എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് വിലയിടിഞ്ഞു തുടങ്ങിയിട്ട് ഏതാണ്ടൊരു പതിനഞ്ചു കൊല്ലം ആയിട്ടുണ്ടാവും. അടിസ്ഥാന വിഷയങ്ങളിൽ ഉറച്ചധാരണയും സമഗ്രവീക്ഷണവും ലക്ഷ്യമിടുന്ന പത്തുവർഷത്തെ അഭ്യാസത്തിന്റെ കലാശക്കൊട്ടിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്? റെക്കോഡ് വിജയം! പരീക്ഷയെഴുതുന്നവരിൽ ഏതാണ്ടെല്ലാവരും വിജയിക്കുന്നു. ഉന്നതഗ്രേഡുകൾ സർവ്വത്ര. മോഡറേഷൻ ഇല്ലെന്നാണ് അവകാശവാദം. യാഥാർത്ഥ്യമോ – ഇന്റേണൽ അസ്സസ്‌മെന്റിന്റെ പേരിൽ 80 മുതൽ 100 മാർക്ക്‌വരെ ഓരോരുത്തർക്കും സൗജന്യം. (എയ്‌ഡഡ് – അൺ എയ്‌ഡഡ് സ്ഥാപനങ്ങളിൽ 100ന് 110-ഉം സന്തോഷപൂർവ്വം കൊടുക്കപ്പെടും) മൂല്യനിർണ്ണയവേളയിലെ വിശാല പരിഗണനകൾ മുന്നുംപിന്നും നോക്കാതെ മാർക്കിടും. വെള്ളം വെള്ളം സർവ്വത്ര; തുള്ളികുടിക്കാനില്ലെങ്ങും എന്നു പറഞ്ഞതിനു തുല്യം; എസ്.എസ്.എൽ.സിക്കാർ സർവ്വത്ര, അക്ഷരമറിയാവുന്നവരിതിലെത്ര?
പരീക്ഷയിൽ കൂടുതൽ പിള്ളേർ ജയിച്ചാൽ കൂടുതൽ മാർക്ക് വിദ്യാഭ്യാസമന്ത്രിക്ക് എന്ന വിശാലപരിഗണനയുടെ ഫലമാണിത് എന്നേ പറഞ്ഞുകൂടൂ. ആശാന്റെയോ വൈലോപ്പിള്ളിയുടെയോ രണ്ടുവരി കവിത ചൊല്ലാനറിയാത്ത ഇവർ മിക്കവരും നാളത്തെ കവികളാണ്. കണക്കും സയൻസും പഠിക്കേണ്ടതുപോലെ പഠിക്കാത്ത ഇവർ നാളത്തെ ലോകപ്രസിദ്ധ എഞ്ചിനീയർമാരും ഡോക്ടർമാരുമാണ്. ദോഷം പറയരുതല്ലോ, സ്വാശ്രയ വിദ്യാഭ്യാസ മാഫിയക്ക് കോഴകൊടുക്കാൻ ഇവർ സർവ്വഥാ യോഗ്യർതന്നെ! ജലദോഷം പിടിപെട്ട് മലയാളികൾ മരിച്ചുവീഴുന്ന കാലം വിദൂരമല്ല.
Generated from archived content: essay1_july20_07.html Author: unma_mohan
Click this button or press Ctrl+G to toggle between Malayalam and English