റാഗിംഗ്‌ അവസാനിക്കുകയാണ്‌

‘ഇന്നത്തെ റാഗിംഗ്‌ വിശേഷങ്ങൾ!’ ഇങ്ങനെപോയാൽ വാർത്താചാനലുകളിൽ ഇങ്ങനെയും ഒരു പംക്തി വേണ്ടിവരും! റാഗിംഗ്‌ എന്ന കല കലാലയങ്ങളിൽ അവതരിപ്പിക്കാൻ തുടങ്ങിയത്‌ ഇന്നും ഇന്നലെയുമല്ല.

സമൂഹത്തിന്റെ ഭീരുത്വവും മൃഗമനസ്സും പരിഷ്‌കാരത്തിനൊത്ത്‌ പ്രകടമാകുന്നു എന്നതിനുത്തമ ദൃഷ്‌ടാന്തമാണ്‌ റാഗിംഗ്‌. കിരാതജീനുകൾ നമ്മുടെ കോശങ്ങളിൽ മുദ്രിതമാണ്‌. മനുഷ്യന്റെയുളളിൽ എന്നും ഒരു കരടിയും കടുവയുമുണ്ടായിരുന്നു. ഇരയുടെ വേദനകണ്ട്‌ അട്ടഹസിക്കുന്ന ഒരു വേട്ടക്കാരൻ. പരിഷ്‌കാരിയായ ആധുനികമനുഷ്യൻ അത്‌ ഒളിക്കാൻ ശ്രമിക്കുന്നുവെന്നേയുളളു. വേഷം മാറുന്നതുകൊണ്ട്‌ ചെന്നായ എങ്ങനെ ആട്ടിൻകുട്ടിയാവും? അന്യദുഃഖത്തിൽ സന്തോഷിക്കുന്ന വ്യാഘ്രമനസ്സുകൾ മണമുളള പൗഡറും നിറമുളള ഉടുപ്പുമിട്ട്‌ എത്രനാൾ മറയ്‌ക്കാൻ കഴിയും?

നോക്കൂ! മണ്ണിന്റെയും മരങ്ങളുടെയും മണമുളള കുഞ്ഞുങ്ങൾക്ക്‌ എങ്ങനെ മറ്റുളളവരെ നോവിക്കാൻ കഴിയും? കാട്ടുപക്ഷിയുടെ കണ്ണും കാട്ടുപൂവിന്റെ കരളും പിഴുതെടുക്കാൻ കഴിയും? പെട്രോളിന്റെയും പുകയിലയുടെയും ഗന്ധമുളള ചിക്കൻസൂപ്പു കുഞ്ഞുങ്ങൾക്ക്‌ സഹജീവിയുടെ വേദനയറിയാൻ എങ്ങനെ കഴിയും? കാച്ചിലിന്റെയും കാന്താരിമുളകിന്റെയും നിസർഗ്ഗ പോഷകങ്ങൾ കൊണ്ട്‌ നിസ്വരരായ കുട്ടികൾക്ക്‌ എങ്ങനെയാണ്‌ സ്‌റ്റിറോയിഡ്‌ പേശികളും സിലിക്കൺ മുലകളുമുളള ഇന്ത്യൻ സായ്‌വുമാരോടും മദാമ്മമാരോടും ഒറ്റയ്‌ക്കു പോരടിക്കാൻ കഴിയുക?

സഭാകമ്പം മാറ്റുക, വ്യക്തിത്വം വികസിപ്പിക്കുക തുടങ്ങി ആർക്കും ബോധ്യപ്പെടാത്ത മണ്ടൻ ന്യായീകരണങ്ങളുമായി, ഒരുവർഷം താമസിച്ചു വന്നുപോയി എന്ന കുറ്റത്തിന്‌ സഹജീവികളോട്‌ ഭീകരത കാട്ടാൻ ഈ സാഡിസ്‌റ്റുകൾ തുനിയുമ്പോൾ അരുത്‌ എന്ന്‌ പറയാൻ ആരുണ്ട്‌? ഭീരുത്വമോ ‘വോയറിസം’ എന്ന മാനസിക വൈകല്യമോ കൊണ്ട്‌ ഇതിനെ നിശ്ശബ്‌ദമായി പ്രോത്സാഹിപ്പിക്കുന്ന ഗുരുജനപ്രതാപികൾക്ക്‌ ഒരു തീക്ഷ്‌ണനോട്ടം കൊണ്ട്‌ അവസാനിപ്പിക്കാവുന്ന കാര്യമാണ്‌ റാഗിംഗ്‌.

