പത്രക്കാരുടെ ഊരുവിലക്ക്‌

“ആത്മഹത്യാപരമാകയാൽ പത്രങ്ങളെ വിമർശിക്കാൻ എഴുത്തുകാർ മുതിരാറില്ല. പത്രങ്ങളിലെ ‘മാനസമലിനീകരണ’ പ്രവണത ഈയുളളവൻ തുറന്നുപറഞ്ഞത്‌, ആരെയും വിമർശിക്കുന്ന പത്രത്തറവാട്ടിലെ മുത്തശ്ശിയായ ‘മലയാളമനോരമ’യ്‌ക്കു സഹിക്കാൻ കഴിഞ്ഞില്ല. സത്യത്തിനു പകരം സർക്കുലേഷനെ ദൈവമായി കരുതുന്ന പ്രസ്‌തുത പത്രം എന്നെ ബഹിഷ്‌ക്കരിക്കാനും തമസ്‌കരിക്കാനും തേജോവധം ചെയ്യാനും അന്യ പ്രസിദ്ധീകരണങ്ങളിൽ എനിക്ക്‌ ഉപരോധമേർപ്പെടുത്താനും നോമ്പുനോറ്റിരിക്കുകയാണ്‌. 1986 മുതൽ 17 കൊല്ലമായി മനോരമയുടെ ‘അയ്‌മനം ചീക്കു’ ഈ പീഡനം സഹിച്ചുകൊണ്ടിരിക്കുന്നു. ”പത്രം ആലുപോലെ വളർന്നാൽപോരാ, അതിനു ചന്ദനത്തിന്റെ സുഗന്ധവും കൂടിയുണ്ടായിരിക്കണം.‘

ചെമ്മനം ചാക്കോയുടെ ’ഒറ്റയാൾ പട്ടാളം‘ എന്ന കവിതാസമാഹാര(ഡി.സി.ബുക്‌സ്‌)ത്തിന്റെ ആമുഖത്തിൽ നിന്നാണ്‌ ഇതുദ്ധരിച്ചിരിക്കുന്നത്‌.

പത്രക്കാർ എഴുത്തുകാർക്കെതിരെ നടത്തുന്ന ഊരുവിലക്കിന്റെ ഒരുദാഹരണമാണിത്‌. പക്ഷെ, ഏതു കൊലകൊമ്പൻ പത്രപധി നോക്കിയാലും നല്ലൊരെഴുത്തുകാരന്റെ നാവരിയാൻ പറ്റില്ല. അരിയുംതോറും ആ നാവുമരം കിളിർത്തുകൊണ്ടിരിക്കും. ഈ ഗ്രന്ഥത്തിലെ ഭാഷാസ്‌നേഹം എന്ന കവിത, സർക്കുലേഷൻ കൂട്ടാൻവേണ്ടി മനോരമയും മാതൃഭൂമിയും നടത്തുന്ന ചെപ്പടിവിദ്യകളായ തംബോലയേയും സമ്മാനമഴയെയും ചെമ്മനം കളിയാക്കുന്നുണ്ട്‌. മാളോരുടെ മത്സരം പാവം വായനക്കാരുടെ പുറത്താണ്‌.

മാനേജിംഗ്‌ എഡിറ്ററുടെ പടം സ്ഥിരമായി ’മാതൃഭൂമി‘യിൽ, അതും ക്ലോസപ്പിൽതന്നെ അച്ചടിച്ചുവന്നപ്പോൾ അതിനെ പരിഹസിച്ചുകൊണ്ടൊരു കുറിപ്പ്‌ എഴുതിയതിന്റെ പേരിൽ മാതൃഭൂമി ഊരുവിലക്കു നടപ്പാക്കിയ ഒരു വ്യക്തിയാണ്‌ ഞാൻ. ഇ.വി.ശ്രീധരന്റെ ഒരു നോവലിനെ ഖണ്ഡനവിമർശം നടത്തിയതിനാൽ ’കലാകൗമുദി‘യും ഭ്രഷ്‌ടാക്കി. പ്രതിഷേധിച്ചുകൊണ്ട്‌ അദ്ദേഹമൊരു സ്വകാര്യക്കത്ത്‌ എഴുതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ’കുങ്കുമ‘ത്തിലെ അമിത ലൈംഗികതയെക്കുറിച്ചെഴുതിയതിനാൽ അവരും പുറത്താക്കി. ’മലയാളം‘ പത്രാധിപസമിതിയിലെ പ്രഥമപൗരന്റെ വ്യക്തിവിരോധംകൊണ്ട്‌ അങ്ങോട്ടുമടുക്കാൻ പറ്റുന്നില്ല. പണ്ട്‌ മനോരമയും കാർട്ടൂണിസ്‌റ്റ്‌ ടോമും തമ്മിലുളള പ്രശ്‌നത്തിൽ ടോമിന്റെ പക്ഷംപിടിച്ച്‌ ഒരു പ്രസ്‌താവനയിറക്കിയതിനാൽ അവർക്കും ഞാനയിത്തക്കാരനായി.

ഭാരതീയ സംസ്‌കാരത്തെ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരുവനായതിനാൽ, ഹിന്ദുത്വക്കുറ്റമാരോപിച്ച്‌ ’ചന്ദ്രിക‘യും ’മാധ്യമ‘വും അടിപ്പിക്കുന്നേയില്ല. മാമോദീസാ വെളളം വീണെങ്കിലും സത്യക്രിസ്‌ത്യാനിയായില്ലെന്നു പറഞ്ഞ്‌ ’ദീപിക‘യും പുറത്താക്കിയിരിക്കുകയാണ്‌. വിപ്ലവകാരിയല്ലാത്തതിനാൽ ’ദേശാഭിമാനി‘ക്കിഷ്‌ടമല്ല. നസ്രാണിപ്പേരായതിനാൽ ’ജന്മഭൂമി‘യ്‌ക്കും താല്‌പര്യക്കുറവ്‌. ഇനി എന്തുചെയ്യും?

വല്ലതും ചെയ്യണം!

Generated from archived content: essay5_sep.html Author: tony_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here