പഴയ ആ ഞണ്ടുകഥ അത്ര പെട്ടെന്നു മറക്കാൻ നമുക്കാവില്ല. മൂടിയില്ലാത്തൊരു കൊട്ടയിൽ ജീവനുളള ഞണ്ടുകളെ ശേഖരിച്ചു വെച്ചിരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു നിന്ന ഒരാളോട് ഒരു ബുദ്ധിമാൻ പറഞ്ഞ ഉത്തരം മറ്റാരു മറന്നാലും മലയാളി മറക്കില്ല.
‘അതു കേരളത്തിൽനിന്നുളള ഞണ്ടുകളാണ്. ഒന്നിനെപ്പോലും രക്ഷപ്പെടാൻ മറ്റുളളവ അനുവദിക്കില്ല. ഏതെങ്കിലും ഒരുത്തൻ എങ്ങനെയെങ്കിലും പിടിച്ചുകയറി കൊട്ടയുടെ വക്കുവരെയെത്തിയാൽ മറ്റുളളവർ ചേർന്ന് അതിനെ കൊട്ടയിലേക്കുതന്നെയിറക്കും.’
ഇതാണ് മലയാളി പഠിച്ച സഹകരണപാഠം. ഈയടുത്തകാലത്ത് സർവ്വ മേഖലയിലും മലയാളി ഒരു കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു പരസ്‌പര സഹകരണത്തിന്റെ കാര്യത്തിൽ!
കോടതിവരാന്തയിലെ സാഹിത്യംഃ കഥാകൃത്ത് ടി.പത്‌മനാഭൻ കാര്യങ്ങൾ പച്ചമലയാളത്തിൽ പറയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, ഒരേ വഴിയിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് (?) മുന്നേറുന്ന തന്റെ സഹയാത്രികനെ ഭ്രാന്തനെന്നു വിളിച്ചതിലൂടെയാണ് സംഗതികൾ ഇത്രയും വഷളായത്. മാനനഷ്‌ടത്തിന്, പുനത്തിൽ കോടതിവഴി കിട്ടാനാവശ്യപ്പെട്ട തുക കേട്ടപ്പോൾ ‘മലയാള’ത്തിന് ഇത്രയും കനമുണ്ടോ എന്നു സംശയിച്ചുപോയി! ഏതായാലും കുഞ്ഞുണ്ണിമാഷിനെ അദ്ദേഹം ‘പീറക്കറി’ എന്നേ വിളിച്ചുളളു. അതിനിടയിൽ, ബഷീർ രണ്ടാംനിരയിൽ ഒടുക്കത്തെ അവതാരം മാത്രമാണെന്ന്, ‘അത്യോന്നതങ്ങളിൽ’ നി്ന്നും ഒരു മഹാശരീരിയുണ്ടായി!
ചോരപുരണ്ട വെളളിത്തിരഃ സാധാരണക്കാാരന് ഇത്തിരിയെങ്കിലും ആശ്വാസം പകർന്നിരുന്ന വെളളിത്തിരപ്പിണക്കിക്കാൻ പ്രതിസന്ധിയുടെ ആഴങ്ങളിൽ തപ്പിത്തടഞ്ഞ കാഴ്‌ച ദയനീയമായിരുന്നു. അരമനരഹസ്യം അങ്ങാടിപ്പാട്ടായപ്പോൾ സിനിമാക്കാരുടെ കഞ്ഞികുടി മുട്ടുമോ എന്നു പേടിച്ചുപോയി?! അനവധി സാരോപദേശങ്ങൾ പ്രേക്ഷകർക്കുമുന്നിൽ നിരത്തിവെച്ച പ്രതിഭാശാലികൾ, പരസ്‌പരം നടത്തിയ കത്തിയേറുകൾ ആരാധകർപോലും കാര്യമാക്കിയില്ല. വഷളൻ സീനുകളൊക്കെ ചുരുട്ടിക്കൂട്ടി ‘പായ്‌ക്കപ്പ’ലെത്തിച്ചത് ചുരുക്കം ചിലരുടെ ബോധോദയം ഒന്നുകൊണ്ടുമാത്രമാണ്. ‘അമ്മ’യുടെ അമരത്ത് അമർന്നിരുന്ന മോഹൻലാൽ എന്ന അതുല്യതാരം ചേമ്പർ കല്‌പനകളെ ‘പുല്ലോളം’ കൂട്ടാക്കാതിരുന്നതാണ്, ആയിരക്കണക്കിന് പിന്നാമ്പുറക്കാർ മാസങ്ങളോളം പട്ടിണി തിന്നാൻ കാരണം. ചേമ്പറുകാര് പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നമട്ടിൽ മസിലുപിടിച്ചു. സർവ്വാരാധ്യനായ ഗാനഗന്ധർവ്വൻ യേശുദാസിന്റെ പേരും റോയൽറ്റിക്കേസിൽ പറഞ്ഞുകേട്ടു!
