പിടയ്‌ക്കുന്ന വാൽ

കൊച്ചുവാൽക്കഷണമാമെന്റെ സ്വാതന്ത്ര്യചിന്ത

പാമ്പുപോൽ ഫണം വിതിർത്താടുവാനാഞ്ഞീടുമ്പോൾ

നീർക്കോലി ചിരിയ്‌ക്കുന്ന കൊച്ചു മാളത്തിൽ വേട-

നോടിച്ച മുയൽ അഭയാർത്ഥിയായണഞ്ഞതും

ഫലിതം കേട്ടും കണ്ടുമെന്തിനോ കരച്ചിലി-

ന്നുളളിലൂടല്‌പം ചുണ്ടുകോട്ടിയ ചിരികോർത്തും

അറ്റുപോയതാം വാലു ചലിയ്‌ക്കാതേതോകുണ്ടി-

ലൊളിച്ചു കിടന്നേറെത്തപിച്ചു പുകഞ്ഞതും

സത്യമാണറിയുന്നു-‘വാനരന്മാർക്കു വാൽമേൽ

ശൗര്യമെന്നതാം സത്യം…’

പിടയ്‌ക്കാ വാലിൻ ഗതികേടിനെപ്പഴിചാരി

ചിരിച്ചുകുഴഞ്ഞുളളിലാത്മഗൗരവം കൊന്നും

പല്ലിയെത്തിരയുന്ന കണ്ണുകൾ കഴയ്‌ക്കുമ്പോ-

ഴെന്തിനോ പിടയ്‌ക്കുന്ന വാലിനെ സ്വപ്‌നം കണ്ടും

വാലുപോയൊരു പല്ലിയിരിപ്പൂ മച്ചിൻ താഴെ-

യമർന്നുത്തരം താങ്ങുമാനന്ദബോധം പേറി

എന്തു സ്വാതന്ത്ര്യം… വാലുപോയൊരു പല്ലിക്കുഞ്ഞി-

ന്നെന്തു സാന്ത്വനം..? ചിന്താഭാരത്താൽ കുഴയവേ

ജഢബോധവും… വീണുപോയതാം വാലും

നമ്മിലുണർത്തുന്നതും മിഥ്യാസങ്കല്പഭ്രമങ്ങളെ.

Generated from archived content: sept_poem38.html Author: t_girija

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here