്രഹാം അനുസ്മരണം (മെയ് 30) കോഴിക്കോട് ടൗൺഹാളിൽ നടന്നു. ‘മത്തായി മത്തായി’ എന്ന നാടകം അവതരിപ്പിച്ചു. ഇന്ന് രാവിലെയാണ് ഇവിടെ തിരിച്ചെത്തിയത്.
സുഹൃത്തേ, ഞാൻ പറയുന്നത് അല്പം തീക്ഷ്‌ണമായാണെന്ന് എനിക്കറിയാം. ഇക്കാലത്ത് എന്നെപ്പോലെ പറയാൻ കഴിയുന്നവർ ചുരുക്കമാണ്. ജീവിതത്തോട് സത്യസന്ധനാകുമ്പോൾ കവിത യാഥാർത്ഥ്യമാകുന്നു. ലിറ്റിൽമാഗസിനുകൾക്ക് മാറ്ററുണ്ടാവുക, അവ മുടങ്ങാതിരിക്കുക എന്നതാണ് ആശ. അതുമല്ല, ചില പ്രതിസന്ധിഘട്ടങ്ങളിൽ ഞാനല്ല, എന്നിലെ അപരവ്യക്തിയാണ് ഇതെല്ലാം ചെയ്യുന്നത്. ഭ്രാന്ത് കൂടുമ്പോൾ ഞാൻ എല്ലാം വേഗത്തിൽ ചെയ്തു തീർക്കും, കവിതകൾ എഴുതും. അല്പം ചില ഒറ്റമൂലികൾകൊണ്ട് തലച്ചോറിനെ കുറേശ്ശെ മരവിപ്പിക്കും. ഭ്രാന്തിൽ നിന്നുള്ള ഒളിച്ചോട്ടം. ഞാൻ വരാം എന്നു പറഞ്ഞില്ലേ; ഇത് ദേവകിയോട് പറഞ്ഞപ്പോൾ അവളും വരുന്നെന്ന് പറഞ്ഞു, കുഞ്ഞിനെയുംകൊണ്ട്. കവിതകൾ വായിക്കുകയും എനിക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്ന നീ എന്തിനാ വരുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു കുഞ്ഞിനെ നിങ്ങൾ കൊണ്ടുപൊയ്‌ക്കോ എന്ന്.
ജീവിതത്തിൽ ഒരുവിധ അഡ്‌ജസ്‌റ്റ്‌മെന്റിനും തയ്യാറാകാത്ത ഞാൻ സാഹിത്യത്തിലും സാംസ്‌കാരിക പ്രവർത്തനത്തിലും അങ്ങനെതന്നെയായിരിക്കും. കാരണം എനിക്ക് മുഖംമൂടി ഇതുവരെ കിട്ടിയില്ല. താഴെക്കിടയിലുള്ള മനുഷ്യരിലാണ് ഞാൻ എപ്പോഴും. ചിലപ്പോൾ എനിക്കെന്നെ തിരിച്ചറിയാൻ കൂടി കഴിയാത്തവിധം ഞാൻ അവരിൽ ലയിച്ചു ചേരാറുണ്ട്. അതുകൊണ്ട് എന്റെ ദർശനം പിഴച്ചുപോകാറുമില്ല.
രാഷ്‌ട്രീയാനൈക്യങ്ങൾക്കപ്പുറം സാഹിത്യപരവും സാംസ്‌കാരികവുമായ ഒരു സദുദ്യമത്തിൽ നമുക്ക് ഐക്യപ്പെടാം.
Generated from archived content: essay1_may15_07.html Author: unma_mohan
Click this button or press Ctrl+G to toggle between Malayalam and English