ഇക്കാലയളവിൽ മലയാള സിനിമയിലെ ഒരേയൊരു മെഗാസ്‌റ്റാറും അടങ്ങിയിരുന്നില്ല. കളറുവെളളം ‘കൊക്കക്കോള’യ്‌ക്ക് നിലവിലുളള മധുരവും ലഹരിയും ഒന്നുകൂടി പൊലിപ്പിച്ചെടുക്കാൻ മെഗാസ്‌റ്റാറിന്റെ സഹായം വേണമെന്ന ആഗ്രഹം കേട്ടപാതി കേൾക്കാത്ത പാതി മമ്മൂട്ടി അതിനിറങ്ങി പുറപ്പെട്ടു എന്നാണ് മാധ്യമങ്ങൾ വിളിച്ചുപറഞ്ഞത്. എക്കാലവും ‘നേരേവാ നേരേപോ’ എന്ന ശീലം വെച്ചുപുലർത്തിയിരുന്ന മമ്മൂട്ടിക്ക് താൻ കൊക്കക്കോളയുടെ ബ്രാന്റ് അംബാസിഡറല്ല, ‘പ്ലാച്ചിമട’യുടെ ബ്രാന്റ് അംബാസിഡറാണ് ആവേണ്ടത് എന്ന് തോന്നാതിരുന്നത് നമ്മുടെ നിർഭാഗ്യം. അത്തരമൊരുദ്യമത്തിൽനിന്ന് അദ്ദേഹം പിന്മാറിയത് നമ്മുടെ ഭാഗ്യവും. ഇതു ഞണ്ടുകഥയുടെ ആന്റി ക്ലൈമാക്‌സാണ്. ഇവിടെ നാട്ടുകാരൊക്കെക്കൂടി മമ്മൂട്ടിയെ രക്ഷിക്കുകയായിരുന്നു.
കേരളത്തിന്റെ രാഷ്‌ട്രീയ പ്രബുദ്ധതഃ ഇതുകണ്ടാണ് ചിലർ ഇങ്ങനെയും ഒരു ബീഹാർ ഇന്ത്യയിലുണ്ടോ എന്ന് മൂക്കത്ത് വിരൽവെച്ചത്. സ്വാതന്ത്ര്യപ്പാർട്ടിയുടെ പ്രസിഡന്റാപ്പീസിന്റെ രഹസ്യമുറിയിൽനിന്നാണോ സംഭവം തുടങ്ങുന്നത്? അതിനും മുമ്പേ തുടങ്ങി എന്ന് ‘പുകഞ്ഞകൊളളികൾ’ പറയാതെതന്നെ നമുക്കറിയാം. വിശദീകരണം ആപത്താവും, ചുരുക്കാം; അച്‌ഛനുശേഷം എങ്ങനെ അന്നം മുടങ്ങാതെ നാൾ കഴിക്കാം, ഭീഷ്‌മാചാര്യർക്കുശേഷം ഇതുവരെയും ആചാര്യന്മാരാവാത്തവരുടെ ഗതിയെന്ത്? അഞ്ചുവർഷത്തേക്ക് ഒപ്പിച്ചെടുത്ത സൗഭാഗ്യം ‘തൂണുംചാരി നില്‌ക്കുന്നവൻ’ അടിച്ചെടുക്കാതെ എങ്ങനെ നോക്കാം? എന്നിങ്ങനെയുളള മാറാവേദനകൾക്കൊക്കെ മരുന്നായി, കേന്ദ്രത്തിലേക്കുളള പാർസലിൽ, ഇരുപതിലൊന്നുപോലും മൂവർണ്ണക്കൊടി ഉടുതുണി(?)യാക്കിയവർക്കു കിട്ടിയില്ല!
സർവ്വം സാക്ഷിഃ കാര്യങ്ങൾ ഇങ്ങനെയങ്ങു നീങ്ങുമ്പോൾ, ചാനൽ മാഹാത്മ്യവും വിസ്‌മരിക്കാനാവുന്നില്ല. പണ്ട് സിദ്ധാർത്ഥൻ വീടുവിട്ടിറങ്ങിപ്പോവുമ്പോൾ ഇന്നുകാണുന്ന ചാനലുകളിലൊന്നുപോലും ജനിച്ചിരുന്നില്ല. ഏതായാലും ഇന്ന്, ഒരുമാതിരിപ്പെട്ട ആളുകളൊക്കെ വീടുവിടാനും നാടുവിടാനുമൊക്കെയുളള പ്രധാന കാരണം ചാനലുകളാണ്. ലോകത്തു നടക്കുന്ന സർവ്വകാര്യങ്ങളും ഇത്രമേൽ വഷളാക്കിയത് ഈ ചാനലുകാരാണ്. കേരളത്തിൽ ആത്മഹത്യകൾ, ഈയടുത്തകാലത്ത് ഇത്ര കൂടാനുളള കാരണത്തിന് മറ്റെവിടെയും അന്വേഷിച്ചു പോവേണ്ടതില്ല. പറഞ്ഞുവരുന്നത് സർവ്വം ‘ഞണ്ടു’മയം എന്ന്….
Generated from archived content: essay2_sep2.html Author: thyagarajan_chalakadavu