വാക്കും വഴക്കും വക്കാണവും

വാക്കിന്‌ വാളിനെക്കാളും തോക്കിനെക്കാളും ശക്തിയുണ്ടെന്ന്‌ പഴമക്കാർ പറഞ്ഞുവെച്ചിട്ടുണ്ട്‌. നമ്മുടെ സാഹിത്യത്തിലെ വാക്‌ഭടന്മാർ ആ ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ടിരിക്കുകയാണ്‌. എം.പി.വീരേന്ദ്രകുമാറും സുകുമാർ അഴീക്കോടും തമ്മിൽ നടന്ന വാഗ്വാദം, സഹിക്കാനാവാത്ത ശബ്‌ദമലിനീകരണമാണ്‌ ഉണ്ടാക്കിയത്‌. വായിൽക്കൊളളാത്ത വാക്കുകൾ അവർ ധാരാളം പ്രയോഗിച്ചു. പത്രപ്രവർത്തകനായ വീരൻ, പത്രത്തിലച്ചടിക്കാൻ പറ്റാത്ത പദങ്ങളും സംസ്‌കൃതപണ്ഡിതനായ അഴീക്കോട്‌ അസംസ്‌കൃത പദങ്ങളും സുലഭമായി പ്രയോഗിച്ചു. മാധ്യമങ്ങൾ അതിന്‌ അമിതപ്രാധാന്യം കൊടുത്ത്‌ ആഘോഷിക്കുകയുകം ചെയ്‌തു. നമ്മളും വചനോത്സവത്തിൽ പങ്കെടുത്ത്‌ നിർവൃതിയടഞ്ഞു. ഇന്നവർ പുരാണ പ്രവചനങ്ങളെല്ലാം മറന്ന്‌, ‘ഇരുമെയ്യാണെങ്കിലുമൊറ്റക്കരളായി’ ജീവിക്കുന്നു, നല്ലത്‌! കളിക്കൂട്ടുകാരായിരുന്ന എം.വി.ദേവനും എം.ടി.വാസുദേവൻനായരും തമ്മിൽ നടന്ന വാക്‌ശരപ്രയോഗം വക്കാണത്തിൽവരെയെത്തിയതും മറക്കാറായില്ല. അവരുടെ വാദപ്രതിവാദം വക്കീലന്മാരേറ്റെടുത്തു. എം.ടി. മാനനഷ്‌ടത്തിനു കേസുകൊടുത്തു. അവർ കോടതി വരാന്തയിൽ നിന്നു മുഷിഞ്ഞു. ഇരുവരുടെയും സാഹിത്യസുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലുകൾമൂലം ആ പുക്കേറങ്ങവസാനിച്ചു.

ടി.പത്മനാഭനും പുനത്തിൽ കുഞ്ഞബ്‌ദുളളയും പുതിയൊരങ്കത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്‌. നാലുകാശുകിട്ടുമെന്ന ലാക്കോടെ അഭിഭാഷകർ അവരെ സമീപിച്ചു കഴിഞ്ഞു. പത്തുലക്ഷം രൂപ നഷ്‌ടപരിഹാരമായി കിട്ടണമെന്നാണ്‌ കുഞ്ഞബ്‌ദുളളയുടെ ആവശ്യം. പത്മനാഭന്റെ പ്രതികരണമ അറിവായിട്ടില്ല. പണവും മദ്യവും കൊടുത്താൽ പുനത്തിൽ എന്തും എഴുതും പറയും എന്ന പത്മനാഭവാചകമേള തിരുത്തപ്പെടുമെന്നു തോന്നുന്നില്ല. സാഹിത്യപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജീവിക്കുന്ന ചിലർ, ഇവരെ കോടതികയറ്റത്തിൽ നിന്നൊഴിവാക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

എം.കൃഷ്‌ണൻനായരുമായി ഏറ്റുമുട്ടാത്ത എഴുത്തുകാർ കേരളത്തിലുണ്ടോ എന്നറിയണമെങ്കിൽ പ്രശ്‌നംവയ്‌ക്കേണ്ടിവരും. അശ്ലീലാഭിഷേകമാണ്‌ അവർ പരസ്‌പരം നടത്തിയത്‌. സാഹിത്യ സാംസ്‌കാരിക നായകർ എന്നറിയപ്പെടുന്ന ഇവരുടെ വാക്കും വഴക്കും വക്കാണവുംകൊണ്ട്‌, കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം മലിനപ്പെടുന്നത്‌ ഖേദകരംതന്നെ. ഇവരെല്ലാം ‘സാക്ഷരരാക്ഷസ്സ’ന്മാരാവുകയാണോ?

ഈ വാക്കുകളുടെ ഗുസ്‌തികൊണ്ട്‌ ചില പ്രയോജനങ്ങളും വഴക്കാളികൾക്കില്ലാതില്ല. ‘രാമന്റെ ദുഃഖ’വും ‘ഗുരുവിന്റെ ദുഃഖ’വും അടിയ്‌ക്കടി എഡീഷനുകൾ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇഹലോകത്തിലല്ല, ‘പരലോക’ത്തിലും കുഞ്ഞബ്‌ദുളളയ്‌ക്ക്‌ നേട്ടമുണ്ടാകും. ‘വാരാണസി’ക്കും ‘ലന്തൻബത്തേരി’ക്കും ചെലവുകൂടും. കുറെമുമ്പ്‌, സക്കറിയയും അടൂർ ഗോപാലകൃഷ്‌ണനും കൂടി ഒരു സിനിമാ സ്‌റ്റണ്ട്‌ നടത്തുകയുണ്ടായല്ലോ; ‘വിധേയൻ’ എന്ന ചലച്ചിത്രം സംബന്ധമായി. രണ്ടുപേർക്കും നേട്ടമായിരുന്നു ആ വഴക്ക്‌. ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്‌ വിധേയന്റെ തിരക്കഥ രചിച്ചത്‌. അതിൽ വരുത്തിയ മാറ്റങ്ങളായിരുന്നു വഴക്കിനാധാരം. രണ്ടുപേരും ആവനാഴിയിലെ അവസാനത്തെ അമ്പുവരെ എടുത്തു പ്രയോഗിച്ചു. ശബ്‌ദശല്യം സഹിക്കാനാവാതായ പൊതുജനം നേരും നുണയും തിരിച്ചറിയാനായി, നോവൽ വായിക്കുകയും സിനിമ കാണുകയും ചെയ്‌തു. കോളടിച്ചത്‌ വഴക്കാളികൾ!

നമ്മുടെ എഴുത്തുകാരിൽ മിക്കവരും അവസരവാദികളാണെന്നതിൽ സംശയമില്ല. തെളിവുകൾ നിരത്തേണ്ട കാര്യമില്ല. ധിഷണാപരമായ സത്യസന്ധതയോ സാംസ്‌കാരികമായ സദാചാരബോധമോ ഇല്ലാത്ത ഇവരുടെ ആക്രോശങ്ങളും അട്ടഹാസങ്ങളും വെല്ലുവിളികളും നമ്മുടെ പരിസരത്തെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതിൽനിന്ന്‌ നമുക്കൊരു മോചനമുണ്ടാവുമോ, ആവോ?

Generated from archived content: jan_essay4.html Author: tony_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English