വെളുത്ത ജുബ്ബയും വേഷ്‌ടിയും നീണ്ടതാടി. നീണ്ട മുടി. വെളുത്ത് മെല്ലിച്ച രൂപം ചോദിച്ചു.
“കാനം ഉണ്ടോ ഇവിടെ?”
ഞാനൊന്നുകൂടി സൂക്ഷിച്ചുനോക്കി. തേറ്റവായിൽനിന്ന് നുരയും പതയും ഇറങ്ങി നീണ്ട താടിയിലാകെ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ‘ഫുൾ’ അടിച്ചിട്ട് ഛർദ്ദിച്ചപോലെ. മേൽമീശ വളർന്ന് അനുസരണയോടെ വായിലേക്ക് അതിക്രമിച്ചു കടക്കുവാൻ ശ്രമിക്കുന്നു. കണ്ടാൽ ഭക്ഷണം കഴിച്ചമട്ടില്ല. കാലുകൾ ചെറുതായി വേയ്‌ക്കുന്നുമുണ്ട്. വാച്ചിൽനോക്കി. സമയം പത്തു മണി പത്ത് മിനിറ്റ്. അത്ഭുതത്തോടെ രൂപഭാവപഠനം നടത്തുന്ന എന്നെ നോക്കി ആ രൂപം വീണ്ടും ചോദിച്ചു.
“കാനം ഉണ്ടോ ഇവിടെ?”
ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു.
“ഉണ്ട്.”
“എങ്കിൽ വിളിയ്‌ക്കൂ….” അതൊരു ശുഷ്‌കിച്ച ആജ്ഞയായിരുന്നു.
അവർ രണ്ടാളും മുഖാമുഖം ഒരു മേശയ്‌ക്കരികെ സാകൂതം ശ്രദ്ധിച്ച് അവരുടെ ഓരത്ത് ഞാനും.
“രാജേന്ദ്രാ, കുറച്ച് പണം വേണം.” മുഖവുര ഇല്ലാതെ രൂപം ആവശ്യമുണർത്തിച്ചു.
രാജേന്ദ്രന്റെ മറുചോദ്യംഃ
“എത്രവേണം?”
ഫിഫ്‌റ്റി………ഫിഫ്‌റ്റി……….“
രാജേന്ദ്രന്റെ പോക്കറ്റിൽ കയ്യിട്ട് ഉള്ള പണമെല്ലാം മേശപ്പുറത്ത് വച്ചു. പുഞ്ചിരിയോടെ ആഗതനെ നോക്കി. അയാൾ അത് എണ്ണിത്തിട്ടപ്പെടുത്തി. ബാക്കി പകുതി സ്വന്തം കീശയിലിട്ടിട്ട്, ‘പിന്നെക്കാണാം’ എന്നു പറഞ്ഞ് ആ രൂപം അപ്രത്യക്ഷമായി. അയാളെ അത്ഭുതത്തോടെ നോക്കി നിന്ന എന്നോട് കാനം രാജേന്ദ്രൻ പറഞ്ഞു.
”വിജയകുമാർ അറിയുമോ ആളെ? ജോൺ ഏബ്രാഹാം.“
ഉമിനീരുപോലുമറിക്കാതെ മിഴിച്ചുനിന്ന എനിക്കദ്ദേഹത്തെ എങ്ങനെ അറിയാൻ. ആ വാചകം വീണ്ടും വീണ്ടും ഞാനറിയാതെ ഉരുവിട്ടു-
”ഫിഫ്‌റ്റി……… ഫിഫ്‌റ്റി…………..“
Generated from archived content: story3_mar23_09.html Author: tg_vijayakumar