ഒ.വി.വിജയനെ ആദ്യം കണ്ടപ്പോൾ

1982, ഗ്രീഷ്‌മത്തിലെ ഒരുനാൾ. ചലച്ചിത്രനിർമ്മാതാവും ‘മലയാളനാട്‌’ വാരികയുടെ മാനേജിംഗ്‌ എഡിറ്ററുമായിരുന്ന എസ്‌.കെ.നായരും ഞാനുംകൂടി കൊല്ലത്തുനിന്ന്‌ തകഴിയിലെ ശങ്കരമംഗലത്ത്‌ എത്തിച്ചേർന്നു. പുതുതായി ആരംഭിക്കുന്ന ‘മലയാളനാട്‌’ രാഷ്‌ട്രീയവാരികയിലേക്ക്‌ വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിളളയെക്കൊണ്ട്‌ ഒരു നോവൽ എഴുതിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ഉച്ചയൂണും വിശ്രമവും കഴിഞ്ഞ്‌ തകഴിയോടൊപ്പം ഞാനും എസ്‌.കെ.നായരും ശങ്കരമംഗലത്തുനിന്ന്‌ കൊല്ലത്ത്‌ മടങ്ങിയെത്തി. ആശ്രാമത്തെ ഗവൺമെന്റ്‌ അതിഥിമന്ദിരത്തിൽ അഷ്‌ടമുടിക്കായലിന്റെ തീരത്തെ കോട്ടേജിലായിരുന്നു തകഴിച്ചേട്ടന്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌. കൈയുടെ ചെറിയൊരു സ്വാധീനക്കുറവുകാരണം തകഴി നോവൽ പറഞ്ഞുകൊടുത്ത്‌ എഴുതിക്കുകയായിരുന്നു. ‘തേടിപ്പോവുന്നു കിട്ടുമോ?’ എന്ന നോവൽ എന്റെ സബ്‌എഡിറ്റർമാരായിരുന്ന രാജൻ പി.തൊടിയൂരും ചാത്തന്നൂർ മോഹനനും മാറിമാറിയിരുന്ന്‌ എഴുതിയെടുക്കുകയായിരുന്നു.

ഇക്കാലത്ത്‌ ഒ.വി. വിജയൻ ദില്ലിയിൽനിന്ന്‌ മലയാളനാടിന്റെ അതിഥിയായി കൊല്ലത്തെത്തി. വിജയനന്ന്‌ മലയാളനാടിൽ ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരിൽ ഒരു സ്ഥിരംപംക്തി എഴുതുന്നുണ്ടായിരുന്നു. ഞാൻ വിജയനെ ആദ്യമായി കാണുന്നത്‌ മലയാളനാടിൽവച്ചാണ്‌. മധുരവും സൗമ്യവും ദീപ്‌തവുമായിരുന്നു വിജയന്റെ സമാകർഷകവ്യക്തിത്വം. വിജയന്റെ സാമീപ്യം ഒരു ഗ്രീഷ്‌മസന്ധ്യയിലെ കുളിർതെന്നൽപോലെയാണെനിക്ക്‌ അനുഭവപ്പെട്ടത്‌. ഒരാഴ്‌ചക്കാലം വിജയൻ താമസിച്ചതും ആശ്രാമം ഗസ്‌റ്റുഹൗസിൽ തന്നെയായിരുന്നു.

ആശ്രാമം ഗസ്‌റ്റ്‌ ഹൗസിനുപിന്നിൽ തകഴിച്ചേട്ടന്റെ കോട്ടേജിനു പടിഞ്ഞാറുഭാഗത്തായി കായലിലേക്ക്‌ ഇറക്കി പണിതീർത്തിട്ടുളള ഒരു കോൺക്രീറ്റ്‌ പ്ലാറ്റ്‌ഫോമുണ്ടായിരുന്നു. അവിടെ തകഴിച്ചേട്ടന്റെ വിശ്രമവേളകളിൽ ഞങ്ങളിരുന്ന്‌ പലകാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നു. അതിലധികവും തകഴിച്ചേട്ടനോടൊപ്പമുണ്ടായിരുന്ന പഴയകാല സാഹിത്യനായകന്മാരെക്കുറിച്ചുളള അദ്ദേഹത്തിന്റെ ഓർമ്മകളായിരുന്നു. അതെനിക്കു രസകരവും വിജ്ഞാനപ്രദവുമായ അറിവുകളുടെ ഒരു ഭൂതകാലവാതായനം തുറന്നുതരലായിരുന്നുവെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌.

