മാധ്യമലോകത്തെ മത്സരലോകം എന്നു വിളിക്കുന്നതാവും ശരി. ദൃശ്യമാധ്യമവും ശ്രാവ്യമാധ്യമവും ഒട്ടും പിന്നിലല്ല. സീരിയലുകളും പാട്ടും കൂത്തും കോമാളിക്കളിയുമെല്ലാം ഒരേസമയത്തു തന്നെ നടത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുക്കാനാണ് ഓരോ ചാനലുകാരുടെയും ശ്രമം. തങ്ങളുടെ പ്രേക്ഷകരെ മറ്റൊരു ചാനലിലേക്കു വിടാതിരിക്കാനുള്ള കച്ചവടതന്ത്രമാണിത്. സൂപ്പർ, മെഗാ, ഗ്ലോബൽ എന്നൊക്കെയുള്ള ഓമനപ്പേരുകളിലാണ് ഇതൊക്കെ അറിയപ്പെടുന്നത്. പരസ്യങ്ങൾപോലും ഒരേസമയത്താണ് കൊടുക്കുന്നത്. പ്രേക്ഷകർ റിമോട്ടേൽ ഞെക്കിഞ്ഞെക്കി അവശരാകുന്നു. ജഡ്‌ജസായി അവശകലാകാരന്മാരെ എഴുന്നള്ളിക്കുന്നതിലും സമാനചിന്താഗതിയാണ് വിവിധ ചാനലുകാർ കാണിക്കുന്നത്. തൊലിക്കട്ടി അപാരം തന്നെ!
പത്ര-മാസികക്കാർ ഓണോപഹാരം ഒരുക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഓഫറുകളും ധാരാളമാണ്. ‘മാതൃഭൂമി’ ഇക്കുറി ഓണപ്പതിപ്പിനോടൊപ്പം കൊടുക്കുന്നത് ടൂത്ത്‌പേസ്‌റ്റും മുളകുപൊടിയുമാണ്. തികച്ചും പ്രതീകാത്മകംതന്നെ. അതിലെ അശ്ലീലം വായിച്ചാൽ വീണ്ടും പല്ലുതേച്ച് വൃത്തിയാക്കേണ്ടിവരും. ‘മനോരമ’ ഫേസ്‌വാഷും ഡിറ്റർജന്റ് പൗഡറുമാണ് വിതരണം ചെയ്യുന്നത്. വായനകഴിയുമ്പോൾ മുഖം കഴുകുകയും വസ്ര്തം വൃത്തിയാക്കുകയും വേണ്ടിവരും. അത്തരം സാധനങ്ങളായിരിക്കും ഉള്ളടക്കം.
സാഹിത്യവിഭവങ്ങളുമായി സഹൃദയരെ സമീപിക്കാനുള്ള കരുത്തില്ലാത്ത പ്രസാധകരൊക്കെ സമ്മാനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് നാണംകെട്ട് നടക്കുന്ന എഴുത്തുകാരെയാണ് മാധ്യമക്കാർ കുറ്റപ്പെടുത്തുന്നത്. പത്രത്തോടൊപ്പം പലവ്യഞ്ജനക്കെട്ടും വരുന്ന കാലത്തിനായി കാത്തിരിക്കാം. നാപ്‌കിനും കോണ്ടവും കൂടി തന്നിരുന്നെങ്കിൽ സൗകര്യമായേനെ!
Generated from archived content: eassay3_novem5_07.html Author: tony_mathew