സേതുവിന്റെ ‘അടയാളങ്ങൾ’

വായന ഏറ്റവും തൃപ്‌തികരമാവുന്നത്‌ വായിക്കണമെന്ന്‌ ആഗ്രഹമുളളത്‌ എഴുത്തുകാരൻ വച്ചുനീട്ടുമ്പോഴാണ്‌. ഇന്നതു വായിച്ചാലേ നിങ്ങൾ നന്നാവൂ, ബുദ്ധി വികസിക്കൂ, പുരോഗമനാവാദിയാവൂ എന്നൊക്കെയുളള പല പരോക്ഷസമ്മർദ്ദങ്ങൾ സമൂഹം നിരന്തരം വായനക്കാരിൽ ചെലുത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒരാൾ വായനയ്‌ക്ക്‌ അടിമപ്പെടുന്നത്‌ സ്വന്തമായ വായനാ ഇഷ്‌ടാനിഷ്‌ടങ്ങള ഉണ്ടെങ്കിൽ മാത്രമാണ്‌. ഒരു മാധ്യമത്തിന്റെയും പൂർണ്ണമായ സ്വാധീനത്തിനടിമപ്പെടാതെ, ഏതു പണ്ഡിതമതത്തിന്റെയും കടുംപിടുത്തത്തിൽനിന്നും കുതറിമാറി ഒറ്റയ്‌ക്കുനില്‌ക്കുന്ന ഒരു വായനാഭിരുചി യഥാർത്ഥ വായനക്കാരനുണ്ട്‌. അത്‌ അവന്റെ മാത്രം സ്വകാര്യസുഖമാണുതാനും.

മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചുവരുന്ന ‘അടയാളങ്ങൾ’ എന്ന സേതുവിന്റെ നോവൽ എന്റെ സ്വന്തമായ വായനാ ഇഷ്‌ടത്തെ പൂർണ്ണമായി ഉൾക്കൊളളുന്നു. ആധുനികമായ സ്‌ത്രീചിന്തയെ, സാധാരണക്കാരന്റെ സംസാരഭാഷയിൽ, ഇന്നത്തെ ഓരോ സ്‌ത്രീയും അനുഭവിക്കുന്ന സമസ്യകളിൽ സത്യസന്ധമായി കുരുക്കിയിടുന്ന സേതുവിന്റെ ചില വാചകങ്ങൾ ‘ഇഷ്‌ടം ഇഷ്‌ടം എനിക്കിഷ്‌ടം’ എന്നു നൂറുവട്ടം ആവർത്തിച്ചുകൊണ്ടാണ്‌ വായിച്ചുപോരുന്നത്‌. “ഇങ്ങനെ മുടിയുംവെട്ടി ഈ കോലംകെട്ട വേഷവുമൊക്കെ അണിഞ്ഞുനടക്കുന്നുണ്ടെങ്കിലും, ചിലപ്പോഴൊക്കെ ആണുങ്ങളേക്കാൾ മോശമായി പെരുമാറുന്നുണ്ടെങ്കിലും, ഉളളിന്റെയുളളിൽ ഒരു സ്‌ത്രീയാണെന്നതിൽ ഏറെ അഭിമാനിക്കുന്നവളാണ്‌ ഞാൻ. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ്‌ സ്‌ത്രീത്വം. പക്ഷെ അതു പൂർണ്ണമാവണമെങ്കിൽ ഒരു ആണിന്റെ മനസ്സും ശരീരവും കൂടാതെ വയ്യ. എന്റെ സ്‌ത്രീത്വം ഇഷ്‌ടപ്പെട്ട ആണിനോടൊപ്പം പൂർണ്ണമായും ആഘോഷിക്കേണ്ട ഒന്നാണെന്ന്‌ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. പിന്നെ മനുഷ്യജന്മത്തിലെ ഏറ്റവും മഹനീയമായ അവസ്ഥയാണ്‌ മാതൃത്വം. അതുകൊണ്ട്‌ എനിക്കൊരു അമ്മയാകാതെവയ്യ. അത്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ആണിൽനിന്ന്‌ കിട്ടുകയും വേണം.”

എപ്പോഴൊക്കെയോ എഴുതണമെന്ന്‌ തോന്നുകയും വാക്കുകൾ വഴങ്ങിത്തരാതെ പോയതുകൊണ്ട്‌ കഴിയാതെ പോയതുമായ എന്റെയുളളിലെ വാചകങ്ങളാണിവയെന്നു തോന്നിപ്പോവുന്നു. എന്റെ സ്വന്തമെന്നപോലെ ഞാനിവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌.

സ്‌ത്രീപുരുഷബന്ധത്തിലെ സമത്വം കാഴ്‌ചയിലോ പ്രവൃത്തിയിലോ അധികാരവിനിയോഗത്തിലോ അല്ല ഉണ്ടാവേണ്ടത്‌, പരസ്‌പരമുളള ആശയവിനിമയത്തിന്റെ പരിപൂർണ്ണതയിലാണ്‌ എന്നിവിടെ വീണ്ടും അടയാളപ്പെടുത്തുന്നു സേതു. ഓരോ ലക്കത്തിലും ഇത്തരം ആശയങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. “ഒരച്ഛന്റെ ചുണ്ടുവിരലിൽ തൂങ്ങാതെയുളള ഒരു പെൺകുട്ടിയുടെ വളർച്ച എപ്പോഴും അപൂർണ്ണമായിരിക്കും. കൗമാരത്തിന്റെ ഒടുവിൽ, പുരുഷനെന്ന സങ്കല്പത്തെപ്പറ്റി അല്‌പം തിരിച്ചറിവ്‌ സാധ്യമായപ്പോൾ ഒരു ഇത്തിരി അച്‌ഛനുവേണ്ടി ഞാൻ എത്രയോ കൊതിച്ചിരുന്നെന്നോ?” “എന്തൊക്കെയായാലും ഒരച്ഛന്റെ സ്ഥാനത്ത്‌ അച്ഛൻതന്നെവേണം ഒരു പെൺകുട്ടിക്ക്‌. ഒരു പത്തമ്മ ചമഞ്ഞാലും ഒരച്ഛൻ കൊടുക്കുന്ന സുരക്ഷിതത്വം കൊടുക്കാനാവില്ലല്ലോ.”

വളർന്നുവരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അമ്മയാണെല്ലാം, അമ്മയ്‌ക്ക്‌ പൂരിപ്പിക്കാനാവാത്തതായി യാതൊന്നുമില്ല എന്നൊക്കെ കരുതിയിരുന്ന തനിക്ക്‌ കിട്ടിയ പുതിയ അറിവുകളായി ‘അടയാളങ്ങളി’ലെ കേന്ദ്ര സ്‌ത്രീകഥാപാത്രം അയവിറക്കുന്ന ഈ വാചകങ്ങൾ, കുടുംബബന്ധങ്ങൾ തകർന്നുമറയുന്ന ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ ഭാര്യാഭർതൃ സമവാക്യങ്ങളെക്കുറിച്ചുളള തുറന്ന സംവാദങ്ങളിലേക്കു നയിക്കേണ്ടതാണ്‌; പ്രത്യേകിച്ചും വളർന്നുവരുന്ന പെൺകുട്ടികൾക്ക്‌ നാം നൽകേണ്ടത്‌ സുരക്ഷിതത്വം ആണെന്നുളള ഭയാനകമായ സാമൂഹ്യസാഹചര്യത്തിൽ.

Generated from archived content: essay7_june_05.html Author: sulochana_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English