മൂന്നുനാല്‌ സന്ദർഭങ്ങളിൽ തകഴിച്ചേട്ടൻ നടത്തുന്ന ഗതകാലങ്ങളുടെ പുനർവായനയിൽ ഒ.വി. വിജയനും ശ്രദ്ധാവുവായ ഒരു കേഴ്‌വിക്കാരനായി ഞങ്ങളോടൊപ്പം ഇരിക്കാറുണ്ടായിരുന്നു. അന്നത്തെ ആ സദസ്സുകളിൽ തകഴിച്ചേട്ടന്റെ മുറിയിലേക്ക്‌ എസ്‌.കെ.നായരും കാക്കനാടനും വി.ബി.സി. നായരും മലയാളനാടിന്റെ ജനറൽമാനേജരായിരുന്ന കുമാരൻനായരും കൃത്യമായെത്തിക്കൊണ്ടിരുന്നു. ഒപ്പം വിജയനും. ഞങ്ങളെല്ലാം കൂടിയ ആ ആൾക്കൂട്ടത്തിനിടയിലും തന്റേതുമാത്രമായൊരു ലോകം സൃഷ്‌ടിച്ച്‌ ശാന്ത സൗമ്യ ഭാവത്തോടെ വിജയൻ ഇരിക്കാറുണ്ടായിരുന്നത്‌ ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ ആ മുഖം പരമകാരുണികനായ ശ്രീയേശുദേവനെ ഓർമ്മപ്പെടുത്തുന്നുണ്ടെന്ന്‌ എനിക്കുതോന്നി. കാൽമുട്ടിനുതാഴെ കണങ്കാലിനുമുകളിൽ എവിടെയോമാത്രം ഇറക്കമുളള മുണ്ടും മുണ്ടിന്റെ വീതിക്കരയെ തൊട്ടുകിടക്കാൻ വേണ്ടുവോളം ഇറക്കമുളള ജൂബയുമായിരുന്നു വിജയന്റെ വേഷവിധാനം!

കൊല്ലത്ത്‌ വിജയനുണ്ടായിരുന്ന ആ ഹ്രസ്വകാലഘട്ടത്തിൽ ദൃഢസൗഹൃദത്തിന്റെയും പാരസ്‌പര്യത്തിന്റെയും ഊഷ്‌മളഭാവങ്ങൾ ഞങ്ങൾക്കിടയിൽ വളർന്ന്‌ നിലംവച്ചുകഴിഞ്ഞിരുന്നു. ഞാനറിയുന്ന വിജയൻ ശുദ്ധനും നല്ലവനും ഹൃദയാലുവുമായിരുന്നു. കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌​‍്‌റ്റ്‌, പത്രപ്രവർത്തകൻ, രാഷ്‌ട്രീയനിരീക്ഷകൻ എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭയായിരുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ഒറ്റനോവൽ കൊണ്ടുതന്നെ മലയാളത്തിലെ എക്കാലത്തെയും മഹാന്മാരായ നോവലിസ്‌റ്റുകളിൽ ഒരാളായിമാറിയ ഒ.വി. വിജയന്റെ സാഹിത്യസപര്യയെക്കുറിച്ച്‌ ഞാനെന്ത്‌ എഴുതാൻ?! ശൈലിയാണ്‌ വ്യക്തി. ശൈലീവല്ലഭനായിരുന്നു ഒ.വി.വിജയൻ.

“ഒരു വാക്ക്‌ പുതിയ മനുഷ്യത്വത്തിന്റെ ഗായത്രിയാണ്‌.”

“അർത്ഥം നഷ്‌ടപ്പെട്ട വാക്കുകളുടെ ശിലാസ്‌മാരകങ്ങൾ തച്ചുടയ്‌ക്കാനാണ്‌ വാക്ക്‌ പുതിയ സ്വരവും താളവുമായി ഭൂമിയിൽ അലതല്ലുന്നത്‌.” (ഒ.വി.വിജയന്റെ കഥകൾ)

“ഒരു ഗർഭവതിയെപ്പോലെ കിടന്ന വെയില്‌.”

“പുതുമഴയുടെ സുരതാവേഗ…”

“മൃതിയുടെ മുലപ്പാലു രുചിച്ച്‌ ചില്ലകൾ പടർന്ന്‌ നിറംവച്ചു.”

“സ്‌നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ. അനന്തമായ കാലത്തിന്റെ അനാസക്തി.” (ഖസാക്കിന്റെ ഇതിഹാസം)

“ഒരു സന്ധ്യയുടെ ചതുപ്പുകളിലെവിടെയോ പൂർവ്വപാകിസ്ഥാൻ മരിച്ചുകൊണ്ടിരുന്നു. ചതുപ്പിൽ മറ്റൊരു രാഷ്‌ട്രത്തിന്റെ ഭ്രൂണം കാണെക്കാണെ കരുപ്പിടിച്ചു.” (ഗുരുസാഗരം)

പാലക്കാട്ട്‌ ഭാരതപ്പുഴയോരത്ത്‌ ഐവർമഠത്തിൽ ഒ.വി.വിജയൻ എരിഞ്ഞടങ്ങി. ആത്മാവിന്റെ തീർത്ഥാടനമെന്ന്‌ ഒന്നുണ്ടെങ്കിൽ വിജയന്റെ ആത്മാവിന്‌ അത്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ പിതാവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ താത്‌പര്യം കാട്ടാതിരുന്ന വിജയന്റെ ഏകപുത്രൻ മധുവിജയന്‌ സ്‌തുതിയായിരിക്കട്ടെ! ഗംഗയിലെ പുണ്യതീർത്ഥത്തിൽ ഭർത്താവിന്റെ ചിതാഭസ്‌മനിമഞ്ഞ്‌ജനം നിഷേധിക്കാൻ കോടതികയറിയ വിജയന്റെ സഹധർമ്മിണി തെരേസാ വിജയന്‌ കൈരളിയുടെ ഭാവുകങ്ങൾ!!

Generated from archived content: essay5_june_05.html Author: thoppil_ramachandranpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English