മാതൃഭൂമി ആഴ്‌ചപതിപ്പിൽ അക്‌ബർ കക്കട്ടിലും സുഭാഷ്‌ചന്ദ്രനും എഴുതിയ രണ്ടുലേഖനങ്ങൾ ആത്മപ്രശംസയ്‌ക്ക് അധികപ്പറ്റായിപ്പോയി. ‘ഒരേ കടൽ’ എന്ന സിനിമയുടെ പേരിൽ ശ്യാമപ്രസാദിനെതിരെ ആരോപണങ്ങളുന്നയിക്കുന്ന കൂട്ടത്തിലാണ്, കഥാകാരൻ എന്ന നിലയിലുള്ള തന്റെ മഹത്വം അദ്ദേഹം, യാതൊരു ചമ്മലുമില്ലാതെ ആവിഷ്‌ക്കരിക്കുന്നത്. മറ്റാരും അറിഞ്ഞുകണ്ടു പറയുന്നില്ലെങ്കിൽ പിന്നെ സ്വയം വീമ്പിളക്കുകയല്ലേ നിർവാഹമുള്ളൂ! തന്റെ കഥകൾ വിവിധഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ടെന്നും സർവ്വകലാശാലകളിൽ പഠിപ്പിക്കാൻ വെച്ചിട്ടുണ്ടെന്നും ഒക്കെ പറയുന്നത് പൊങ്ങച്ചത്തിന്റെ പ്രഥമപടികളാണ്.
തന്റെ അസാധാരണമായ പ്രജ്ഞയും പ്രതിഭയും സർഗാത്മകതയും ചേർത്ത് ‘ഒരേകടലി’നെ ഇളക്കിമറിച്ചെന്നും സ്വയം പുകഴ്‌ത്തിപ്പറയുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനക്കാരുടെ പ്രസിദ്ധീകരണത്തിലെഴുതി തിണ്ണമിടുക്കു കാണിക്കുന്നത് തറവേലയാണ്. എം.ടിയെ കണ്ടുപഠിക്കേണ്ടിയിരുന്നു സുഭാഷ്‌ചന്ദ്രൻ. പത്രാധിപരായിരുന്ന കാലത്ത് ആഴ്‌ചപ്പതിപ്പിൽ കഴിവതും എഴുതാതിരിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഗത്യന്തരമില്ലാതെ വരുമ്പോൾ വല്ലതുമൊന്നു കുറിക്കും. ആ പാരമ്പര്യം മാതൃഭൂമിക്കു നഷ്ടപ്പെട്ടല്ലോ. എഴുത്തുകാരെല്ലാം ഉടമകളും അടിമകളുമായത് കടൽച്ചൊരുക്ക് ബാധിച്ച സുഭാഷിന്റെ ഭാഗ്യം. അല്ലായിരുന്നെങ്കിൽ പരാതികളും പഴിപറച്ചിലും എവിടെ വെളിച്ചം കാണാനാണ്?
ഈ പോക്കുപോയാൽ സ്വന്തം കഥകളുടെ പഠനങ്ങളും അദ്ദേഹം എഴുതിത്തുടങ്ങും. ഭാവയിത്രിയും കാരയിത്രിയുമായ പ്രതിഭയാണല്ലോ അദ്ദേഹത്തിന്റേത്!
ബാലപംക്തിയിലെ ‘ഒഴിവുകാല’ത്തിലാണ് കക്കട്ടിലിന്റെ സ്വയംപുകഴ്‌ത്തൽ എന്ന കലാപരിപാടി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. താൻ പ്രസിദ്ധനും പ്രഗത്ഭനും പ്രതിഭാശാലിയുമാണെന്ന് സ്വയം കണ്ടെത്തി വിളംബരം ചെയ്യുന്നു. പുതിയ തലമുറയിലെ എഴുത്തുകാർ ഇതൊക്കെ അറിഞ്ഞിരിക്കട്ടെ എന്ന ഭാവം. പ്രസിദ്ധരായ എഴുത്തുകാർ തന്നെക്കുറിച്ചു മെനഞ്ഞെടുത്ത ചില കഥകളും അക്‌ബർ നിരത്തുന്നുണ്ട്. തൊലിക്കട്ടിക്കു മുമ്പിൽ രാഷ്ര്ടീയക്കാർ സുല്ലിടും! വാസ്വേട്ടൻ (എം.ടി) വീട്ടിൽ വരുന്നതും ചങ്ങാതിക്കൂട്ടം ദില്ലിക്ക് ‘ഫ്‌ളൈറ്റിൽ’ കൊണ്ടുപോകുന്നതും പരോപകാരിയാക്കുന്നതും മറ്റും നീണ്ടകഥപോലെ പ്രതിപാദിക്കുന്നുണ്ട്. കൊച്ചെഴുത്തുകാർക്ക് ധാരാളം ഗുണപാഠം ഇതിൽനിന്നും പഠിക്കാനുണ്ടല്ലോ! അവർക്കു മുമ്പിൽ മാതൃകാപുരുഷനായി നിൽക്കുകയാണ് അദ്ദേഹം. ‘ഒഴിവുകാല’ വായനക്കാരുടെ കഷ്ടകാലം.
Generated from archived content: essay5_july20_07.html Author: tony_mathew
Click this button or press Ctrl+G to toggle between Malayalam and English