മലയാളിയുടെ സംസ്‌കാരത്തിന് യോജിക്കാത്ത ‘എടാ’ എന്ന വിളി ഇപ്പോൾ ഗാനങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ നമ്മുടെ കാവ്യസംസ്‌കാരമാകട്ടെ താഴെയുളളവരെപ്പോലും ‘എടാ’ എന്നു വിളിക്കാൻ അനുവദിക്കാത്തവിധം പരിപാവനമാണുതാനും.
മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്‌ടയായ സീത’യിൽ തന്റെ ഭർത്താവിന്റെ അനുജനായ ലക്ഷ്‌മണനെ താൻ ശാസിക്കാനിടയായ ഒരു സന്ദർഭത്തെക്കുറിച്ച് സീത ചിന്തിക്കുന്നു. അതിങ്ങനെയാണ്‌ഃ
‘കനിവാർന്നനുജാ പൊറുക്ക ഞാൻ
നിനയാതോതിയ കൊളളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ’
ഇവിടെ തന്റെ അനുജനെപ്പോലും ‘എടോ’ എന്നാണ് സീതയെക്കൊണ്ട് കുമാരനാശാൻ വിളിപ്പിച്ചിട്ടുളളത്. എന്നാൽ ഈയിടെയായിട്ട് സിനിമയിലെ നായികയെക്കൊണ്ട് നായകനെ ‘എടാ’ എന്നു വിളിപ്പിക്കുന്നതിലാണ് പല കവികൾക്കും താല്‌പര്യം. ഇതാ ശ്രദ്ധിക്കുകഃ
1. “ഇഷ്‌ടമല്ലെടാ എനിക്കിഷ്‌ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്‌ടമല്ലെടാ
കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ
എന്റെ പിറകേ നടന്നു കാര്യമില്ലെടാ
കൊച്ചുകളളനേ എടാ എടാ” (സ്വപ്‌നക്കൂട്)
2. “എസ്‌ക്കോട്ടലോ ബി.പി.എല്ലോ
ഞാൻ നിന്റെ മൊബൈലായെങ്കിൽ
……. എടാ ചൂടാ എടാ മൂഢാ
എടാ പൊട്ടാ എടാ പോടാ പോടാ” (കൂട്ട്)
ഒരു നാടിന്റെ സംസ്‌കാരം സ്വയം ഉണ്ടായിത്തീരുന്നതു മാത്രമല്ല, സാംസ്‌കാരിക നായകന്മാർ ഉണ്ടാക്കിയെടുത്തതു കൂടിയാണ്. ഇവിടെയാണ് മഹാകവി കുമാരനാശാൻ സീതാദേവിയെക്കൊണ്ട് തന്റെ അനുജനെ ‘എടോ’ എന്നു വിളിപ്പിച്ചതിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്.
കവികൾ മനുഷ്യനെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു നയിക്കുമ്പോൾ കുകവികൾ വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്കു നയിക്കുന്നു. ശാന്തം പാപം!
Generated from archived content: essay8_sep.html Author: tp_sasthamangalam
Click this button or press Ctrl+G to toggle between Malayalam and English