നാട്ടിലെന്തു സംഭവിച്ചാലും അതിനനുകൂലമായും പ്രതികൂലമായും പ്രസ്‌താവനകളിറക്കി, പാർശ്വവർത്തികളെക്കൊണ്ട് ഒപ്പിടീച്ച് പത്രത്തിൽ കൊടുക്കുന്ന ഏർപ്പാട് ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. അമ്മെ തല്ലിയാലും രണ്ടുപക്ഷമാണിവിടെ. അമ്മയെ തല്ലിയത് ശരിയായില്ലെന്ന് ഇടതുകാർ പറഞ്ഞാൽ, ആ തളളയ്‌ക്ക് രണ്ടു കിട്ടേണ്ടതുതന്നെയാണെന്നു വലതുകാർ പറയും.
ഇടതിന്റെ ഒപ്പിടീൽ സംഘത്തിൽനിന്ന് എം.എൻ.വിജയനും, ഇക്‌ബാൽ ഡോക്‌ടറും, നാലാംലോകം പരമേശ്വരനും ഔട്ടായി. പകരം അഴീക്കോട് മാഷിനെ കിട്ടിയിട്ടുണ്ട്. സംഘമൂപ്പൻ വി.ആർ.കൃഷ്‌ണയ്യർ തന്നെ. കീഴേകീഴേ ഒപ്പിടാൻ കുട്ടിസഖാക്കളുമുണ്ട്. പേരടിച്ചു വരാനുളള അവസരമാണ് ചിലർക്കിത്. പ്രസ്‌താവന എന്താണെന്നൊന്നും അവർക്കറിയില്ല. അല്ലേലവരെ അറിയിക്കാറില്ല. തിരുവായ്‌ക്കെതിർവായില്ലല്ലോ!
കൊല്ലങ്കോട് കുമാരൻ, കോലാഹലമേട് കോമൻ, ടിവി പുരം രാജു, ബാബു കുഴിമറ്റം തുടങ്ങിയവരാണല്ലോ വലതുപക്ഷ ബുദ്ധിജീവികളിൽ പ്രമുഖർ. ‘ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുളള’ ഇവരും ചില പൊട്ടപ്രസ്‌താവനകൾ ഇറക്കാറുണ്ട്. പത്രപ്രവർത്തകർക്ക് ‘റോയൽടീ’ കൊടുത്തിട്ടാണ് ഇതു സാധിച്ചെടുക്കുന്നത്.
ആർഷസംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാർക്ക് പ്രസ്‌താവനകളുണ്ടെങ്കിലും ഒപ്പിടാൻ ആളെക്കിട്ടാറില്ല. തപ്പിപ്പെറുക്കി ചിലരെ ഒപ്പിക്കുന്നുവെന്നു മാത്രം. ഒപ്പിടീൽ സംഘം ആരെയൊക്കെയോ ഒപ്പിക്കാനുളള ശ്രമത്തിലാണ്.
Generated from archived content: essay2_july31_06.html Author: tony_mathew