ചൊരണ്ടിവായന

ഒന്നെടുത്താൽ ഒന്നു ഫ്രീ-അതാണ്‌ ഇന്നത്തെ കച്ചവടതന്ത്രം! മുണ്ടെടുത്താൽ രണ്ടാംമുണ്ട്‌ ഫ്രീ. ഷൂസെടുത്താൽ സോക്‌സ്‌ സൗജന്യം. തളേള എടുത്താൽ പിളേള കിട്ടുന്ന കാലത്തിലേക്കാണ്‌ നീക്കം. വില്‌പനക്കാർക്കും വാങ്ങുന്നവർക്കും സന്തോഷമേയുളളു ഈ കച്ചകപടത്തിൽ.

മറ്റു രംഗങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നതു കണ്ടിട്ട്‌, നമ്മുടെ പത്രസ്ഥാപനങ്ങൾക്കും ഇരിക്കപ്പൊറുതിയില്ല. തംബോലകളിയിലും സമ്മാനമഴയിലുമായിരുന്നു തുടക്കം. അതു കേറിക്കൊണ്ടു! ഉടനെ സോപ്പും ഷാമ്പുവും കൊടുത്തു തുടങ്ങി. അർത്ഥവത്തായ സമ്മാനംതന്നെ. ചില സ്‌ത്രീ പ്രസിദ്ധീകരണങ്ങളിലെ കാമകലാവിവരണം വായിച്ചാൽ ഉടൻതന്നെ ഒരു കുളി പാസ്സാക്കേണ്ടിവരും. ചെളി ഇളകി തലയ്‌ക്കു ലക്കുകിട്ടാൻ ഷാമ്പുവും നല്ലതുതന്നെ. ഡോക്‌ടറുടെയും മനഃശാസ്‌ത്രജ്ഞന്റെയും മറവിലാണ്‌ പത്രാധിപന്മാരുടെ ഈ വിലാസലീലകൾ. ചോദ്യങ്ങളെല്ലാം പത്രാധിപസമിതിയിലെ പിളേളരുടെ പടപ്പുകളാണ്‌. എരിവും പുളിയുമുളള മസാലച്ചോദ്യങ്ങളെ ചോദിക്കാവൂ എന്ന്‌ മുകളിൽനിന്ന്‌ നിർദ്ദേശമുണ്ട്‌. ഉരുളയ്‌ക്കുപ്പേരിപോലുളള മറുപടിയും ഉണ്ടാവും. ഈ ഇക്കിളിപ്പൈങ്കിളി ചോദ്യോത്തരങ്ങളിലാണ്‌ മാസികകൾ പിടിച്ചുനില്‌ക്കുന്നതും പ്രചാരം വർദ്ധിപ്പിക്കുന്നതും.

ആർത്തവരക്തവും ശുക്ലവും നിറഞ്ഞ കഥകളെഴുതിയ ആധുനികർക്ക്‌, ബേപ്പൂർ സുൽത്താൻ നൽകിയ താക്കീതാണോർമ്മ വരുന്നത്‌ഃ ‘നിങ്ങൾ കഥകളെഴുതിയില്ലെങ്കിലും പശു ക്‌ടാവിട്ടുകൊളളും.’ കുട്ടികളെ നന്നാക്കാനെന്നമട്ടിൽ, മറ്റൊരടവും ഇവർ പ്രയോഗിക്കുന്നുണ്ട്‌. ഏതെല്ലാം വെബ്‌സൈറ്റുകളിൽ നീലച്ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും കിട്ടുമെന്ന്‌ അവർ ചൂണ്ടിക്കാണിക്കും. അതിലേക്ക്‌ കടന്നുചെല്ലരുതെന്ന്‌ അടിക്കുറിപ്പുമെഴുതും. എപ്പടിയിരിക്കുന്നു പത്രധർമ്മം? കാമകല എന്ന പുസ്‌തകത്തിന്‌ രതിരഹസ്യം എന്ന കിതാബ്‌ സക്കാത്തുകൊടുക്കുന്ന പെൺബുക്‌സുകാരുടെ പുതിയ വില്‌പനതന്ത്രമാണ്‌ ചൊരണ്ടിവായന. പത്രം കിട്ടിയാലുടൻ കാർഡിലെ കോളം ചൊരണ്ടണം. ചൊരണ്ടിച്ചൊരണ്ടി കൈയിലെ നഖവും തൊലിയുമൊന്നുമില്ല പലർക്കും. ചിലർക്ക്‌ ചൊരണ്ടലേയുളളു പണി. ഭാഗ്യനമ്പർ കിട്ടിയില്ലെങ്കിൽ പത്രം വലിച്ചൊരേറാണ്‌. വായനക്കാരെ പീഡിപ്പിച്ചാണ്‌ പത്രം വായിപ്പിക്കുന്നത്‌. പീഡനകഥകളല്ലേ അതിലുളളു. വായനക്കുഞ്ഞുങ്ങൾക്ക്‌ കോൺണ്ടവും സാനിട്ടറി നാപ്‌കിനും വിതരണം ചെയ്യുന്ന പത്രമുത്തശ്ശിമാരെയും നാം കണ്ടുമുട്ടിയെന്നിരിക്കും; അത്ഭുതപ്പെടേണ്ടതില്ല!

Generated from archived content: essay2_jan.html Author: tony_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here