‘സാർ’ ചമഞ്ഞു നടന്നാൽ പോരാ, ചോരയിൽ വീറുണ്ടാകണം. തെമ്മാടിത്തരം കാണിക്കുന്നവരുടെ കരണത്തടിക്കാനുളള കൈക്കരുത്തുണ്ടെങ്കിൽ ഒരു റാഗിംഗും നടക്കില്ല സാറേ! ജൂനിയർ കുട്ടികളെ മനുഷ്യരായി കാണാനുളള മനസ്സു വേണം പൊന്നുസാറന്മാരേ!

അമർത്തപ്പെട്ട കാമവും, ജന്മനായുളള കുറ്റവാസനയും, സാഡിസ്‌റ്റുമനസ്സും, ആത്മവിശ്വാസക്കുറവും, പണവും സ്വാധീനവും ഉപയോഗിച്ച്‌ കേസുകൾ ഒതുക്കാൻ കഴിവുളള ‘സ്വന്തം’ തന്തമാരുമാണ്‌ റാഗിംഗിന്റെ പ്രധാന കാരണം. അധ്യാപകരുടെ ക്രൂരമായ നിസ്സംഗതയും ഇതിന്‌ വളംവയ്‌ക്കുന്നു. റാഗുചെയ്യുന്നവരുടെ ‘ഇന്റേണൽ മാർക്ക്‌’ കുറയ്‌ക്കുമെന്നൊരു ചെറിയ ഭീഷണി മതി ഇതു നിർത്താൻ.

റാഗിംഗ്‌ നടത്തുന്നവരിൽ മിക്കവരും ലൈംഗിക കുറ്റവാളികൾ ആണെന്നു കാണാം. ‘പെർവെർഷൻ’ എന്ന ലൈംഗിക വ്യതിയാനമാണ്‌ ഇവരിൽ പലർക്കുമുളളത്‌. തന്റെ ലൈംഗികഭാവനകൾ സാക്ഷാത്‌കരിക്കാനുളള ഇടമായാണ്‌ ഈ ഇരകളെ ഇവർ ഉപയോഗിക്കുന്നത്‌.

കൂടുതൽ പറയുന്നില്ല. റാഗിംഗിന്റെ ചരിത്രപുസ്‌തകം വായിക്കുന്നില്ല. സർക്കാർ നിയമങ്ങൾ നല്ലതുതന്നെ. ബോധവത്‌കരണവും കൊളളാം. കാവൽസഭകളും ആവശ്യംതന്നെ. പക്ഷെ അതിനൊക്കെ ഉപരിയായി വേണ്ടത്‌ ജൂനിയർ എന്ന്‌ പറയപ്പെടുന്ന കുട്ടികളുടെ നട്ടെല്ലാണ്‌, കൈക്കരുത്താണ്‌, സംഘടിതശക്തിയാണ്‌. റാഗിംഗ്‌ നടത്തുന്നവരെ സംഘടിതമായി തല്ലിച്ചതയ്‌ക്കാൻ തന്റേടമുളള ഒരു ജൂനിയർ കൂട്ടായ്‌മ ഉണ്ടാകുന്നതുവരെ, എല്ലാ സുരക്ഷാക്രമീകരണങ്ങൾക്കും അതീതമായി റാഗിംഗ്‌ റാകിപ്പറക്കും.

ഈ കൂട്ടായ്‌മയിൽ ധീരാത്മാക്കളായ അധ്യാപകർ, പുരോഗമന വിദ്യാർത്ഥി സംഘടനകൾ, ജൂനിയർ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, പ്രതികരണശേഷിയുളള നാട്ടുകാർ, പോലീസുകാർ എന്നിവർക്കൊക്കെ പങ്കെടുക്കാം.

അടികിട്ടുമെന്നും, താനും പരസ്യമായി നഗ്നനാക്കപ്പെടുമെന്നും ഭയമുളള ഒരു സീനിയർ വീരനും അവന്റെ സീനിയർ വീര്യം സ്‌ഖലിക്കാൻ അനുവദിക്കില്ല. പല്ലിനു പല്ലുതന്നെയാണ്‌ പ്രതിവിധി.

Generated from archived content: essay4_jan13_06.html Author: surendran_chunakara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English